ശവങ്ങള്‍ ഉള്ളേടത്ത് കഴുക്കള്‍ കൂടും (സമകാലീന മലയാള സിനിമ ) നിരീക്ഷണം-ജയന്‍ വര്‍ഗീസ്‌

Facebook
Twitter
WhatsApp
Email

മനുഷ്യ വംശ ചരിത്രത്തില്‍ എവിടെ പരിശോധിച്ചാലും അവനോടൊപ്പം നില നിന്ന കലാ രൂപങ്ങള്‍ഉണ്ടായിരുന്നതായി കാണാം. ശാരീരിക ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതിനൊപ്പം മാനസിക ആവശ്യങ്ങള്‍നിറവേറ്റപ്പെടുന്നതിനായി കാലാ കാലങ്ങളില്‍ അവന്‍ തന്നെ കണ്ടെത്തിയ ആത്മാവിഷ്‌ക്കാരങ്ങള്‍ആയിരുന്നിരിക്കണം അത്തരം പ്രകടനങ്ങള്‍. ഒറ്റകളായി കഴിഞ്ഞിരുന്ന മനുഷ്യന്‍ സംഘങ്ങളായി ഗോത്രജീവിതം നയിച്ചിരുന്നപ്പോളും ഇത്തരം ശീലങ്ങളെ അവര്‍ ഉപേക്ഷിച്ചിരുന്നില്ല. അനേകായിരം മാറ്റങ്ങള്‍ക്കുവിധേയമായെങ്കിലും ആധുനിക ലോകത്തിന്റെ ഇന്നുകളില്‍പ്പോലും നില നില്‍ക്കുന്ന കലാ രൂപങ്ങള്‍ അവനുമാനസിക ഉല്ലാസം സമ്മാനിക്കുകയും കുറേക്കൂടി മെച്ചപ്പെട്ട ജീവിത കാമനകളുടെ വര്‍ണ്ണ സ്വപ്നങ്ങള്‍സമ്മാനിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഇന്നുകളില്‍പ്പോലും അതി ശക്തമായി നില നില്‍ക്കുന്ന ജനകീയ കലാ രൂപമാണ്‌സിനിമ. മനുഷ്യ ജീവിതത്തെ മാറ്റിമറിച്ച ശാസ്ത്രവും സാങ്കേതിക വിദ്യയും സ്വന്തം ആത്മസ്വിഷ്‌ക്കാരങ്ങളില്‍സന്നിവേശിപ്പിക്കാന്‍ സാധിച്ചു എന്നതാണ് സിനിമയുടെ വിശാല സാധ്യതകളായി പരിണമിച്ചത്.

ഏതൊരു കലാരൂപത്തില്‍ നിന്നും ഒരു റവന്യൂ ഉദീരണം ചെയ്യേണ്ടതുണ്ട്. ആസ്വാദകന്റെ സംവേദന ക്ഷമതയില്‍ഇടിച്ചു കയറി നിന്ന് കൊണ്ട്, അവനും, അവന്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തിനും ഇന്നിനെക്കാള്‍ മെച്ചപ്പെട്ടനാളെയിലേക്കുള്ള പ്രയാണത്തില്‍ വഴികാട്ടികളായി പരിണമിക്കേണ്ട ചൂണ്ടു പലകകളായിരിക്കണം ഈ റവന്യൂ. ഈ ലക്ഷ്യം സാധിച്ച സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട് എന്ന സത്യം അംഗീകരിക്കുമ്പോള്‍ തന്നെചാപിള്ളകളായി പിറന്നു വീണ് സമൂഹത്തെ മലീമസമാക്കിയ സിനിമകളുടെ മൃഗീയ ഭൂരിപക്ഷം കൊണ്ട്‌സന്പന്നമാണ് മലയാളം എന്ന് കൂടി നമുക്ക് സമ്മതിക്കേണ്ടി വരും.

ദശകങ്ങളിലേക്ക് നീണ്ടു നീണ്ട് കിടക്കുന്ന മലയാള സിനിമയുടെ ചരിത്രം പരിശോദിച്ചാല്‍ മനുഷ്യസാഹചര്യങ്ങളുടെ ഇരുള്‍ക്കാടുകളില്‍ വെളിച്ചമായി പരിണമിച്ച ചലച്ചിത്ര കാവ്യങ്ങള്‍ വളരെ വിരളമായേസംഭവിച്ചുള്ളൂ എന്ന് കാണാവുന്നതാണ്. ആയിരക്കണക്കിന് സിനിമകള്‍ അനവരതം പിറന്നു വീണിട്ടുംവിരലിലെണ്ണിത്തീര്‍ക്കാവുന്ന സിനിമകള്‍ മാത്രമാണ് മനുഷ്യാവസ്ഥക്ക് വെളിച്ചമായി പരിണമിച്ചത്? സൂകരപ്രസവം പോലെ ഇന്നും സിനിമകള്‍ പിറന്നു വീഴുന്നുണ്ടങ്കിലും ‘ കലാരൂപങ്ങള്‍’ എന്ന് പേരിട്ടുവിളിക്കാവുന്നവകള്‍ അവയില്‍ ഒന്നെങ്കിലുമുണ്ടോ എന്ന് സംശയമാണ്.

