കാലാന്തരങ്ങള്‍ (നോവല്‍) അദ്ധ്യായം 5 – കാരൂര്‍ സോമന്‍

Facebook
Twitter
WhatsApp
Email

അധ്യായം-5

അടുപ്പങ്ങള്‍

ഡോക്റ്റര്‍ ജോര്‍ജ് കുര്യന്‍റെ കാബിനിലിരിക്കുമ്പോള്‍ കണക്കുക്കൂട്ടലുകളുടെ വിജയ സാധ്യതകള്‍ മോഹന്‍റെ മനസില്‍ തലങ്ങുംവിലങ്ങും പായുകയായിരുന്നു. എല്ലാം കരുതിയതു പോലെ നടക്കുന്നുണ്ട്. എങ്കിലും ചില ആശങ്കകള്‍ ഇല്ലാതില്ല. ഡോക്യൂമെന്‍റുകളെല്ലാം കരുതിയിരുന്നതിനേക്കാളേറെ കൃത്യമായി തയാറാക്കിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് അമേരിക്കയില്‍ എത്തിയയുടന്‍ ആദ്യം ചെയ്തത് ബിന്ദുവിന്‍റെ പേരില്‍ കനത്ത തുകയ്ക്കുള്ള ഇന്‍ഷുറന്‍സ് പോളിസി എടുക്കുകയായിരുന്നു. മെഡിക്കല്‍ ചെക്കപ്പുകളെല്ലാം ഇന്‍ഷുറന്‍സ് കമ്പനിയുടെ ഡോക്റ്റര്‍ കൂടിയായ ജോര്‍ജായിരുന്നു ചെയ്തത്. മുന്‍കൂട്ടി തയാറാക്കിയതുപോലെ അവള്‍ക്ക് അസുഖങ്ങളൊന്നുമില്ലെന്നു റിപ്പോര്‍ട്ട് ചെയ്തു. പിന്നെ കൃത്യം ഒരു വര്‍ഷത്തിനു ശേഷം രോഗവിവരങ്ങളുമായി അമേരിക്കയിലെ ആശുപത്രിയില്‍ ചികിത്സയ്ക്കായെത്തി. അതു വരെ മരുന്നുകളെല്ലാം ഇന്ത്യയില്‍നിന്നും ആരുമറിയാതെ വരുത്തി. എല്ലാത്തിനും കൂട്ടുനിന്നത് ഡോക്റ്റര്‍ ജോര്‍ജ് തന്നെ. ഇങ്ങനെ ഒരു ബുദ്ധി ഉപദേശിച്ചു തന്നതും അയാള്‍തന്നെ. പിന്നെ കൃത്യമായി കിട്ടിയ ഇര പോലെ ബിന്ദു നാട്ടില്‍ കാത്തുകിടന്നിരുന്നു. കിട്ടുന്ന പണത്തിന്‍റെ ചികിത്സയ്ക്കുള്ള പണം മുഴുവന്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കും. ബിന്ദുവിന്‍റെ ജീവന് അപകടമുണ്ടായാല്‍ കിട്ടുന്ന വന്‍തുക വേറെയും.

പക്ഷെ…. എവിടെയെങ്കിലും പിഴച്ചാല്‍. കളവുകള്‍ പിടിക്കപ്പെട്ടാല്‍. ഇത് അമേരിക്കയാണ്. ഒരു നൂലിഴയുടെ പിഴവുപറ്റിയാല്‍ മതി എല്ലാം കണ്ടുപിടിക്കപ്പെടും. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കൊക്കെ രഹസ്യന്വേഷണ ഉദ്യോഗസ്ഥരുള്ളതാണ്. മോഹന്‍റെ മനസില്‍ ഭയത്തിന്‍റെ ചരടുപൊട്ടി.

മോഹന്‍റെ ഇരിപ്പുകണ്ടപ്പോള്‍ ഡോക്റ്റര്‍ ജോര്‍ജ് കുര്യനു ചിരിയാണ് വന്നത്.

