സഖീ നീയകന്നു
പോയതിൽ പിന്നെയീ
ചെറുജാലകത്തി
ലൊതുങ്ങിയെൻ
കാഴ്ചവട്ടങ്ങൾ.
ലില്ലികൾ പൂത്ത
വഴിയിൽ നാം
ഒരുമിച്ചു നടന്നു.
വൃക്ഷങ്ങൾ നിഴൽ
വീഴ്‌ത്തിയ തടാകത്തിന്റെ കരയിൽ ചൂഴ്‌ന്നു നിന്ന
ഏകാന്തത വന്യമായിരുന്നു.
പ്രകൃതിയുടെ നിഗൂഢ
രഹസ്യമൊളിപ്പിച്ചു
വച്ചൊരിടം
അമാനുഷികമായ
ശക്തി സ്രോതസ്സ്
മിന്നിമാഞ്ഞു പോയോ.
പേരറിയാ മരം
പൊഴിച്ചിട്ട പൂക്കൾ
പെറുക്കിയും
പച്ച വിരിപ്പ് പോലെ
പുൽമെത്തകൾ
ക്കിരുവശം നിൽക്കുന്ന
മരങ്ങളെ നോക്കിയും
നാം നിന്നു.
പാതകളിൽ യൂക്കാലി
മരം സുഗന്ധം പരത്തി
ഇരുവശത്തും വാനോളം
ഉയർന്നു നിന്നു.
ജൈനക്ഷേത്രത്തിലെ
ദേവന് ബുദ്ധന്റെ മുഖ
ഛായയെന്ന് പറഞ്ഞതും
നീയാണ്.
അവിടെ വിരിഞ്ഞു നിന്ന
ഉഷമലർ പോൽ നീയും
മറ്റൊരു പൂവായ് നിന്നു.
അമ്പലത്തിൻ്റെ
ചാരെയുള്ള
മൺകുടിലിൽ നിന്നും
ഓട്ടുമൊന്തയിൽ
പകർന്നു കിട്ടിയ
ഇഞ്ചിയിട്ടൊരു ചായയുടെ
രുചി ഇന്നുമോർക്കുന്നു
ഓർമ്മകളുടെ
കാറ്റേൽക്കുവാൻ
എന്റെ ജനാല തുറന്നു
മിഴി പായിക്കാറുണ്ട്.
ഇടയ്ക്കൊന്ന്
കാതോർക്കും
അവസാന വണ്ടിയുടെ
ചൂളം വിളിക്കവസാനം
നിന്റെ സ്വരമുയുരുന്നത്
കേൾക്കാൻ..