മലയാള സിനിമക്ക് മാത്രമല്ലാ, സമകാലീന സാംസ്‌കാരിക രംഗത്തിനു തന്നെ അവമതിപ്പുണ്ടാക്കികൊണ്ട്, പുഴുത്തു നാറുന്ന ചിന്തകളും, പ്രവര്‍ത്തികളുമായി മുന്നേറുന്ന നക്ഷത്ര ചക്രവര്‍ത്തിമാരുടെഅമ്മത്തൊട്ടിലാണല്ലോ നമ്മുടെ ഇന്നത്തെ സിനിമാ രംഗം. അതുകൊണ്ടാണല്ലോ അടച്ചിട്ട മുറിയില്‍ ആരെടാചോദിക്കാന്‍ എന്ന ഭാവത്തോടെ ആക്രമണ തന്ത്രങ്ങള്‍ മെനയുന്നതും, ഒറ്റക്ക് പുറത്തിറങ്ങിയാല്‍ അണ്ടാവിക്കുതോഴി കൊള്ളേണ്ടവന്മാരെ ചേര്‍ത്തു നിര്‍ത്തി അവര്‍ക്കു ചുറ്റും സംരക്ഷണ വലയം സൃഷ്ടിക്കുന്നതും.തന്റെ ഹംസ രഥത്തിനു വഴി മാറാഞ്ഞിട്ട് സ്വന്തം അമ്മയുടെ മുന്നിലിട്ട് മകനെ മര്‍ദ്ദിച്ച ഒരു മാടമ്പി സിനിമാക്കാരന്‍ഓടിപ്പിടഞ്ഞെത്തിയ അമ്മയെ തങ്ങളുടെ തറവാട്ടില്‍ മാത്രം നിലവിലുള്ള ഒരു ആംഗ്യവും കാണിച്ചുവത്രേ !തകര്‍ന്നടിഞ്ഞു കഴിഞ്ഞ ലോക കമ്യൂണിസത്തിന്റെ അവസാന അവശേഷിപ്പുകളില്‍ ഒന്നായി കേരളത്തില്‍ഭരിക്കുന്നവരുടെ ഭാഗമായത് കൊണ്ടാവാം ‘ ഞങ്ങളാ ഭരിക്കുന്നത് ‘ എന്നൊരു വീര വാദവും. ഉയര്‍ത്തിയത്രേ ഈമഹാന്‍.

സിനിമയോടൊപ്പം ജനസേവനത്തിനായി എം. എല്‍. എ. കുപ്പായവും തുന്നിച്ചിട്ടിറങ്ങിയ ഒരു വ്യക്തിയില്‍നിന്നാണ് ഇതൊക്കെ ഉണ്ടായത് എന്നറിയുമ്പോള്‍ ”അത് ഞമ്മളാ” എന്ന് പറയുന്ന മറ്റൊരു സമകാലീനമമ്മൂഞ്ഞുകുട്ടി നിലവാരത്തിലേക്ക് താഴുന്നത് മലയാള സിനിമ കൂടിയാണ്.

വേറെയുമുണ്ട് കുറെ രാഷ്ട്രീയ സിനിമാക്കാര്‍. എം. പി. യുടെയും, എം. എല്‍. എ. യുടെയും ഒക്കെ കുപ്പായങ്ങളില്‍ ഡെല്‍ഹീക്കും, തിരുവനന്തപുരത്തിനുമൊക്കെ വണ്ടി കയറിയതറിയാം. അവിടയോ, ഇവിടെയോ ‘ കമാ ‘ ന്നൊരക്ഷരം പറഞ്ഞതായി ആരും. കേട്ടിട്ടില്ലെങ്കിലും സിനിമയില്‍ വലിയ നാവാണ്.. ഇരയുടെകൂടെയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് വേട്ടപ്പുലിയുടെ അണ്ട തഴുകിക്കൊണ്ടേയിരിക്കും.

ഇവന്മാരൊക്കെ കൂടിയാണ് നമ്മുടെ സാംസ്‌കാരിക രംഗം ഉദ്ദീപിപ്പിക്കാന്‍ പോകുന്നത്. കൊട്ടിഘോഷിച്ച് ഇവര്‍പടച്ചു വിടുന്ന പ്രൊഡക്ടുകള്‍ ഒന്ന് കാണണം. ഇവകളില്‍ ജീവിത യാഥാര്‍ഥ്യങ്ങള്‍ ഇന്നൊരു വിഷയമേയല്ല. മനുഷ്യാവസ്ഥ ഒരു മാനദണ്ഡവുമല്ല. അന്യഗ്രഹ ജീവികളെപ്പോലെ വട്ടു പിടിച്ച കുറേ കോലങ്ങള്‍. അവരുടെകാട്ടായവും, കോപ്രായവും കുത്തിനിറച്ച കുറെ സീനുകള്‍. കാട്ടെലികളെപ്പോലെ ക്യാമറകള്‍ കരണ്ടെടുത്തുകാണിക്കുന്ന സൂക്ഷ്മ ശരീര ഭാഗങ്ങള്‍ എഛ്. ഡി. സാങ്കേതിക വിദ്യയില്‍ കണ്ണിനു മുമ്പിലെത്തിക്കുമ്പോള്‍, സര്‍ക്കാര്‍ ഔട്ട് ലെറ്റുകളില്‍ നിന്നുള്ള ചാരായമടിച്ചു കിറുങ്ങിയിരിക്കുന്ന നമ്മുടെ ന്യൂജെന്‍ആരാധകക്കുട്ടന്മാര്‍ക്ക് സുഖം. അവര്‍ പണമെറിഞ്ഞു കൊള്ളും. എല്ലാവര്‍ക്കും കിട്ടും വീതം. ഇന്നത്തെ സിനിമപറയുന്ന കാര്യങ്ങള്‍ ഏതു നാട്ടില്‍, ഏതു കാട്ടില്‍ ആണ് നടക്കുന്നത് എന്ന് അത് പടച്ചുണ്ടാക്കിയവര്‍ക്ക് പോലുംനിശ്ചയമുണ്ടെന്ന് തോന്നുന്നില്ല.