-മോഹന്‍, നിങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ല… ഇതുപോലെ എത്രയോ കേസുകള്‍ ഞാന്‍ കൈകാര്യം ചെയ്തിരിക്കുന്നു. നമ്മള്‍ കണക്കുകൂട്ടിയതുപോലെ കാര്യങ്ങള്‍ നടന്നേ തീരൂ.. അത്രയും കണിശമായാണ് ഞാന്‍ ഇത് തയാറാക്കിയിരിക്കുന്നത്. ഒരു കാര്യത്തില്‍ മാത്രമെ പ്രശ്നമുള്ളു. ഓപ്പറേഷന്‍ തീയറ്ററില്‍ ഞാനുണ്ടാവില്ല. മറ്റു ഡോക്റ്റര്‍മാര്‍ അവളുടെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും നോക്കും. രക്ഷപ്പെടാന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ നിങ്ങളുടെ ഭാര്യയുടെ ഭാഗ്യം…. പക്ഷെ അത് നിങ്ങളുടെ നഷ്ടമാകും… എന്‍റെയും… അതുകൊണ്ട് അവള്‍ മരിക്കാന്‍ പ്രാര്‍ഥിക്കൂ… – ഡോക്റ്റര്‍ പറഞ്ഞു നിര്‍ത്തി.

ഇതു ലഭിച്ചില്ലെങ്കില്‍ തന്‍റെ കാര്യം കഷ്ടത്തിലാകുമെന്നു മോഹനു നല്ല നിശ്ചയമുണ്ട്. ഒരു പാടുപ്രതീക്ഷകള്‍ ബിന്ദുവിനെ വിവാഹം കഴിക്കുമ്പോള്‍ മോഹന് ഉണ്ടായിരുന്നു. എങ്കിലും അവിടെയും അയാള്‍ക്കു തെറ്റുപറ്റി. കണക്കറ്റതെല്ലെങ്കിലും സാമാന്യം ഭേദപ്പെട്ട സമ്പാദ്യം ബിന്ദുവിന്‍റെ അച്ഛനുണ്ടായിരുന്നു. എല്ലാം മകള്‍ക്കായി കരുതിവച്ചിരുന്നത്. ആ കണക്കുക്കൂട്ടലും ബിന്ദുവിനെ തേടിപ്പോകുമ്പോള്‍ മോഹന്‍ കുറിച്ചിട്ടിരുന്നു. എന്നാല്‍ മകളുടെ ദുരന്തമറിഞ്ഞ് എല്ലാം തറവാട്ടമ്പലത്തിന് എഴുതിവയ്ക്കുകയായിരുന്നു. എന്നാല്‍ ബിന്ദുവിന്‍റെ കാലം കഴിഞ്ഞേ അത് കൈമാറ്റത്തിനു സാധ്യമാവൂ. പരാശക്തിയുടെ കൃപയാല്‍ മകളുടെ അസുഖത്തിനു കുറവുവന്ന് അവള്‍ക്ക് മക്കളുണ്ടായാല്‍ അവര്‍ക്കു തന്‍റെ സ്വത്തുക്കള്‍ വന്നു ചേരണമെന്നും അയാള്‍ ആഗ്രഹിച്ചിരുന്നു. അതും വില്‍പത്രത്തില്‍ രേഖപ്പെടുത്തിയിരുന്നു.

വിവാഹത്തിനു ശേഷമായിരുന്നു മോഹന്‍ ഇതൊക്കെ അറിയുന്നത്. പെരുത്തുവന്ന നിരാശ കോപമാകാതെ അടക്കി നിര്‍ത്തിയത് തനിക്കിനിയും സമയമുണ്ട് എന്നറിഞ്ഞുകൊണ്ടുതന്നെയാണ്. അവളുടെ മനസിന്‍റെ ആഴങ്ങളില്‍ ഒടുങ്ങിക്കിടന്ന ഒരു മോഹം. ഒരു അമ്മയാകണമെന്ന കൊതി. അത് മോഹന്‍ ഊതിക്കത്തിക്കുകയായിരുന്നു. വെറുതെയെന്തിനു അവളുടെ സ്വത്ത് കൈമറിഞ്ഞു പോകണം. ഡോക്റ്റര്‍മാര്‍ പലതവണ നിരുത്സാഹപ്പെടുത്തിയിട്ടും അവളുടെ വാശി എന്ന മട്ടില്‍ ആനന്ദ് ജനിച്ചു.

