തേരേറി ചിരിതൂകി നീരാടാനര്‍ക്കന്‍പോകേ
താഴെയീമന്നില്‍തരും വെളിച്ചം പരക്കുമ്പോള്‍,
താരണിഞ്ഞുഷസ്സേറെ മോദമോടണഞ്ഞിടും
താലവുമേന്തി നമ്മെ തൊട്ടുണര്‍ത്തീടാനായി..
പാരിലന്നമുണ്ടാകാന്‍ സര്‍വ്വതും നുകര്‍ന്നിടാന്‍
പൂവിലിത്തിരി തേനിന്‍ മധുരം നിറച്ച നീ,
പാഥേയമുണ്ണാറില്ല ദാഹനീരുമില്ലാതെ
പാലിക്കുന്നതെല്ലാം നല്കി തീയുടുപ്പണിഞ്ഞെന്നും..
മാനത്താതിരചാര്‍ത്തി മേദിനിക്കര്‍ത്ഥംനല്കി
മാലേയഗന്ധംപൂശി മന്ദഹാസമോടെന്നും,
മോഹനംപാടും നിന്റെ ഹൃത്തിലുണ്ടായീടേണം
മൂല്യമേറുമൂര്‍ജ്ജത്തിന്‍ വറ്റാത്ത പാലാഴികള്‍..
വാസരംതരും പ്രാണവായുവും തരും സര്‍വ്വം
വാഴുവാനെല്ലാം തരും ദാനമായ് മുടങ്ങാതെ,
വാനിലും വരും വിശ്വം പോറ്റുവാന്‍ വിളക്കുമായ്
വാടാതെ തളരാതെ തേജസ്സോടെരിഞ്ഞിടാന്‍..
ചാമരംവീശാറില്ല ക്ഷീണമോടൊരിക്കലും
ചായുറങ്ങാറുമില്ല തീയണയ്ക്കാറുമില്ല,
ചാരമില്ലെരിയുമ്പോള്‍ ചാപലം തോന്നാറില്ല
ചേലെഴും നീയാണെല്ലാം വന്നുദിക്കണം നിത്യം…