സിനിമ ഒരു വിനോദ ഉപാധിയാണ് എന്ന കാഴ്ചപ്പാട് സമൂഹത്തിന് സമ്മാനിച്ചത് ഏതു കുലദ്രോഹിയാണെന്ന്അറിയില്ലെങ്കിലും, ആ കാഴ്ചപ്പാടില്‍ കുടുങ്ങിപ്പോയ ഉല്‍പ്പാദകരും, ഉപഭോക്താക്കളും കൂടിയാണ്കലാമൂല്യങ്ങളുടെ കഴുത്തറുത്ത് മലയാള സിനിമയെ കബന്ധങ്ങളുടെ വെറും ശവങ്ങളാക്കി മാറ്റിയതും, ആശവങ്ങളുടെ അളിഞ്ഞ നാറ്റം ആസ്വദിക്കാനായി നമ്മുടെ യുവജനങ്ങളെ തീയേറ്ററിന് മുന്‍പിലെ ഭ്രാന്തന്‍പ്രകടനങ്ങളുടെ കുരങ്ങന്‍ കുട്ടിരാമന്മാരായി പരുവപ്പെടുത്തിയതും, ആ പ്രകടനങ്ങളില്‍ ഈയിടെ ഒരു വനിതകൊല്ലപ്പെട്ടതും.

ഈ ശവങ്ങളില്‍ നിന്ന് പുറത്തു വരുന്നത് നാറ്റം മാത്രമാണ്. ആ നാറ്റം ആവോളം ഏറ്റുവാങ്ങിയ മലയാളി സമൂഹത്തിന്റെ ആരാധനാ മൂര്‍ത്തികളാണ് ഇപ്പോള്‍ തെരുവില്‍ ഉടുമുണ്ടഴിഞ്ഞ് നഗ്‌നരായി നാണം കേട്ട് മുന്‍കൂര്‍ജാമ്യത്തിനായി നിയമ വവ്വാലുകളുടെ കാലുകള്‍ നക്കിക്കൊണ്ടിരിക്കുന്നതും, മനുഷ്യ മനസാക്ഷിയെ എക്കാലവുംഞെട്ടിച്ച കുല ദ്രോഹികളായി പരിണമിച്ചതും.

മദ്യ വാറ്റുകാര്‍ക്കും, പണ്ടം പണയക്കാര്‍ക്കും വന്‍കിട ബിസ്സിനസ്സ് ഗ്രൂപ്പുകളായി വളര്‍ന്നു പടരാന്‍സാഹചര്യമൊരുക്കിയ ഇക്കൂട്ടരാണ് അവര്‍ നിയന്ത്രിക്കുന്ന സെക്സും, വയലന്‍സും വിലപേശി വിറ്റ്, കേരളീയയുവത്വങ്ങളെ സെക്‌സ് ടൂറിസത്തിലേക്കും, കൊട്ടേഷന്‍ സംഘങ്ങളിലേക്കും, തീവ്രവാദ ഗ്രൂപ്പുകളിലേക്കും പ്രമോട്ട്‌ചെയ്തു കൊടുക്കുന്ന പുത്തന്‍ സാമൂഹ്യ ദുരവസ്ഥ സൃഷ്ടിച്ചെടുത്തതും.

ഈ സാമൂഹ്യ ദുരവസ്ഥയില്‍ തല കുത്തി വീണ നമ്മുടെ യുവ ജനങ്ങള്‍ മേലനങ്ങാതെ അടിച്ചു പൊളിക്കാനുള്ളതരികിട പരിപാടികള്‍ പയറ്റി പരാജയപ്പെട്ട്, ഒളിച്ചോടി കാനഡയിലെപ്പോലുള്ള കൊടും തണുപ്പിലും, അറേബ്യാന്‍ഗള്‍ഫിലെപ്പോലുള്ള കൊടും ചൂടിലും അടിമപ്പണി ചെയ്യാനായി കൂട്ടം കൂട്ടമായി ഇപ്പോള്‍ വണ്ടികയറിക്കൊണ്ടിരിക്കുന്നത് !