മോഹന്‍- ഡോക്റ്റര്‍ വിളിച്ചു.

അയാള്‍ ചിന്തയില്‍നിന്നുണര്‍ന്നു. ഇനിയെല്ലാം വരുന്നിടത്ത് വച്ചുകാണാം. ഇതിനെയൊന്നും ആഗ്രഹങ്ങളായല്ല മോഹന്‍ കാണുന്നത്. ആവശ്യങ്ങളായിത്തന്നെയാണ്. അതിനു സ്വീകരിക്കുന്ന ഒരു വഴികളും അയാളെ സംബന്ധിച്ച് പിഴകളല്ല. ബിന്ദുവും, ആനന്ദും, സോഫിയയുമടക്കം എല്ലാവരും തന്‍റെ ആവശ്യങ്ങള്‍ നേടുന്നതിനുള്ള ഇടനിലങ്ങള്‍മാത്രം. വേദനയോ, നിരാശയോ ഒന്നും ആരുടേയും കാര്യത്തില്‍ അയാള്‍ക്കില്ല.

വരൂ മോഹന്‍, നമുക്ക് റൂമിലേക്കു പോകാം- ഡോക്റ്റര്‍ പറഞ്ഞു.

ബിന്ദുവിന്‍റെ മുറിയുടെ വാതില്‍ തുറന്ന മോഹന്‍ അവിശ്വസനീയമായ കാഴ്ചയാണ് കണ്ടത്. തോന്നിയത്. സോഫിയയുടെ മടിയില്‍ കിടന്ന് തേങ്ങിക്കരയുന്ന ബിന്ദു. ഒരിക്കലും താന്‍ ആഗ്രഹിക്കാത്ത അടുപ്പം ഇരുവരിലും ഉണര്‍ന്നതെങ്ങിനെയെന്നു അയാള്‍ ആകുലപ്പെട്ടു. ആശുപത്രിയിലേക്കു വരാം എന്നു പറഞ്ഞപ്പോള്‍ സോഫിയയെ വിലക്കണമായിരുന്നു. അവര്‍ തമ്മില്‍ ആവശ്യമില്ലാത്ത വല്ലതും സംസാരിച്ചിട്ടുണ്ടെങ്കില്‍. ഹേയ്… അങ്ങിനെ ഒന്നും ഉണ്ടാകാന്‍ സാധ്യതയില്ല. സോഫിയക്കറിയാം എവിടെ എങ്ങിനെയൊക്കെ നില്‍ക്കണമെന്ന്.

വാതില്‍ തുറന്ന ശബ്ദം കേട്ട് സോഫിയയും ബിന്ദുവും ഞെട്ടിത്തിരിഞ്ഞു നോക്കി. മോഹനെ കണ്ടതോടെ സോഫിയയുടെ കണ്ണുകള്‍ അരുതാത്തതു ചെയ്തതുപോലെ. ബിന്ദു പതിയെ എഴുന്നേറ്റു കിടക്കയില്‍ ചാരിയിരുന്നു. അവളുടെ കണ്ണുകള്‍ കലങ്ങിയിരുന്നു. എങ്കിലും ആ മുഖത്ത് സംതൃപ്തിയുടെ കണികകള്‍ തെളിഞ്ഞുകിടക്കുന്നുണ്ടായിരുന്നു.

