മനുഷ്യൻ – ഷാഫി മുഹമ്മദ്‌ റാവുത്തർ

Facebook
Twitter
WhatsApp
Email

■■■■■■■■■■■

ചോരവറ്റാത്ത നേത്രത്തിനക്കരെ
പാരമുള്ളോരു ഹൃത്തടം നിശ്ചയം

നേരുതോരാതെ പെയ്യുന്ന കാലമേ
ചാരെയെത്തിടും വാഴ്‌വിൻ്റെ വഞ്ചികൾ

തേരുരുണ്ടു വരുന്നുണ്ടു കേട്ടുവോ
കാരിരുമ്പിട്ട ലാടപ്രതിദ്ധ്വനി

വീര്യമേറെയാണാരവം നെഞ്ചിലായ്
താരമായിരം പൂക്കുന്നൊരംബരം

സാരമേയ*ങ്ങൾ വിഭ്രമിച്ചാലുമീ
കോരക*ങ്ങൾ വിരിഞ്ഞിടാതൊക്കുമോ

തീരമേറിടും തീത്തിരമാലകൾ
പോരടിച്ചിടും ചോരാത്തവീറുമായ്

കൂരിരുട്ടിൻ പ്രവാചകർ തന്നുടെ
വേരറുക്കുവാനായും കഠാരകൾ

വാരിയെല്ലിൻ സുരക്ഷയിൽ സ്പന്ദിക്കു-
മാരിലും ചിതൽ തിന്നുന്ന ഹൃത്തടം

കാര്യമെന്തെടോ ആനനത്തിൽ ചിരി
ചാരിയിട്ടൊരു വാതായനങ്ങളിൽ

മാരിവിത്തുകളേറ്റം നിറഞ്ഞതാം
ഘോരകാനനം പോലെ മനോതലം

ദൂരെയാണലിവിട്ടോരു സാന്ത്വനം
പാരിടത്തിലും പേയ്ദുര നാട്ടുവോർ

തീരണം ഒട്ടു നേരം പുലർത്താതെ
ക്രൗര്യശാസ്ത്രം എരിച്ചടക്കീടണം

മീര പാടുന്ന പ്രേമസൂക്തം പോലെ
ശൗര്യസൂതർ*തൻ ആർദ്രചിത്തം പോലെ

പേരിനപ്പുറം വേരാഴ്ത്തി വാഴണം
നേരിടങ്ങൾക്കു തേരാളിയാവണം

■ഷാഫിക്കവിതകൾ

*
സാരമേയം = പട്ടി
കോരകം = പുഷ്പം
ശൗര്യസൂതർ = സൂതരിലെ ശൂരൻ (കർണ്ണൻ)

About The Author

Leave a Reply

Your email address will not be published. Required fields are marked *