(സമൃദ്ധമായ മഴയുടെ കുളിരില്‍ ഒരു മുടക്കമില്ലാതെ വീണു കിട്ടുന്ന കോടാനുകോടി ഡോളറിനു പോലുംവിലമതിക്കാനാവാത്ത സൂര്യ പ്രകാശ സംശ്ലേഷണത്തില്‍ പരുവപ്പെട്ട കേരളത്തിലെ ട്രോപ്പിക്കല്‍ കണ്ണി മണ്ണ്‌ചൊവ്വാ ദോഷം ആരോപിക്കപ്പെട്ട യൗവന യുക്തയായ പെണ്ണിനെപ്പോലെ കാത്തു കിടക്കുമ്പോളാണ് ഈഒളിച്ചോട്ടം എന്നതിന് കാരണം മനുഷ്യനെ വട്ടു പിടിപ്പിക്കുന്നതും പടിഞ്ഞാറന്‍ നാടുകള്‍ പരീക്ഷിച്ചുപരാജയപ്പെട്ടതുമായ ‘ ക്രൂവല്‍ തീയറ്റര്‍ ‘ എന്ന വിഭാഗത്തില്‍ പടച്ചിറക്കിയ മലയാളത്തിലെ സിനിമകളുടെ റവന്യൂആയിരുന്നുവെന്നത് പേടിച്ചിട്ട് ആരും പുറത്തു പറയുന്നില്ലെന്നേയുള്ളു. പോരെങ്കില്‍ ‘ നടിയുടെ ശരീര സൗന്ദര്യംതീയറ്ററിലെത്തുന്ന പുരുഷന്റെ ആസക്തിയെയാണ് തൃപ്തിപ്പെടുത്തുന്നത് ‘ എന്ന് പരസ്യമായിപ്പറഞ്ഞ ഡോക്ടര്‍ശാരദക്കുട്ടിയെപ്പോലുള്ള ലോബിയിസ്റ്റുകളുടെ വെളുപ്പിക്കല്‍ തൊഴിലാളികളുടെ വേഷം കെട്ടുകളുടെകുത്തൊഴുക്കിനിടയില്‍)

സിനിമ ഒരു വിനോദ ഉപാധിയാണെന്ന് പറഞ്ഞു തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല. നമ്മുടെ കലാഭവന്‍അച്ഛന്റെ മിമിക്രി ഇളിപ്പുകാര്‍ സിനിമയില്‍ കാലുറപ്പിച്ചു തുടങ്ങിയത് മുതലാണ് ഇത് വല്ലാതങ്ങു കേറി മേഞ്ഞുതുടങ്ങിയത്. പട്ടിയും, പൂച്ചയും കരയുന്നത് അനുകരിച്ചു കൊണ്ട് കടന്നു വന്ന മിമിക്രിക്കാരെ കണ്ട് ആളുകള്‍ചിരിച്ചു. ഈ ചിരി തങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ഇളിപ്പുകാര്‍ കരുതി. കൂടുതല്‍ ഇളിപ്പിക്കാനായി കൂടുതല്‍ഇളിപ്പന്‍ പരിപാടികളിലേക്ക് അവര്‍ കടന്നു.

രാഷ്ട്രീയക്കാരും, സിനിമാക്കാരും തികച്ചും ആക്ഷേപിക്കപ്പെട്ട് ഇളിപ്പന്‍മാരിലൂടെ പുനര്‍ജ്ജനിച്ചപ്പോള്‍കരയാനാവാത്തതു കൊണ്ട് മാത്രം ജനം ചിരിച്ചു. പിന്നെപ്പിന്നെ ഈ വൈകൃതവല്‍ക്കരണത്തിലൂടെ വ്യക്തികളെതങ്ങള്‍ മഹത്വവല്‍ക്കരിക്കുകയാണെന്ന് വരെ ഇളിപ്പന്‍മാര്‍ പറഞ്ഞു നടന്നു. ഇവര്‍ക്ക് വേണ്ടി കൂടുതല്‍ ഇളിച്ചത്ഇവര്‍ തന്നെയായിരുന്നുവെങ്കിലും ചില തരികിട ചാനലുകള്‍ തങ്ങളുടെ പ്രതി ദിന പരിപാടികളില്‍ ഇളിപ്പ് ഒരുഐറ്റമാക്കിയതോടെ പല മിമിക്രിക്കാരും മഹാ പ്രതിഭകളായി മാറി. അവരില്ലാതെ സിനിമയില്ല എന്ന് വരെയായിപുരോഗമനം. പരസ്പ്പര സഹായ സഹകരണ സംഘത്തിലൂടെയുള്ള ഒരു പുറം ചൊറിയല്‍ പരിപാടി. ആര്‍ക്കുംനഷ്ടമില്ല. ഒരുത്തന്റെ പുറം ചൊറിഞ്ഞു കൊടുക്കുമ്പോള്‍ തന്നെ സ്വന്തം പുറം ചൊറിഞ്ഞു കിട്ടുന്നതിന്റെസുഖവും ഇവര്‍ അനുഭവിക്കുന്നു.

നാടോടുമ്പോള്‍ നടുവേ ഓടേണ്ട നിസ്സഹായരായ പൊതുജനം ഇതെല്ലാം കണ്ടു നിന്നു. അവരുടെ മുഖത്ത്വലിഞ്ഞു മുറുകിയ മാംസ പേശികള്‍ വിരിയിച്ചെടുത്ത ഭാവം ചിരിയാണെന്ന് തല്പര കക്ഷികള്‍ പറഞ്ഞു പരത്തി. യാഥാര്‍ഥത്തില്‍ ഇത് ചിരിയായിരുന്നില്ല. തങ്ങളുടെ മഹത്തായ കലാ- സാംസ്‌ക്കാരിക പാരന്പര്യങ്ങളെ കടിച്ചുകീറുന്ന കശ്മലന്മാരെ കൊല്ലാന്‍ കഴിയാത്തതിലുള്ള അമര്‍ഷം വലിഞ്ഞു മുറുകിയ മുഖഭാവത്തെയാണ്ചാനലുകാര്‍ ഉള്‍പ്പടെയുള്ളവര്‍ ചിരിയായി തെറ്റിദ്ധരിക്കപ്പെട്ടതും, തങ്ങളുടെ ഇടങ്ങള്‍ ഇളിപ്പന്‍മാര്‍ക്കു വേണ്ടിമലര്‍ക്കെ തുറന്നിട്ടതും.

