ആകാശങ്ങളിലിരിക്കുന്നവർ – P. Sivaprasad

Facebook
Twitter
WhatsApp
Email

 

പഞ്ഞിക്കെട്ടുകൾക്കുമേൽ
ചിറകുവിരിച്ച് പറക്കുന്ന
വെള്ളക്കുതിരമേലാണ്
അലസതയുടെ ഇരിപ്പ്.
അരപ്പട്ടയിൽ കുരുങ്ങിയ
നിരവധിയായ യാത്രികർക്ക്
ഒരൊറ്റ യന്ത്രക്കുതിര.
നക്ഷത്രങ്ങൾ ഭൂമിയിലേക്ക്
തീർത്ഥയാത്ര പോയിരിക്കുന്നു !
തിരികെ മാനത്തെത്തിയാൽ
അവർ പറയുന്നത് എന്തായിരിക്കാം ?
മണ്ണിന്റെ മനോഹാരിതയെപ്പറ്റി,
മഴയുടെ സംഗീതത്തെപ്പറ്റി,
രജനീഗന്ധിയുടെ തപസ്സിനെപ്പറ്റി,
രഹസ്യജാലകങ്ങളിൽ മനുഷ്യർ
പതിപ്പിച്ചുവച്ച സ്വപ്നങ്ങളെപ്പറ്റി,
പണിതുയർത്തിയ സ്വർഗ്ഗതുല്യമായ
രമ്യഹർമ്മ്യങ്ങളെപ്പറ്റി,
പ്രണയപാനീയത്തിന്റെ സമ്മിശ്രമായ
ജീവിതരുചിയെപ്പറ്റി ….?
സ്വന്തം വേരുകളെ പുറത്തെടുത്ത്
പരിണാമത്തെ വ്യാഖ്യാനിക്കുന്നത് ?
പിതാവിന്റെ കരൾ തുരന്നെടുത്ത്
മക്കൾ സ്നേഹം മണക്കുന്നത് ?
അനുജന്റെ ശിരസ്സു തകർത്തും
മോക്ഷം കൈയെത്തിപ്പിടിക്കുന്നത് ?
കണ്ണുനീരിൽ ഒലിച്ചു പോകുന്നവരെ
കല്ലെറിഞ്ഞ് കൊല്ലുന്നത്?
അജ്ഞാതരായ കുഞ്ഞുങ്ങളുടെ
തകർന്ന ശവകുടീരങ്ങളിൽ
യുദ്ധം ജയിച്ചുവെന്ന് എഴുതിവയ്ക്കുന്നത് ?
നമുക്ക് തെറ്റി!
നക്ഷത്രങ്ങൾ മറന്നുപോയിരിക്കുന്നു…
സ്വന്തം ഭാഷയുടെ മിന്നൽലിപികളെപ്പോലും.
***

About The Author

Leave a Reply

Your email address will not be published. Required fields are marked *