LIMA WORLD LIBRARY

കിണറാഴങ്ങളെ സ്‌നേഹിച്ച ഒരാള്‍-കെ.വി.എസ് നെല്ലുവായ് (മുംബൈ)

അച്ഛന്‍ കുത്തിയ പതിനാറടി താഴ്ചയുള്ള
അടുക്കള കിണറില്‍
കൊടുംവേനലിലും തെളിനീരുപോലെ
വെളളം ഉണ്ടാവാറുണ്ട്.

ഇടവിട്ട വേനലുകളില്‍ അങ്കിടിയുമ്പോള്‍
ഉറവ വറ്റുമ്പോള്‍
ഒരഭ്യാസിയെപോലെ
വടമിട്ടിറങ്ങി
മുളകൊണ്ട് മെടഞ്ഞ കൊട്ടയില്‍
മണ്ണുകോരുന്നതും അച്ഛന്‍.

നാല് മക്കളുണ്ടായിട്ടും
ആരെയും കൂസാതെ
തന്നിഷ്ടം നോക്കി ഒറ്റയായ അച്ഛമ്മ
തെക്കേ പറമ്പിലെ പ്ലാവില്‍ തൂങ്ങുന്നതിന് മുമ്പ്
അരി, മണ്ണെണ്ണ അടുക്കള പാത്രങ്ങള്‍
ആര്‍ക്കും ഉപകരിക്കരുത് എന്ന് കരുതി
പാതിരാവില്‍ പൊറുക്കിയെറിഞ്ഞൈതും
ഇതേ കിണറ്റില്‍.

കടുത്ത വേനലുകളില്‍ വായനാമുറിയുടെ
പാതി തുറന്നിട്ടജനലഴികളിലൂടെ
ഒക്കത്ത് കുടം വച്ച് നനഞ്ഞൊട്ടി പോകുന്ന
കിഴക്കേലെ പ്രമീളയും തെക്കേലേ സാവിത്രിയും
പുതുമോടിയായ പടിഞ്ഞാറേലെ കുട്ടേട്ടന്റെ ഭാര്യയും
എല്ലാവരും ഇപ്പോഴും കിണറിനെ ചുറ്റുമായി
നൃത്തചുവടുകള്‍ വയ്ക്കുന്നതുപോലെ.

അമ്മ കൊടുത്തത് കൊത്തി തിന്ന് എല്ലിനിടയില്‍
വറ്റുകുത്തിയ ആണ്‍കോഴികള്‍
അങ്കം വെട്ടി വലയില്ലാത്ത പ്ലാവിലികള്‍ കൊഴിയുന്ന
കിണറ്റില്‍ പറന്നു വീഴുമ്പോഴും
അടുക്കള പൊത്തിലൂടെ മീന്‍മണം പിടിച്ചെത്തുന്ന,
അമ്മെയറിഞ്ഞോടിക്കുമ്പോള്‍ അടിതെറ്റി
കിണറ്റില്‍ വീഴുന്ന കറുമ്പിപൂച്ചയെ
അച്ഛന്‍ തന്നെ വേണം പുറത്തെടുക്കാന്‍.

രാത്രിയില്‍ പട്ടികള്‍ കടിപിടികൂടി അറിയാതെ
കിണാറാഴങ്ങളില്‍ കൂപ്പുകുത്തിയപ്പോഴും
വെള്ളംകോരിപാട്ട കയര്‍പൊട്ടിവീണപ്പോഴും
പാതാളക്കരണ്ടിയിട്ട് എടുത്തതും അച്ഛന്‍ തന്നെ.

പാതി തളര്‍ന്ന് ജീവിതംമടുത്ത്
കിണറാഴങ്ങളെ പ്രണയിച്ച്
മരവിച്ച് പോയ അച്ഛനെ പൊക്കിയെടുക്കാന്‍ മാത്രം
ഫയര്‍ഫോഴ്‌സുകാര്‍ വേണ്ടി വന്നു.

************
(ട്രാക്കില്‍ വീണു പോയ കവിതകള്‍ എന്ന കവിതാ സമാഹാരത്തില്‍ നിന്ന്)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px