ഇത്തരം ഇളിപ്പുകാര്‍ സിനിമാ രംഗം കീഴടക്കിയതോടെ സിനിമയില്‍ നിന്നുള്ള റവന്യൂ ഇളിപ്പു മാത്രമായി ചുരുങ്ങി. സിനിമ കണ്ടിറങ്ങിയ അപ്പന്‍ അമ്മയെ നോക്കി ഇളിച്ചു. അപ്പനും അമ്മയും കൂടി മക്കളെ നോക്കി ഇളിച്ചു. ആങ്ങളപെങ്ങളെ നോക്കി ഇളിച്ചു. പെങ്ങള്‍ അയല്‍ക്കാരനെ നോക്കി ഇളിച്ചു. ആകെ ഇളിപ്പു മയം. ഇളിപ്പന്‍ കേരളം. കേരളത്തിലെ ജനങ്ങള്‍ ഇളിക്കാനായി ജനിക്കുന്നു; ഇളിച്ചു കൊണ്ടേ വളരുന്നു; ഇളിച്ചു കൊണ്ടേ തന്നെമരിക്കുന്നു.

ജീവിതത്തിന്റെ സ്ഥായീ ഭാവമായ കാര്യമാത്ര പ്രസക്തി പടിയിറങ്ങിയതോടെ കേരളത്തിലെ ട്രോപ്പിക്കല്‍ കരിമണ്ണ്തരിശുകളായി പടരുന്നു, പൊതു സ്ഥലങ്ങളും, തെളിനീര്‍ പുഴകളും അഴുക്കു മാലിന്യം പേറി നശിക്കുന്നു, തലസ്ഥാനത്തിന്റെ ടൂറിടം പ്രൗഢിയുടെ അടയാളമായി ആമയിഴഞ്ചാന്‍ തോട് ഒഴുകിക്കൊണ്ടേയിരിക്കുന്നു. ചൊവ്വയില്‍ കോളനി സ്ഥാപിക്കാനായി പറന്നുയരുന്ന ശാസ്ത്രം തീട്ടക്കുഴിയില്‍ അകപ്പെട്ട മനുഷ്യനെ തിരയാന്‍നഗ്‌ന ശരീരവുമായി അതിലിറങ്ങുന്ന മനുഷ്യനെ കണ്ടിട്ടും നിസ്സഹായമായി പ്രതികരിക്കാതെ നോക്കി നില്‍ക്കുന്നു!

ഭരണം കുറെ വാചക ഉല്പന്നങ്ങളായി മാറുന്നു. സമൂഹ സമ്പത്തിന്റെ ഏറ്റവും വലിയ തുണ്ടുകള്‍ സ്വന്തംമാളത്തിലേക്ക് കട്ട് കടിച്ചു വലിക്കുന്ന തിരക്കിലാണ് ഭരണാധികാരികള്‍. ആര്‍ക്കും ഒന്നിനും നേരമില്ല, ടി. വി. യിലെ ഇളിപ്പന്‍ കോപ്രായം കണ്ട് മയങ്ങണം, അത്ര തന്നെ ?. സര്‍ക്കാര്‍ അരി തന്നാല്‍ മാത്രം പോരാ, മുഖ്യമന്ത്രിനേരിട്ട് വന്ന് കഞ്ഞി വച്ച് തരണം – എന്നാലേ ഞങ്ങള്‍ കുടിക്കൂ എന്നാണു നില ! അതിനല്ലേ ഞങ്ങള്‍ വോട്ടുകൊടുത്ത് ജയിപ്പിച്ച സര്‍ക്കാറുള്ളത് എന്നാണ് ചോദ്യം. ജീവിതത്തിന്റെ സീരിയസ്നെസ്സ് കൈമോശം വന്ന ഒരുജനതയ്ക്ക് ഭവിച്ച ദുരന്തം !

ഇളിപ്പിന് സപ്പോര്‍ട്ടേകാന്‍ സിനിമയില്‍ കുലുക്ക് വന്നു. ടീനേജ് യൗവനങ്ങള്‍ തങ്ങളുടെ മുഴുത്ത അവയവങ്ങള്‍കുലുക്കിയാടി. തലയും, താടിയും നരച്ച നായകക്കിളവന്മാര്‍ അവര്‍ക്കൊപ്പം അറിഞ്ഞാടി. ഈ ആട്ടത്തിനെഅതിന്റെ ഉപജ്ഞാതാക്കള്‍ സിനിമാറ്റിക് ഡാന്‍സ് എന്ന് വിളിച്ചു. ഭാഷാ പരിചയമുള്ളവര്‍ ഇതിനെ ‘ ലിംഗ സ്ഥാനചടുല ചലനം ‘ അഥവാ, അരയാട്ട് നൃത്തം എന്ന് വിളിച്ചു. അത്രക്ക് ലോക പരിചയമില്ലാത്ത നാട്ടും പുറത്തുകാര്‍എളുപ്പത്തില്‍ ഇതിനെ ‘ അണ്ടയാട്ട് ‘ എന്ന് വിളിക്കുന്നു. അറിയാതെ വിളിച്ചു പോയതാണെങ്കിലും ഇത്തരംനൃത്തത്തില്‍ അണ്ടയാണല്ലോ അമിതമായി ആടുന്നത് ?

