വസന്തം – ജയകുമാർ കോന്നി

Facebook
Twitter
WhatsApp
Email

 

സഖീ,വസന്തമേ നീയണയും
സമ്മോഹനനിമിഷംപാർത്തിരിപ്പൂ.
സുസ്മിതം പൊഴിയും നിന്നാനന ,
സൗഭഗം നുകരാൻ കൊതിച്ചിരിപ്പൂ.

സൂര്യാംശു പോലങ്ങു ദൂരെത്തെളിയും,
സുപർണ്ണ ജാലനീരന്ധ്രത്തിലൂടെ,
സഖീ,തവ മുഖശ്രീ ദർശിക്കവേ,
സാനന്ദം വിടരുകയായെൻഹൃദ് പത്മം. .

സവിധത്തിലണഞ്ഞു ചാരത്തിരിക്കവേ,
സരസിജദല ചാരുതയാർന്ന നിൻ,
സുറുമക്കണ്ണിൽ കണ്ടു ഞാനെന്നെ.

സന്ധ്യാരാഗകാന്തി പടരും നിൻ
സുന്ദരകപോലമെന്തേ നനയുന്നു,
സുപ്രഭാതത്തിൻ ഹിമബിന്ദുക്കളാൽ.

സാദരം നിന്നുള്ളിൽത്തുടിക്കുമാ,
സ്നേഹപരാഗരേണുക്കളെൻ,
സഞ്ജീവനിയായി നിത്യം പകർന്നീടുക.

സതതം നിന്നിലഭിരമിക്കും വേളകൾ,
സായൂജ്യാമൃത സ്നാനാംഗിതൻ .

സാഗര ചേലാഞ്ചലം കാറ്റിലുലഞ്ഞ്,
സപ്തരാഗസംഗീത നിർഝരിയായി,
സിരകളെ തരളിതമാക്കും വസന്തമേ,
സഖീ,പിരിയരുതേ,യകലരുതേ!

 

About The Author

Leave a Reply

Your email address will not be published. Required fields are marked *