ആദരവിന്റെ ഉറവിടം – ഡോ.പി.എൻ.ഗംഗാധരൻ നായർ

Facebook
Twitter
WhatsApp
Email

🌻 മൺഡേ സപ്ലിമെന്റ് –137 🌻
🌹 ആദരവിന്റെ ഉറവിടം. 🌹

അന്ത്യപ്രവാചകനായ മുഹമ്മദ് ഒരു നിരക്ഷരനായിരുന്നു. ജനനത്തിനു മുമ്പ് തന്നെ പിതാവും ആറാം വയസ്സിൽ മാതാവും നഷ്ടപ്പെട്ടു.അനാഥനായ ആ ബാലൻ അന്നത്തെ സമ്പ്രദായത്തിലുള്ള ഒരു വിദ്യാലയത്തിലും പോയിട്ടില്ല. ഒരു ഗുരുമുഖത്ത് നിന്നും അക്ഷരം പഠിച്ചിട്ടില്ല. മാത്രമല്ല മുഹമ്മദ് ജീവിച്ച സമൂഹം തന്നെയും നിരക്ഷര ജനതയുടെതായിരുന്നു.
മുഹമ്മദ് ചെറുപ്പം മുതലേ ഒരു പരിശുദ്ധ പ്രകൃതിക്കാരൻ ആയിരുന്നു. തന്റെ ചുറ്റും നടമാടുന്ന തിന്മകളിൽ അസ്വസ്ഥമായ ഒരു മനസ്സോടെയാണ് അദ്ദേഹം വളർന്നുവന്നത്. അതുകൊണ്ടുതന്നെ ഏകാന്തതയായിരുന്നു അദ്ദേഹത്തിന്റെ സന്തത സഹചാരി.തനിക്ക് ചുറ്റും ജീവിക്കുന്ന മനുഷ്യരെ അവർ വിഹരിക്കുന്ന അന്ധകാരങ്ങളിൽ നിന്നും മോചിപ്പിക്കാൻ കഴിയുന്ന ഒരു വെളിച്ചത്തിനായി അദ്ദേഹംആകാശത്തേക്ക് സദാസമയം ഉറ്റു നോക്കിക്കൊണ്ടിരുന്നു.
അങ്ങനെ മക്കയിലെ ഹിറാ ഗുഹയിൽ താൻ ഏകാന്ത ധ്യാനത്തിൽ മുഴുകിയിരുന്ന ഒരു ദിവസം ദൈവത്തിന്റെ സന്ദേശവാഹകനായ ഗബ്രിയേൽ മാലാഖ അദ്ദേഹത്തിന് മുന്നിൽ ‘വായിക്കുക’ എന്ന് തുടങ്ങുന്ന
വചനങ്ങളുമായി പ്രത്യക്ഷപ്പെട്ടു. അത്ഭുതകരമായ രൂപഭാവങ്ങളോടെയുള്ള ഒരു ജീവിയെകണ്ട് സ്വാഭാവികമായും അദ്ദേഹം പരിഭ്രാന്തനായി. അക്ഷരം അറിയാത്ത താൻ എന്തു വായിക്കും എങ്ങനെ വായിക്കും എന്നത് അദ്ദേഹത്തെ വ്യാകുലപ്പെടുത്തി.പക്ഷേ ഗബ്രിയേൽ മാലാഖ അതിനെല്ലാം പരിഹാരം ഉണ്ടാക്കി.തുടർന്നുള്ള 23 വർഷക്കാലം ഈ മാലാഖ അദ്ദേഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുകയും ലോകചരിത്രത്തെ മാറ്റിമറിക്കാൻ പ്രാപ്തമായ വചനങ്ങൾ ചൊല്ലിക്കൊടുക്കുകയും ചെയ്തുകൊണ്ടേയിരുന്നു.
തങ്ങൾക്കിടയിൽ ജീവിച്ച നിരക്ഷരനായ ഒരു മനുഷ്യൻ പെട്ടെന്നൊരു ദിവസം മഹത്തായ സുഭാഷിതങ്ങളുമായി പ്രത്യക്ഷപ്പെടുമ്പോൾ ശുദ്ധ പ്രകൃതക്കാരായ മനുഷ്യർക്ക് അദ്ദേഹത്തെ വിശ്വസിക്കുകയും അംഗീകരിക്കുകയും അല്ലാതെ മറ്റ് നിവൃത്തി ഒന്നും ഉണ്ടായിരുന്നില്ല. അദ്ദേഹം ജനങ്ങളോട് പറഞ്ഞത് പുതിയ കാര്യങ്ങൾ ഒന്നുമായിരുന്നില്ല ദൈവത്തിന്റെ ഉത്തമ സൃഷ്ടിയായ മനുഷ്യന്റെ ഭൗതിക ക്ഷേമത്തിനും ആത്മീയ ക്ഷേമത്തിനും നിദാനമായ ഉത്തമ മൂല്യങ്ങൾ ആയിരുന്നു അവ. ഇതൊക്കെ തന്നെയായിരുന്നു അദ്ദേഹത്തിനും താൻ കൊണ്ടുവന്ന ഗ്രന്ഥത്തിനും ലോകത്തോട് പറയുവാൻ ഉണ്ടായിരുന്നത്. അങ്ങനെ തങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവൃത്തിക്കുന്ന അദ്ദേഹത്തെ നിരക്ഷരരായ ജനങ്ങൾ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്തു.

ഒരിക്കൽ എബ്രഹാം ലിങ്കൺ ഒരു കുതിര വണ്ടിയിൽ യാത്ര പോവുകയായിരുന്നു. വഴിയോരത്ത് നിന്ന ഒരു നീഗ്രോ അദ്ദേഹത്തെ കൈകൂപ്പി വണങ്ങി. കുതിരവണ്ടി നിർത്തിച്ച് ലിങ്കൺ എഴുന്നേറ്റ് തന്റെ തൊപ്പിയൂരി അദ്ദേഹത്തെ തലതാഴ്ത്തി വണങ്ങി. എന്നിട്ട് ലിങ്കൺ യാത്രയായി.എന്തിനാണ് ഇത്രയും ആദരവ് ഒരു നീഗ്രോയോട് കാട്ടുന്നതെന്ന് കൂടെയുള്ളവർ ചോദിച്ചപ്പോൾ ലിങ്കൺ പറഞ്ഞു : ” ആദരവ് കാണിക്കുന്ന കാര്യത്തിൽ എന്നെ ആരും തോൽപ്പിക്കുവാൻ ഞാൻ അനുവദിക്കില്ല”.

അമേരിക്കയിലെ മൾട്ടി നാഷണൽ മോട്ടോർ കമ്പനിയായ ഫോർഡിന്റെ ചെയർമാൻ ഹെൻറി ഫോർഡ്, ജപ്പാൻ എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ ആദ്യം അന്വേഷിച്ചത് അവിടുത്തെ ഏറ്റവും വിലകുറഞ്ഞ ഹോട്ടൽ ഏതാണെന്നായിരുന്നു. അപ്പോൾ സ്വീകരണ വിഭാഗത്തിലെ ഒരാൾ പറഞ്ഞു, അങ്ങയുടെ മകൻ ഇവിടെ വന്നാൽ ഏറ്റവും മുന്തിയ ഹോട്ടൽ ഏതാണെന്നാണല്ലോ അന്വേഷിക്കുക.അപ്പോൾ ഫോർഡ് പറഞ്ഞു, “അവന്റെ സ്റ്റാറ്റസിന് അത് വേണമല്ലോ.ഫോർഡിന്റെ മകനാണെന്നറിയാൻ മുന്തിയ ഹോട്ടലിൽ തന്നെ താമസിക്കണം. പക്ഷേ ഞാൻ എവിടെ താമസിച്ചാലും ഫോർഡ്, ഫോർഡ് തന്നെയാണ്. ഒരാൾക്ക് പ്രധാനം അയാൾ കഠിനാധ്വാനത്തോടെ നേടിയെടുക്കുന്ന പദവിയും ആദരവുമാണ്”.