മനഃസുഖം തേടി തീയറ്ററിലെത്തുന്ന ആസ്വാദകന്റെ ഉള്ള മനഃസുഖം കൂടി അവിടെ നഷ്ടമാവുന്നു. നീറുന്നജീവിത പ്രശ്‌നങ്ങളെ ധീരമായി നേരിടാനുള്ള പോര്‍മുഖങ്ങളൊന്നും അവന്‍ തീയറ്ററില്‍ കണ്ടെത്തുന്നില്ല. പിന്നെപുറത്ത് ലഭ്യമാവുന്ന പോര്‍മുഖം തന്നെ ശരണം. അത്തരം പോര്‍മുഖങ്ങളാണല്ലോ നമ്മുടെ സര്‍ക്കാര്‍ സ്വന്തം ഔട്ട്‌ലെറ്റുകളിലൂടെ മഹാ നഗരങ്ങള്‍ മുതല്‍ മഞ്ചാടിക്കുന്ന് വരെയുള്ള ഇടങ്ങളില്‍ തലങ്ങും വിലങ്ങും വിറ്റുകൊണ്ടിരിക്കുന്നത് ? ഈ അമൃത പാനീയം വാങ്ങാനാണല്ലോ ആഴ്വാരി തംപ്രാക്കളും അടിമപ്പുലയനുംഒരുമയോടെ ഒരേ ക്യൂവില്‍ വൈരം മറന്ന് കാവല്‍ നില്‍ക്കുന്നതും, ആളും, തരവും, മതവും, രാഷ്ട്രീയവും മറന്ന്പരസ്പരം ‘ അളിയാ ‘ എന്ന് വിളിച് ആലിംഗനം ചെയ്യുന്നതും ?

കലാരൂപങ്ങള്‍ മനുഷ്യന്റെ ജീവിത പ്രശ്‌നങ്ങളിലേക്ക് ഇറങ്ങണം. ജീവിത ഭാരത്തിന്റെ ചുമടും പേറി വരുന്ന അവന്ആശ്വാസത്തിന്റെ അത്താണിയാവണം. പ്രശ്‌നങ്ങളുടെ നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുന്ന അവന്കരയിലെത്താനുള്ള കൈത്താങ്ങാവണം. സര്‍വോപരി, സമൂഹത്തെ നേര്‍വഴിക്കു നയിക്കുവാനും, നടത്തുവാനുമുള്ള വിളക്കു മരങ്ങളാവണം.

രണ്ടാം ലോക മഹാ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ പടിഞ്ഞാറന്‍ നാടുകളെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നതില്‍ഹെമിംഗ്വേയുടെ ‘ കിഴവനും കടലും ‘ വഹിച്ച പങ്ക് വളരെ വലുതായിരുന്നുവെന്ന് സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍വിലയിരുത്തുന്നു. തന്റെ ചൂണ്ടയില്‍ കുടുങ്ങിയ വിലയേറിയ വലിയ മത്സ്യത്തെ കരയിലെത്തിക്കുവാന്‍ ഏകനായിപാട് പെടുന്ന കിഴവന്‍ സ്വപ്നങ്ങള്‍ വിടരുന്ന മനസ്സുമായി ജീവിക്കുന്ന മനുഷ്യന്റെ പ്രതീകമാണ്. മൂന്ന്രാപ്പകലുകളിലായി നീളുന്ന കിഴവന്റെ സമരത്തില്‍ അയാള്‍ നേരിടുന്ന യാതനകള്‍ ജീവിതത്തിന്റെനേര്‍ക്കാഴ്ചയാണ് അനാവരണം ചെയ്യുന്നത്. ചോരയുടെ മനം പിടിച്ചെത്തിയ കൂറ്റന്‍ സ്രാവുകള്‍ കിഴവന്റെമല്‍സ്യത്തില്‍ നിന്നും ഓരോ കടിയിലും കുറേ റാത്തലുകള്‍ അപഹരിക്കുകയാണ്. പങ്കായവും, ചൂണ്ടത്തണ്ടും, വിളക്കു കുറ്റിയും കൊണ്ട് കിഴവന്‍ സ്രാവുകളെ നേരിടുകയാണ്. സ്രാവുകള്‍ കുറെ കടിച്ചെടുത്താലുംബാക്കിയുള്ളത് വിറ്റ് തന്റെ ശിഷ്ടകാലം സുഖമായി ജീവിക്കാം എന്നതാണ് കിഴവന്റെ സ്വപ്നം.

നിരന്തരമായ സമരങ്ങള്‍ക്കൊടുവില്‍ ഒരു പ്രഭാതത്തിന്റെയോരത്ത് കിഴവന്‍ കരയിലെത്തുന്നു. വഞ്ചിവലിച്ചടുപ്പിച് അതില്‍ ചേര്‍ത്തു കെട്ടി വച്ച തന്റെ വിലയേറിയ ‘ മാര്‍ലിന്‍ ‘ മത്സ്യത്തെ കിഴവന്‍ നോക്കി. സ്രാവുകള്‍ തിന്നു തീര്‍ത്തതിന്റെ ബാക്കി ഒരു വലിയ മീന്‍മുള്ള് മാത്രം. ഒരു റാത്തല്‍ പോലുമവശേഷിപ്പിക്കാതെമുഴുവന്‍ സ്രാവുകള്‍ കൊണ്ട് പോയിരിക്കുന്നു…? തന്റെ കുടിലിലേക്ക് ആടിയാടി നടക്കുന്നതിനിടയില്‍ ഇനി മല്‍സ്യ വേട്ടയ്ക്കില്ലെന്ന് കിഴവന്‍ തീരുമാനമെടുത്തു. ആഫ്രിക്കന്‍ കാടുകളില്‍ അലറി നടക്കുന്ന സിംഹങ്ങളെ വേട്ടയാടിപ്പിടിക്കലാവാം തന്റെ അടുത്ത തൊഴില്‍ എന്നുംകിഴവനുറച്ചു.

