###########################
ടാറിട്ട റോഡിനെ
മടക്കി, മടക്കിയെടുക്കാറുണ്ട്!
അതിനടിയിലെ
മണ്ണിൽ പുതഞ്ഞു പോയ
ശ്വാസമിടിപ്പുകളെ
എണ്ണിപ്പരതാറുണ്ട്…
പച്ചജീവനുമേൽ
ഓർക്കാപ്പുറത്ത്
നിരത്തപ്പെട്ട പാറക്കഷണങ്ങളുടെ
ഒച്ചയിൽ നിശ്ശബ്ദമായ നിലവിളികൾ!
നിരപ്പാക്കാൻ
കയറിയിറങ്ങിയ വണ്ടിച്ചക്രങ്ങളുടെ
ലോഹത്തിളക്കത്തിൽ
മ(മു)ങ്ങിപ്പോയ
ചതഞ്ഞ ജീവകോശങ്ങൾ.
മൺവഴിയിലെ നിലവിളികൾ,
ജഡശരീരങ്ങൾ…
സർവ്വതിലും വെള്ളം നനച്ച്,
തൊട്ടുതലോടി,
ബാക്കിയുള്ളത് പരതിയങ്ങിനെ…
നിങ്ങൾ പാഞ്ഞു പോകുന്ന
റോഡുകൾ!
എൻ്റെ കൈവിരലുകൾ, കണ്ണുകൾ…
ടാറിട്ട റോഡിനെ
മടക്കി, മടക്കിയെടുക്കാറുണ്ട്!
ഒറ്റയാവാതിരിക്കാൻ,
ഒറ്റയ്‌ക്കാവാതിരിക്കാൻ,
ഞാനിങ്ങനെയെത്ര റോഡുകൾ
മടക്കി, മടക്കി
വെക്കാറുണ്ടെന്നോ?
About The Author
No related posts.