സോഫിയ കട്ടിലില്‍ നിന്നെഴുന്നേറ്റു മാറിനിന്നു. ഡോക്റ്റര്‍ ജോര്‍ജ് കുര്യന്‍ ബിന്ദുവിന്‍റെ അരികിലെത്തി വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ഭയപ്പെടാനൊന്നുമില്ലെന്നും ഇത്തരം ഓപ്പറേഷനുകള്‍ ഇവിടെ സാധാരണമാണെന്നും ബിന്ദുവിനെ ആശ്വസിപ്പിച്ചു. ആശുപത്രിയില്‍ രോഗിയുടെ കൂടെ ആരേയും അനുവദിക്കില്ലെന്നും ഏതു സമയവും രോഗിയെ ശുശ്രൂഷിക്കാന്‍ അവര്‍ എപ്പോഴും ഉണ്ടാകുമെന്നും അയാള്‍ അറിയിച്ചു. പിന്നെ എന്തിനും താനുണ്ടാകുമെന്നും ഡോക്റ്റര്‍ അവള്‍ക്കു ഉറപ്പുനല്‍കി. അവളുടെ ചുണ്ടുകളില്‍ വിളറിയ ചിരി പൊടിഞ്ഞു.

മോഹന്‍ സോഫിയയെ ഡോക്റ്റര്‍ക്കു പരിചയപ്പെടുത്തി. പ്രവാസി മലയാളികളുടെ കൂട്ടായ്മകളില്‍ പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെടുന്നത് ആദ്യമാണെന്നു സോഫിയ പറഞ്ഞു. തനിക്കു കുറച്ചു വിസിറ്റേഴ്സ് ഉണ്ടെന്നു പറഞ്ഞു ഡോക്റ്റര്‍ ജോര്‍ജ് പോയി. പോകും മുന്‍പ് എല്ലാം നന്നായി കലാശിക്കും എന്നമട്ടില്‍ അയാള്‍ മോഹനെ നോക്കി. ഓപ്പറേഷനു മുന്‍പുതന്നെ ബിന്ദു മരിച്ചാല്‍ നന്നായിരുന്നു എന്നാണ് അയാളുടെ മുഖം പറയുന്നതെന്നു മോഹനു തോന്നി. മോഹനില്‍ ഒരു ഗൂഢാനന്ദം ഉണര്‍ന്നു.

ഞാന്‍ ഇറങ്ങട്ടെ- സോഫിയ ചോദിച്ചു.

ആരും ഒന്നും മിണ്ടിയില്ല. ബിന്ദു മിഴികള്‍ പകുതി താഴ്ത്തി കിടക്കുകയാണ്. മോഹനാകട്ടെ മുഖത്ത് ദു:ഖം ഘനീഭവിപ്പിച്ച മട്ടില്‍ പുറത്തേയ്ക്കു നോക്കി നിന്നു. മൗനം എല്ലാവര്‍ക്കുമിടയില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ആര്‍ക്കും പരസ്പരം മനസിലാക്കാന്‍ പറ്റാത്ത എന്തൊക്കെയോ. റൂമില്‍ എയര്‍ ഹീറ്ററിന്‍റെ നേര്‍ത്ത മൂളല്‍മാത്രം. ബിന്ദുവിന്‍റെ കണ്ണുകളില്‍ അവള്‍ പോലുമറിയാതെ കണ്ണുനീര്‍ കനം വച്ചുനിന്നു.

മോഹന്‍റെ മുഖത്തേയ്ക്കു സോഫിയ ആഴത്തില്‍ നോക്കി. ഇതുവരെ ഒരിക്കലും അവനെ അവള്‍ അത്തരത്തില്‍ നോക്കിയിട്ടില്ല. അത് ഹൃദയത്തിന്‍റെ അകത്തേക്കു പാഞ്ഞു കയറുന്നതുപോലെ മോഹനു തോന്നി.

