കനകനളിനം – ഡോ: ജയദേവൻ

Facebook
Twitter
WhatsApp
Email

കവിത – കനകനളിനം

ഇമകളിതുവരെയുമൊരുമാത്രചിമ്മാതേറെ
ആമോദമോടെന്നുമാഴിവിട്ടെത്തുവോൻ,
അമൃതമയകിരണമവനിക്കു നല്കീടുവാൻ
തൂമയോടാകാശമദ്ധ്യേയുദിക്കണം..

തളയണിയുമരുണനകതാരിലെ സ്നേഹമോ-
ടാളിത്തുടിച്ചഗ്നിശോഭയോടെത്തുവാൻ,
കളമൃദുലലയലളിതഗാനങ്ങളാലില-
ത്താളത്തിലാലപിച്ചീടുന്നു പക്ഷികൾ..

പലഗ്രഹവുമിരുളിലൊളി തൂകുമെന്നാകിലും
ആലംബമാകാനെരിഞ്ഞിടും നിന്നുടെ,
വില ചിലരിലറിയുവതിനല്പനേരം മിഴി
കാലത്തടച്ചാലൊടുങ്ങും സമസ്തവും..

ഉയരെയൊരു കനകനളിനം പൂത്തപോൽ ശുഭ-
സായാഹ്നമോളമാശംസകൾ നേർന്നു നീ,
പയണമനുദിനവുമലനെയ്തുകൊണ്ടാകണം
ചായങ്ങളെല്ലാം ധരിത്രി പൂശീടുവാൻ..

ചരമഗതി പടികയറിവന്നിടാതൂഴിയെ
പാരമ്യദർശനംനല്കി തുണച്ചു നീ,
തിരുഗഗനസഭയിലുഡുരാജനായ് വാഴുവാൻ
ആരാധ്യനാം നിനക്കായുസ്സേറീടണം…

ശുഭദിനം🍃🌺ഡോ: ജയദേവൻ

About The Author

Leave a Reply

Your email address will not be published. Required fields are marked *