**************
തുടുവിരൽക്കുറി ചന്ദനലേപമായ്
തണുവുപെയ്ത നിശീഥപഥങ്ങളിൽ
കനവുകോർത്ത മനോജ്ഞമരാ ളിയായ്
കതിരണിഞ്ഞവളുന്മദമോഹിനീ!
നറുനിലാവല നെയ്ത സുശോഭമാം
ധവളവേഷമണിഞ്ഞു നിശാസുമം
തരളഗാത്രി! കപോലതടങ്ങളിൽ
സുരുചിരം നവശോഭ പടർത്തിയോ?
മധു തിരഞ്ഞ നിശാശലഭങ്ങളെ
അതിഥിയായെതിരേറ്റു, വിലാസിനി
കതിരവന്റെ കരാംഗുലിലാളന –
ശ്രുതിയെഴാത്ത മനോജ്ഞവിപഞ്ചിയായ്!
കരളിലുൽക്കടമായ വികർത്തന –
ത്തെളിമ തേടിയലഞ്ഞ ദലങ്ങളോ
മിഴിയടച്ചു, മറഞ്ഞു നിവേദ്യമായ്-
ക്കരുതി കാത്തൊരു വശ്യസുഗന്ധവും!