പിന്നീട്. ആരോടും ഒന്നും പറയാതെ, അനുവാദം ചോദിക്കാതെ സോഫിയ കസേരയില്‍ ഉറങ്ങുകയായിരുന്ന ആനന്ദിനെ തോളിലിട്ടു. അവന്‍റെ കമ്പിളിത്തൊപ്പി എടുത്ത് പുറത്തേയ്ക്കു നടന്നു. ഒരു മകനെ ആദ്യമായി ചൂംബിക്കുന്ന വികാരത്തോടെ കുഞ്ഞു ഗ്ലൗസുകളണിഞ്ഞ അവന്‍റെ കയ്യുകളില്‍ അവള്‍ ചുംബിച്ചുകൊണ്ടിരുന്നു. നടന്നുപോകുമ്പോള്‍ സോഫിയ നിശ്ചയിച്ചു, നാളെത്തന്നെ എയ്ഞ്ചലിനെ ഹോസ്റ്റലില്‍ നിന്നു വീട്ടിലേക്കു കൊണ്ടുവരണം. അവള്‍ ഇനി തന്‍റെ കൂടെ നില്‍ക്കട്ടെ.

കൂട്ടിനു ഒരനുജനുമുണ്ടാകുമല്ലോ.

മോഹന്‍റെ നെഞ്ചിലേക്കു തീ കോരിയിട്ട പോലെയായി അത്. താനറിയാതെ എന്തൊക്കെയോ ഇവിടെ സംഭവിച്ചിരിക്കുന്നു. സോഫിയ തന്‍റെ കുഞ്ഞുമായി എവിടേക്കാണു പോകുന്നത്. എന്താണ് അവളുടെ ഉദ്ദേശ്യം. ബിന്ദുവാകട്ടെ ഒന്നും മിണ്ടുന്നില്ല. താന്‍ തയാറാക്കിയ പദ്ധതിയുടെ അവസാന നിമിഷങ്ങളില്‍ എവിടെയെങ്കിലും പാളിച്ചകള്‍ പറ്റിയോ. മോഹന്‍ എന്ന മനുഷ്യന്‍റെ കറുത്ത ഉള്ളറയുടെ തിരശീല ഇവര്‍ തമ്മിലുണ്ടായ സംസാരത്തില്‍ പൊഴിഞ്ഞു വീണോ. മോഹന്‍റെ ഉള്ള് പകച്ചു നില്‍ക്കുകയാണ്.

സോഫിയ….. മോഹന്‍ പതറിയ ശബ്ദത്തോടെ അവളെ വിളിച്ചു.

സോഫിയ ഒന്നും കേള്‍ക്കാത്ത മട്ടില്‍ നടന്നു. പിറകെ പോകാനൊരുങ്ങിയ മോഹനെ ബിന്ദു വിലക്കി- വേണ്ട…. സോഫിയ പൊയ്ക്കോട്ടെ…..

അത് പറയുമ്പോള്‍ ബിന്ദുവിന്‍റെ മുഖത്ത് ഉറച്ച തീരുമാനമെടുത്തതിന്‍റെ കരുത്തുകാണാമായിരുന്നു. യാതൊരു ഭാവ വ്യത്യാസവും അവളില്‍ കാണുവാന്‍ മോഹനു കഴിഞ്ഞില്ല. മോഹന്‍റെ അമ്പരപ്പ് ബിന്ദുവിനു മനസിലായി. അപ്രതീക്ഷിതമാണെങ്കിലും ആനന്ദിനെ സോഫിയ കൊണ്ടുപോയത് അത്രമാത്രം അമ്പരപ്പ് മോഹനില്‍ ഉളവാകേണ്ട കാര്യമില്ല എന്ന് അവള്‍ക്കറിയാം. മോഹനിപ്പോള്‍ പേടിക്കുന്നത് എന്താണെന്നും അവള്‍ മനസിലാക്കി.

മോഹനേട്ടാ…. അവള്‍ പതിഞ്ഞ ശബ്ദത്തില്‍ അയാളെ വിളിച്ചു. അയാള്‍ അവള്‍ക്കരികില്‍ ബെഡിലിരുന്നു. അവള്‍ അയാളുടെ കൈവിരലുകളില്‍ മുറുകെ പിടിച്ചു.