തന്റെ കുടിലില്‍, ഒരു കാലിറക്കി, മറു കാല്‍ കയറ്റി കമിഴ്ന്നു കിടന്ന് കിഴവനുറങ്ങുകയാണ്….അലറുന്നആഫ്രിക്കന്‍ സിംഹങ്ങളെ താന്‍ വേട്ടയാടിപ്പിടിക്കുന്നത് സ്വപ്നത്തില്‍ കണ്ടു കൊണ്ട്…. സാഹചര്യങ്ങളുടെചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഫീനിക്‌സ് പക്ഷിയായി കിഴവനെ ഇവിടെ ഹെമിംഗ് വേചിത്രീകരിക്കുന്നു! ജന പഥങ്ങളെ ആവേശം കൊള്ളിക്കുന്ന ഇത്തരം കലാരൂപങ്ങള്‍ ലോകത്താകമാനംസംഭവിച്ചിട്ടുണ്ട്. ക്ലാസിക്കുകള്‍ എന്ന് തന്നെ വിളിച് കാലം അവകളെ ആദരിക്കുന്നു !

മനുഷ്യന്റെ ഉള്‍ക്കാഴ്ചകളെ വികസ്വരമാക്കി അവനെ മുന്നോട്ടു നയിക്കുന്ന ഇത്തരം രചനാ വിസ്‌പോടനങ്ങള്‍മലയാളത്തിലെ സിനിമയിലോ, സാഹിത്യത്തില്‍ തന്നെയുമോ സംഭവിച്ചിട്ടുണ്ടന്ന് എനിക്ക് തോന്നുന്നില്ല. കുറേആഢ്യന്മാരും അവരുടെ ആശ്രിതന്മാരും അങ്ങിനെ പറഞ്ഞു കൊണ്ട് നടക്കുന്നുണ്ട് എന്നേയുള്ളു. ഒരു ‘ ദുരവസ്ഥയും, വാഴക്കുലയും, വാസന്തിയും ലക്ഷ്മിയും ഞാനും മറക്കുന്നില്ല. ഇടക്ക് പിറന്നു വീണപതിനായിരങ്ങള്‍…ഒന്നിനും ഒരു ജീവനില്ല. കൊട്ടി ഘോഷിക്കപ്പെടുന്ന ‘ ചെമ്മീനി ‘ ല്‍ പോലും ഒരു സ്രാവും മൂന്നുമനുഷ്യരും ചത്തു മലച്ചു കരയ്ക്കടിയുന്നതേയുള്ളു ? ഖസാക്കിന്റെ ഇതിഹാസത്തിലെ രവി പാമ്പിന്‍ വായില്‍കല്‍ വച്ച് കൊടുത്തും, മയ്യഴിയിലെ ദാസന്‍ കടലാഴങ്ങളിലേക്ക് നടന്നടുത്തും ആത്മഹത്യയില്‍ അഭയം തേടുന്നു? ഇതൊക്കെയാണോ കലാ രൂപങ്ങളില്‍ നിന്ന് മനുഷ്യ കുലം ഉള്‍ക്കൊള്ളേണ്ടുന്ന റവന്യൂ വെല്ലുവിളികള്‍ഉയര്‍ത്തി ജീവിതം എന്ന കടല്‍ പിന്നെയും അലയടിക്കുന്നു ?

സമീപകാല മലയാള സിനിമകളെപ്പറ്റി ഒന്നും പറയാനില്ല. അവയിലധികവും കലാരൂപങ്ങളേയല്ലാ, വെറും കശാപ്പുശാലകള്‍ മാത്രമാണ്. അവിടെ തൂക്കി വില്‍ക്കുന്ന അളിഞ്ഞ വസ്തുക്കളുടെ നാറ്റം ആസ്വദിച്ച് മലയാള പ്രേക്ഷകന്‍വളര്‍ന്നു മുറ്റുന്നതിന്റെ സമകാലീന നേര്‍ചിത്രങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തു വന്നു കൊണ്ടിരിക്കുന്നആസുര ഭീകര സംഭവ പരമ്പരകള്‍ !

സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരന്മാരുടെ വംശനാശം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഇന്നുള്ളതിലധികവുംവെറും പൊങ്ങുതടികള്‍ മാത്രമാണ്. ദൈവീകമായി തങ്ങളില്‍ നിക്ഷിപ്തമായ കഴിവുകളില്‍ അവര്‍ വിശ്വാസംഅര്‍പ്പിക്കുന്നില്ല, മറിച്ചു ഭാഗ്യം തേടിയാണ് അവരുടെ അലച്ചില്‍. അതിനായി ആരുടെ കാലും നക്കും, ആരുടെഅണ്ടയും താങ്ങും.

