കവിത കുറിക്കുമ്പോൾ – സന്ധ്യ

Facebook
Twitter
WhatsApp
Email

കവിത കുറിക്കുമ്പോൾ
വിരലറ്റങ്ങൾ പച്ചില
വള്ളികളായി പടർന്ന്
പൂവിടർത്തുന്നത്
പോലെയാണ്.

പ്രണയഭാജനങ്ങളാ പൂവടർത്തി വരണമാല്യം കോർത്തു കൊൾക.
ഇലച്ചീന്തിൽ ഇഷ്ടദേവന്
കാണിക്ക വെച്ചു കൊൾക.
അത്രമേൽ വിശുദ്ധമാണവ.

കവിത പിറക്കുന്നത് ആത്മാവിൻ്റെ അന്തർദാഹങ്ങളാലാണ്.

യുഗങ്ങളായി കൂട്ടിലടച്ചൊരു
പക്ഷിയെ ആകാശത്തിലേക്ക്
തുറന്നു വിടും പോലെയാണത്.

പോയ ജന്മങ്ങളിൽ അനേകം
ദേഹങ്ങളിൽ കുടിയേറിയ
ദേഹി,കൂട് വിട്ടകലും പോലെ,
അനാദിയിൽ ലയിക്കുന്നത്
പോലെ ഒരനുഭവമാണത്.

പുലർ സ്വപ്നത്തിൽ മാലാഖമാർ സമ്മാനിച്ച മായിക ലോകത്തിൻ്റെ താക്കോലാണ് കവിയുടെ തൂലിക.

മുളം തണ്ടിലിളം തെന്നൽ
മൂളുന്ന ഭൈരവിയാണത്.

അകലെ ആകാശങ്ങളിൽ
അലയുമാ മേഘനീലങ്ങളെ
അലസമാരോ ധ്യാനിച്ച നേരം,
അറിയാതെ പെയ്തു പോകും
അതിസാന്ദ്രബിന്ദുവാകാമത്.

എഴുതി തീർത്ത കവിതയുടെ
മേഘമൽഹാർ ഏതെരിവേനലിലും
കരളിനെ കുളിരണിയിക്കും.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *