അതിരുകൾ കൊണ്ടെന്റെ
വിരിമാറിൽ വരയുന്ന
മുറിവിന്റെ ചോരയിൽ
പിടയുന്നു ഞാൻ.
മനുഷ്യ സംസ്ക്കാരമേ ,
എവിടെ നിൻ കാലടി
പതറുന്നു ? കനിവില്ലാ –
ക്കശ്മലർ പോൽ ?
സകല പ്രപഞ്ച
സാകല്യവും സംയോജി
ച്ചുരുവായ നന്മയാ-
മീ ഭൂമിയിൽ
മനുഷ്യ മോഹങ്ങളേ
താരാട്ടി യുമ്മ വ-
ച്ചരികിൽ മുലപ്പാൽ
ചുരത്തിടുമ്പോൾ
ഒരു നന്ദിയില്ലാത്ത
പരിഷയായമ്മയിൽ
മുറിവുകൾ വീഴ്ത്തിയ
മൂടിയ പുത്രാ,
വരിക യധർമ്മമാം
സൂകര കുഴികളിൽ
കുഴയുന്ന തവിടിന്റെ
കൂട്ടിൽ നിന്നും.
അവഗണിച്ചാരോ
വലിച്ചെറിഞ്ഞെങ്കിലു –
മതു മൂലക്കല്ലായി
മാറിടുമ്പോൾ ,
അരുമയായപരനെ
കരുതുന്ന നാൾ വരും
അകലെയല്ലരികിലെൻ
സർഗ്ഗ സ്വപ്നം !