-ഞാന്‍ പറഞ്ഞിട്ടാണ് സോഫിയ കുഞ്ഞിനെ കൊണ്ടുപോയത്. അവനെയും കൊണ്ട് മോഹനേട്ടന്‍ ഈ സമയത്ത് എന്തു ചെയ്യാന്‍. സാരമില്ല ഓപ്പറേഷന്‍ കഴിഞ്ഞു ബാക്കി കാര്യങ്ങള്‍ തീരുമാനിച്ചാല്‍ മതി, ഞാനുണ്ടെങ്കിലും ഇല്ലെങ്കിലും. ഇപ്പോള്‍ തല്‍ക്കാലം ആനന്ദ് സോഫിയയുടെ കൂടെ നില്‍ക്കട്ടെ. അതാണ് നല്ലത്… ഒരമ്മയെപ്പോലെ സോഫിയ അവനെ നോക്കിക്കൊള്ളും…. എന്താ മോഹനേട്ടാ ഞാന്‍ ചെയ്തതില്‍ എന്തെങ്കിലും തെറ്റ്….?- ബിന്ദു പറഞ്ഞു നിര്‍ത്തി.

മോഹന്‍ ഒന്നും പറഞ്ഞില്ല. വലിയൊരു പേമാരി നെഞ്ചില്‍ പെയ്തൊഴിഞ്ഞ പോലെ. അരുതാത്തതൊന്നും സംഭവിച്ചിട്ടില്ല. ആനന്ദിനെ കൊണ്ടുപോയത് ഈ പ്രത്യേക സാഹചര്യത്തില്‍ നല്‍കിയ സഹായം മാത്രം. മോഹന്‍റെ മനസില്‍നിന്നും ആശ്വാസം അവനറിയാതെ തന്നെ ചുണ്ടില്‍ പുഞ്ചിരിയായി മാറി. നന്നായി ആനന്ദിനെ സോഫിയ കൊണ്ടുപോയത് നന്നായി. അല്ലെങ്കില്‍ തന്നെ അവനെയും കൊണ്ട് താനിപ്പോ എന്തുചെയ്യാന്‍. ഒരു ദീര്‍ഘ നിശ്വാസത്തിനുശേഷം അയാള്‍ ബിന്ദുവിന്‍റെ നെറ്റിയില്‍ ചുംബിച്ചു. ചുംബനത്തിന്‍റെ ചൂടുമാറും മുന്‍പേ അയാളെ അടിമുടിയുലച്ചു ബിന്ദു വളരെ ശാന്തയായി ഒരു കാര്യം കൂടി ആവശ്യപ്പെട്ടു.

-മോഹന്‍ സോഫിയയെ വിവാഹം കഴിക്കണം-

മോഹന്‍റെ കണ്ണുകളിലേക്കു വെള്ളിടികള്‍ പെയ്തിറങ്ങി. പിടിക്കപ്പെട്ട കുറ്റുവാളിയുടെ മനസുമായി അയാള്‍ ചകിതനായി. തിരിച്ചൊന്നും പറയാനില്ലാതെ അയാളുടെ നെഞ്ചുവിങ്ങി. അവളുടെ കൈകള്‍ക്കുള്ളിലിരുന്നു അയാളുടെ വിരലുകള്‍ വിറച്ചു. നിശബ്ദ തടാകത്തിലേക്കു വീണ കല്‍ച്ചീളുപോലെ അവളുടെ വാക്കുകള്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു.

ബിന്ദു പുറത്തെ മഞ്ഞിന്‍ കണങ്ങളെ നോക്കി തുടര്‍ന്നു പറഞ്ഞു- സോഫിയയ്ക്കു മോഹനേട്ടനെ ഇഷ്ടമാണ്. എന്‍റെ ദിവസങ്ങള്‍ക്കു ശേഷം ഒരു കൂട്ട് മോഹനേട്ടനു വേണം. അതിലുപരി ഒരമ്മയെ ആനന്ദിനു വേണം. സോഫിയയ്ക്കു ഇതു രണ്ടുമാകാന്‍ കഴിയും. അവര്‍ക്കേ കഴിയൂ. ആ മനസിന്‍റെ തുടിപ്പ് എനിക്കു തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. ഇതെല്ലാതെ മറ്റെന്തു മന:സമാധാനമാണ് എന്‍റെ ജീവിതത്തിന്‍റെ വൈകിയ വേളയില്‍ മോഹനേട്ടനു നല്‍കാന്‍ കഴിയുക…..

