ചെമപ്പും വെളുപ്പും നിറച്ചാർത്തുമായി
ശിരസ്സാട്ടി കാറ്റിൽ കിണുങ്ങുന്ന പൂവേ!
മുകിൽമുല്ല പൂക്കും വിയത്തിൽ ചിരിക്കാൻ
നിനക്കുള്ള മോഹം, നിനച്ചില്ലയെന്നും!
തുടുപ്പാർന്ന നിന്റെ മൃദുഗാത്രഭംഗി
കടക്കണ്ണിനാലേ കവർന്നുള്ള വണ്ടേ
അടുത്തെത്തുവോളമറിഞ്ഞില്ലെ നീയും
മകരന്ദമില്ലാത്ത പൂവാണിതെന്നും!
ചെമപ്പാർന്ന തെച്ചിക്കുലയ്ക്കും പുകൾപൂണ്ട –
ഴിക്കാൻ കഥയുണ്ടഭിമാനപൂർവ്വം
വനമാലിതന്റെ ഗളത്തിൽതിളങ്ങാൻ
നിനക്കില്ലെ മോഹം കടലാസ്സുപൂവേ?
ഘനവേണിമാർതന്നഴകാർന്ന കൂന്തൽ-
ച്ചുരുളിൽച്ചിരിച്ചിട്ടൊരു പാട്ടുമൂളാൻ
നിനക്കാവതില്ലേ, നിറയുന്ന വിങ്ങൽ
തളംകെട്ടിടുന്നോ, മനസ്സിന്റെയുള്ളിൽ?
പനിനീർപ്പൂ വീശും സുഗന്ധം രുചിക്കാൻ
വിരുന്നെത്തുമല്ലോ ശലഭങ്ങൾ നിത്യം
മണമാകെ വാർന്നു ഗുണമറ്റ പൂവായ്
പടച്ചല്ലൊ നിന്നെ, വിധാതാവു കഷ്ടം!
നനുത്തുള്ളിലച്ചീന്തിലാകെപ്പടരും
മിനുത്തുള്ള റോസാദലത്തോടുമൊപ്പം
കുളിർചന്ദനത്തിന്റെ കൂട്ടായി നിത്യം
പ്രസാദപ്രസൂനപ്പദം നീ കൊതിച്ചോ?
ഇളംചുണ്ടുനീട്ടിക്കരയുന്ന കുഞ്ഞിൻ –
തളിർത്തൂവിരലിൽക്കടുംചോര കാൺകേ
കനൽനോട്ടമായമ്മ നിൻ കമ്പു പൊട്ടി-
ച്ചെറിഞ്ഞങ്ങു ചൊല്ലുന്നു, “മുള്ളാണിതെല്ലാം”
കടുത്തുള്ളവാക്കിൽപ്പിടഞ്ഞൊരു
തേങ്ങൽ –
തുടികൊട്ടിടുമ്പോൾ വിറപൂണ്ട ചിത്തം
കൊതിക്കുന്നുവെന്നോ മറുജന്മമൊന്നിൽ
പ്രിയപ്പെട്ടതാകാൻ കഴിഞ്ഞെങ്കിലെന്നും!!
About The Author
No related posts.