LIMA WORLD LIBRARY

എവിടെ, എവിടെയാണഭയം ? – ജയൻ വർഗീസ്

അടിപൊളിയുടെ അവതാര –

പ്പെരുമകളിൽ  ജനകോടിക –

ളടിപിണയും, കലികാല –

ത്തിറയാട്ടക്കാലം !

അഴിമതിയുടെ യടിവസ്ത്ര –

മുരിയുന്ന.    രാഷ്ട്രീയം,

കലിതുള്ളി  ജനതതിയുടെ

തലയരിയും കാലം !

മുഴുഭ്രാന്തൻ മതവാദി –

പ്പരിഷകളാൽ നാടിന്റെ,

പൊതുനീതി കുടകുംഭ

മുടയുന്ന കാലം !

മനുഷ്യത്വം പിടയുന്ന

മനസ്സാക്ഷി കുടജാദ്രി –

ക്കുടുമകളിൽ നരവേട്ട –

പ്പടയണിയുടെ കാലം !

അതിരുകളുടെ മതിലുകളിൽ

ജനതകളുടെ, യവകാശ –

ക്കുരുതികളുടെ  ശവനാറ്റ –

പ്പുകയുയരും കാലം !

കെടുതികളുടെ തേരോടി –

ച്ചതയുന്ന ഭൂമിയുടെ,

നിറമാറിൽ ചുടുചോര –

പ്പുഴയൊഴുകും കാലം –

അതിശുഭ്ര നഭസ്സിന്റെ

വിരിമാറിൽ വിഷവീര്യ –

പ്പൊടി വിതറി തലമുറയുടെ

കുഴിതോണ്ടും കാലം !

ഒരുതുണ്ടു  റൊട്ടിക്കായ്

പിടയുന്ന ബാല്യത്തിൻ

മറുകൈയിൽ മിസ്സൈലിൻ

പിടിയമരും കാലം !

ഒരുനൂറു മോഹങ്ങൾ

ഒരുപിടി  ചാരംപോൽ,

അമരും ഈമണ്ണിന്റെ

ഗതികിട്ടാക്കാലം !

അലയാഴി, ലൂസിഫാർ,

അലറുന്നു, ഇടയിൽ ഞാൻ,

വഴി തെറ്റു, ന്നെവിടെയെൻ

പ്രിയ ഭൂമി വസുന്ധരയാൾ ?

*  പുനഃപ്രസിദ്ധീകരണം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px