അനുഭവജ്ഞർ പ്രതികരിക്കുമ്പോഴാണ് അവരോട് ആദരവ് ഉണ്ടാകുന്നത്. ഉചിത സമയത്തുള്ള അവരുടെ ഉപദേശം വലിയ പ്രതിസന്ധികളെ തരണം ചെയ്യാൻ കരുത്ത് നൽകുന്നു. സീതാന്വേഷണത്തിനു ഒടുവിൽ ദേവി ലങ്കയിൽ ഉണ്ടെന്ന വിവരം വാനര സംഘത്തെ സന്തോഷിപ്പിച്ചു.പക്ഷേ മുന്നിലുള്ള മഹാസമുദ്രത്തിനപ്പുറമാണ് ലങ്ക. കടൽ കടക്കാൻ ആർക്കും കഴിയില്ലല്ലോ എന്ന സങ്കടത്തോടെ എല്ലാവരും ശോകമൂകരായിരിക്കുമ്പോൾ ലോക പരിജ്ഞാനമുള്ള വൃദ്ധനായ ജാംബവാൻ പറഞ്ഞു,” ഹേ വീര ഹനുമാൻ, അങ്ങും ദുഃഖിതനാണോ ? കുട്ടിക്കാലത്ത്തന്നെ സൂര്യനിലേക്ക് പറന്നവനല്ലേ? സൂര്യന്റെ ശിഷ്യനും ആണല്ലോ. അങ്ങേക്ക് കഴിയാത്തതായി ഒന്നുമില്ല. സമയം നഷ്ടപ്പെടാതെ ഉടൻ പുറപ്പെട്ടാലും”. അന്ന് ജ്ഞാനവൃദ്ധനായ ജാംബവാൻ ഹനുമാന് ആത്മവിശ്വാസം പകർന്നു നൽകാൻ സാധിച്ചതുകൊണ്ടാണ് രാമായണത്തിന്റെ ഗതി തന്നെ നിയന്ത്രിക്കുവാൻ സാധിച്ചത്. ജാംബവാന്റെ ഈ പ്രവൃത്തി അദ്ദേഹത്തോടുള്ള ആദരവിന്റെ തോത് കുത്തിനേ ഉയർത്തി.
എന്നാൽ മഹാഭാരതത്തിൽ സംഭവിച്ചതോ?ചൂതുകളിയിൽ വിജയിച്ച ദുര്യോധനൻ പാഞ്ചാലിയെ സഭയിലേക്ക് വരുത്തി വസ്സ്ത്രാക്ഷേപം നടത്തി. അപ്പോൾ ആ രാജസഭയിൽ മഹാ ജ്ഞാനികളും കരുത്തരായ വൃദ്ധന്മാരും ഉണ്ടായിരുന്നു.രാജാവായ ഋതരാഷ്ട്രർ, ഭീഷ്മർ, ദ്രോണർ, കൃപർ, മുതലായവർ. എന്നിട്ടും അവർ പാഞ്ചാലിയുടെ നിലവിളി കേട്ടില്ലെന്ന് നടിച്ചു. ധർമ്മം അറിയുന്ന അവരാരും മുൻപിൽ നടമാടുന്ന അധർമ്മത്തെ എതിർത്തില്ല. എതിർത്തിരുന്നെങ്കിൽ കുരുക്ഷേത്രയുദ്ധം ഒരുപക്ഷേ ഒഴിവാക്കാമായിരുന്നു. യുദ്ധഭൂമിയിൽ വീണ ശവങ്ങളെ കെട്ടിപ്പുണർന്ന് അമ്മമാരും വിധവകളും കുട്ടികളും വാവിട്ട് നിലവിളിക്കേണ്ടി വരുമായിരുന്നില്ല. ധർമ്മം ഉപദേശിക്കേണ്ടവർ അത് വേണ്ട സമയത്ത് നിർവഹിക്കാതിരുന്നാൽ ഫലം ഭീകരം ആയിരിക്കുമെന്ന് മാത്രമല്ല അവരോടുള്ള ആദരവിനും ഇടിവ് സംഭവിക്കും.
ആൽബർട്ട് ഐൻസ്റ്റൈൻ പറഞ്ഞത് ഇവിടെ വളരെ പ്രസക്തം :
“ഈ ലോകം നശിക്കുന്നത് ദുഷ്ടന്മാരെകൊണ്ടല്ല മറിച്ച് ദുഷ്ടത്തരം കണ്ട് പ്രതികരിക്കാത്ത സജ്ജനം വർദ്ധിക്കുമ്പോൾ മാത്രമാണ്”.

വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ്
മാർ ക്രിസോസ്റ്റും തിരുമേനിക്ക് ഒരിക്കൽ വഞ്ചിയൂർ ക്ഷേത്രത്തിലെ പൂജാരി ശ്രീകൃഷ്ണന്റെ പ്രതിമ ഓർമ്മയ്ക്കായി സമ്മാനിച്ചു. അത് അദ്ദേഹം സദയം സ്വീകരിച്ച് സ്വീകരണമുറിയിൽ വച്ചിരുന്നു. ഇത് കണ്ട് പലരും അത്ഭുതപ്പെട്ടു. ശ്രീകൃഷ്ണന്റെ പ്രതിമ തിരുമേനിയുടെ വീട്ടിലോ, എന്ന് പലരും നീരസത്തോടെ ചോദിച്ചു. ചോദ്യങ്ങൾക്കെല്ലാം മറുപടിയായി അദ്ദേഹം ഇങ്ങനെ പറഞ്ഞു :
“ഒരു വിഭാഗം ജനങ്ങൾ ശ്രീകൃഷ്ണനെ ദൈവമായി കാണുന്നു. അവർ ആരാധിക്കുന്ന കൃഷ്ണനെ ഞാൻ ആദരിക്കുന്നു. ഗാന്ധിജിയുടെ പ്രതിമ കൂടാതെ അഴീക്കോട് സാർ തന്ന അദ്ദേഹത്തിന്റെ ഗുരു വാഗ്ഭടസ്വാമിയുടെ പ്രതിമയും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. നമ്മൾ ആരാധിക്കുന്നവരെ മാത്രമല്ല ലോകം ആരാധിക്കുന്ന എന്തിനെയും ആദരിക്കാൻ ശ്രമിക്കുമ്പോൾ നാം ലോകത്തെ ആരാധിക്കുവാൻ പഠിക്കുകയാണ് “. ഇത് തന്നെയാണ് യഥാർത്ഥ മതസൗഹാർദ്ദം.
23–09–2024.

ഡോ.പി.എൻ.ഗംഗാധരൻ നായർ.
🌹 🌹

About The Author

Leave a Reply

Your email address will not be published. Required fields are marked *