ഇതറിയുവാന്‍ നമ്മുടെ മുഖ്യധാരാ നക്ഷത്രങ്ങളുടെ വേഷ ഭൂഷാദികള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതിയാവുന്നതാണ്. മിക്കവരുടെയും കഴുത്തിലും, കാതിലും, കയ്യിലുമൊക്കെ കുറെ എംബ്ലങ്ങള്‍ കെട്ടിത്തൂക്കിയിട്ടുണ്ടാവും; ഭാഗ്യംവന്നു ചേരാനായി അവയൊക്കെ ആരെങ്കിലും പൂജിക്കുകയോ, വെഞ്ചരിക്കുകയോ ഒക്കെ ചെയ്തിട്ടുണ്ടാവും. പിന്നെ വിവിധ നിറങ്ങളിലുള്ള കുറെ ചരടുകള്‍. മിക്ക അവയവങ്ങളിലും അതും ബന്ധിച്ചിട്ടുണ്ടാവും. ഏതോഅമ്മയോ, അപ്പനോ ജപിച്ചു കൊടുത്ത അതും കെട്ടി നടന്നാല്‍ തത്ര ഭവാന് വെച്ചടി വെച്ചടി കയറ്റമുണ്ടാവുംഎന്നാണ് വിശ്വാസം. വിശ്വാസം ആണല്ലോ എല്ലാം. ഇത്തരക്കാരുടെ കൂട്ടായ്മയാണ് സിനിമ പടച്ചുണ്ടാക്കുന്നത്. ഈ സിനിമകളില്‍ സംസ്‌ക്കാരത്തെഉല്‍ഗ്രന്ഥിപ്പിക്കുന്ന ആത്മാവുണ്ടാവുകയില്ല. കണ്ണുണ്ടെങ്കിലും കാണാനാവാത്ത, കാതുണ്ടെങ്കിലുംകേള്‍ക്കാനാവാത്ത വെറും ശവങ്ങള്‍.

ഈ ശവങ്ങള്‍ ഉണ്ടാക്കുന്ന നാറ്റം കഴുകന്മാരെ ആകര്‍ഷിക്കുന്നു. കഴുകന്മാര്‍ക്ക് വേണ്ടത് അളിഞ്ഞ ശവങ്ങളാണ്. ലക്ഷ്യബോധമോ, സാമൂഹ്യ പ്രതിബദ്ധതയോ ഇല്ലാത്ത പക്കാ ക്രിമിനലുകള്‍ നിയന്ത്രിക്കുന്ന മലയാള സിനിമാരംഗം വേണ്ടുവോളം അതുല്‍പ്പാദിപ്പിച്ചു വിടുന്നത് കൊത്തിത്തിന്നിട്ടാണ് നമ്മുടെ ജീവിത പരിസ്സരങ്ങളില്‍ പോലുംമനുഷ്യക്കഴുകന്മാര്‍ ചോരക്കണ്ണുകളുമായി വട്ടമിട്ടു പറക്കുന്നത്.

സിനിമ ഉള്‍പ്പടെയുള്ള മലയാളത്തിലെ സാംസ്‌കാരിക രംഗത്തിന് ഒരു തിരിച്ചു നടത്തം അനിവാര്യമായിരിക്കുന്നുഎന്ന് എനിക്ക് തോന്നുന്നു. ‘ ജന സമൂഹങ്ങളില്‍ പ്രവാചകന്റെ സ്ഥാനമാണ് എഴുത്തുകാരന് ( കലാകാരന് ) ഉള്ളത്, അവന്റെ ആശയങ്ങളെ കൂടി ഉള്‍ക്കൊണ്ടു കൊണ്ട് ആയിരിക്കണം അധികാരികള്‍ ഭരണ നിര്‍വഹണംനടത്തേണ്ടത്. ‘ എന്നെഴുതിയ ബഹുമാന്യനായ ശ്രീ നൈനാന്‍ മാത്തുള്ളയുടെ ഇവിടെ ഓര്‍മ്മിക്കുന്നു. അങ്ങിനെഹിന്ദിക്കുമ്പോള്‍, യദാര്‍ത്ഥ പ്രവാചക സാന്നിധ്യത്തിന്റെ അഭാവമായിരിക്കണം ഇന്നത്തെ സമൂഹത്തിന്റെ എല്ലാപ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം എന്ന് വിലയിരുത്തപ്പെടാവുന്നതാണ്.

‘ ഫലം കൊണ്ട് വൃക്ഷത്തെ അറിയണം ‘ എന്ന യവന ചിന്ത ഇന്നും പ്രസക്തമാണ്. ‘വൃക്ഷങ്ങളുടെ ചുവടുകളില്‍കോടാലി വച്ചിരിക്കുന്നു, നല്ല ഫലം കായ്ക്കാത്തവ വെട്ടി തീയില്‍ ഇട്ടു ചുട്ടു കളയും ‘ എന്ന ബൈബിള്‍പ്രഖ്യാപനം ഇന്നും ഏവര്‍ക്കുമുള്ള ഒരു മുന്നറിയിപ്പാണ്. കാലത്തിന്റെ കോടാലിയും തോളിലേന്തി വെട്ടുകാരന്‍വരുന്നുണ്ട്. ഏതൊക്കെ വടവൃക്ഷങ്ങളാണ് ചുവട് മുറിഞ് തീയില്‍ പതിക്കാന്‍ പോകുന്നതെന്ന് നമുക്ക്കാത്തിരിക്കാം.?

About The Author

Leave a Reply

Your email address will not be published. Required fields are marked *