അവളുടെ വിളറിയ കണ്ണുകളിലെ നേര്‍ത്ത തിളക്കത്തിലേക്കു വെറുതെ നോക്കിയിരിക്കാനേ മോഹനു കഴിഞ്ഞുള്ളൂ. തിരിച്ചൊരു വാക്കുപറയാന്‍ അയാള്‍ക്കു കരുത്തുണ്ടായിരുന്നില്ല. ശരിതെറ്റുകളുടെ അളവുതൂക്കങ്ങള്‍ നിര്‍ണയിക്കാനുള്ള പാകം അയാള്‍ക്കില്ലായിരുന്നു. അല്ലെങ്കില്‍ത്തന്നെ ശരിതെറ്റുകളെ വിശകലനം ചെയ്യാന്‍ എന്തു ധാര്‍മികതയാണ് തനിക്കുള്ളതെന്നു അയാള്‍ സ്വയം ചോദിച്ച നിമിഷങ്ങളായിരുന്നു അത്. ബിന്ദു അയാളുടെ കൈകളില്‍ മുറുകെ പിടിച്ചു കൊണ്ടിരുന്നു.

റൂം ബെല്ലിന്‍റെ ചിണുങ്ങിപ്പൊഴിയുന്ന ശബ്ദം മുഴങ്ങി. ഒരു ഞെട്ടലില്‍ അയാള്‍ തന്‍റെ കൈവിരലുകള്‍ അവളുടെ പിടിയില്‍നിന്നും മോചിപ്പിച്ചു. അയാള്‍ വാതില്‍ തുറന്നു. കൈയില്‍ പൂക്കളുമായ നഴ്സ്. ആശംസകള്‍ നേര്‍ന്നു അവര്‍ അകത്തേയ്ക്കു കടന്നു. ഇനി റൂമില്‍ ബന്ധുക്കളുടെ സാന്നിധ്യം ആവശ്യമില്ല. നഴ്സ് മേശയ്ക്കു മുകളിലിരുന്ന ഫ്ളവര്‍വെയ്സില്‍ പൂക്കള്‍ മനോഹരമായി ഒരുക്കിവയ്ക്കാന്‍ തുടങ്ങി.

മോഹനു അവിടെ അധികനേരം നില്‍ക്കാന്‍ തോന്നിയില്ല. അയാള്‍ ബിന്ദുവിന്‍റെ അരികിലെത്തി. വാക്കുകള്‍ പെറുക്കിയെടുത്തതു പോലെ അവളോട് എന്തോ പറയാന്‍ ശ്രമിച്ചു. ബിന്ദു കണ്ണുകളടച്ചു കിടക്കുകയാണ്. ഒരു കടലോളം ജലം ആ കണ്ണുകള്‍ക്കുള്ളില്‍ നുരയുന്നുണ്ടെന്നു ആയാള്‍ക്കു തോന്നി. അവളുടെ കൈകളില്‍ പതിയെയൊന്നു സ്പര്‍ശിച്ചു അയാള്‍ പുറത്തേക്കു നടന്നു.

*********** ******************** ***************

കാറിലിരുന്നു അയാള്‍ എങ്ങോട്ടു പോകണമെന്നു ചിന്തിച്ചു. സോഫിയയുടെ അപ്പാര്‍ട്ടുമെന്‍റിന്‍റെ രൂപം മനസില്‍ തെളിഞ്ഞെങ്കിലും അയാള്‍ അത് മായ്ചു കളഞ്ഞു. തന്‍റെ അപ്പാര്‍ട്ടുമെന്‍റിലേക്കു തന്നെ പോകാം. ഇന്നു ശാന്തമായി ഒറ്റയ്ക്കുറങ്ങാം… ദൈവം കനിഞ്ഞെങ്കില്‍ ….. തന്‍റെ മനസു സമ്മതിച്ചെങ്കില്‍…..

 

About The Author

Leave a Reply

Your email address will not be published. Required fields are marked *