സന്തോഷം, ദിവ്യാനുഭവം-ഡോ. പി.എന്‍ ഗംഗാധരന്‍ നായര്‍

Facebook
Twitter
WhatsApp
Email

ഒരിക്കല്‍ ദുര്യോധനന്‍ ശ്രീകൃഷ്ണനെ സമീപിച്ച് ചോദിച്ചു, കൃഷ്ണാ ഈ ലോകത്തിലുള്ളവരെല്ലാം എന്നെ ദുഷ്ടനായിട്ടാണ് കാണുന്നത്. അതേസമയം ധര്‍മ്മപുത്രരെ നല്ലവനായിട്ടും. ഞാനെന്തു തെറ്റാണ് ചെയ്തത്? ഞാന്‍ ധര്‍മ്മം മാത്രമല്ലേ ചെയ്തിട്ടുള്ളൂ?. അപ്പോള്‍ ശ്രീകൃഷ്ണന്‍ പറഞ്ഞു, ദുര്യോധനാ നിന്റെ ചോദ്യത്തിന് ഞാന്‍ നാളെ ഉത്തരം നല്‍കാം. പക്ഷേ നാളെ നീ വരുമ്പോള്‍ എവിടെ നിന്നെങ്കിലും ഒരു നല്ല മനുഷ്യനെകൂടി കൂട്ടിക്കൊണ്ടു വരണം.

അങ്ങനെ ചെയ്യാമെന്ന് പറഞ്ഞ് ദുര്യോധനന്‍ അവിടെ നിന്നും പോയി. അപ്പോള്‍തന്നെ ശ്രീകൃഷ്ണന്‍ ധര്‍മ്മപുത്രരെയും വിളിപ്പിച്ചു. നാളെ വരുമ്പോള്‍ എവിടെ നിന്നെങ്കിലും ഒരു ചീത്ത മനുഷ്യനെകൂടി കൊണ്ടുവരണമെന്ന് അദ്ദേഹത്തോട് ശ്രീകൃഷ്ണന്‍ പറഞ്ഞു.

പിറ്റേദിവസം ദുര്യോധനനും ധര്‍മ്മപുത്രരും ശ്രീകൃഷ്ണന്റെ മുമ്പില്‍ എത്തി. പക്ഷേ അവരുടെ കൂടെ വേറെ ആരും ഉണ്ടായിരുന്നില്ല. ശ്രീകൃഷ്ണന്‍ ദുര്യോധന നോട് ചോദിച്ചു, എന്തുപറ്റി, ഒരു നല്ല മനുഷ്യനെകൂടി കൂടെ കൂട്ടണമെന്നല്ലേ ഞാന്‍ താങ്കളോട് പറഞ്ഞത്. എവിടെ ആ നല്ല മനുഷ്യന്‍?. കൃഷ്ണാ ഞാനെന്തു ചെയ്യാന്‍? ഈ ഹസ്തിനപുരിയിലാകെ ഞാന്‍ ഇന്നലെ തിരഞ്ഞു. പക്ഷേ ഒരൊറ്റ നല്ല മനുഷ്യനെ കാണെണ്ടെ? എല്ലാം ദുഷ്ടന്മാര്‍ മാത്രം. പിന്നെന്തു ചെയ്യും, ദുര്യോധനന്‍ തെല്ലു പരിഭവത്തോടെ പറഞ്ഞു. കൃഷ്ണന്‍ ധര്‍മ്മപുത്രരുടെ നേരെ തിരിഞ്ഞു ചോദിച്ചു, താങ്കള്‍ക്കെന്തുപറ്റി?. എന്റെ കാര്യവും അങ്ങനെതന്നെകൃഷ്ണാ.

എത്ര തിരഞ്ഞുനടന്നിട്ടും ഈ ഹസ്ത്തിനപുരിയില്‍ എങ്ങും ഒരൊറ്റ ചീത്ത മനുഷ്യനെ പോലും കാണാനായില്ല. പിന്നെ ഞാന്‍ എന്തു ചെയ്യും?.

ശ്രീകൃഷ്ണന്‍ ദുര്യോധനനോട് പറഞ്ഞു, ദുര്യോധനാ താങ്കളുടെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ലേ?

ഹസ്ഥിനപുരയില്‍ എല്ലായിടത്തും തിരഞ്ഞിട്ടും ഒരു നല്ല മനുഷ്യനെ താങ്കള്‍ക്ക് കണ്ടെത്താനായില്ല. കാരണം, താങ്കള്‍ മറ്റുള്ളവരില്‍ നന്മയും സ്‌നേഹവുംകാണുന്നില്ല, തിന്മ മാത്രമേ കാണുന്നുള്ളൂ. അതുകൊണ്ട് എല്ലാവരും താങ്കളെ ഒരു ചീത്ത മനുഷ്യനായിട്ടാണ് ഗണിക്കുന്നത്. നേരെമറിച്ച് ധര്‍മ്മപുത്രരെ നോക്കൂ, അദ്ദേഹത്തിന് ഒരൊറ്റ ചീത്ത മനുഷ്യനെയും ഈ രാജ്യത്ത് കാണാനാകുന്നില്ല. കാരണം, അദ്ദേഹത്തിന്റെ കണ്ണില്‍ എല്ലാവരും നല്ലവരാണ്.അതുകൊണ്ട് അദ്ദേഹത്തെ എല്ലാവരും നല്ലവനായി കാണുന്നു. അതായത് നമ്മുടെ മനസ്സിലെ നന്മയും തിന്മയും തന്നെയാണ് നാം പുറത്തു കാണുന്നത്. അതനുസരിച്ചാണ് നമ്മളില്‍ സന്തോഷം നിലകൊള്ളുന്നത്. ശ്രീകൃഷ്ണന്റെ മറുപടി കേട്ട് ദുര്യോധനന്റെ തലകുനിഞ്ഞു.

ഈ കഥയിലെ ദുര്യോധനനെ പോലെയാണ് നമ്മള്‍ ഏറെയും.അതുകൊണ്ട് നമ്മള്‍ പലരുടെയും ചിന്തകള്‍ നിഷേധാത്മകമായി തീരുന്നു. ഇത്തരം നിഷേധ ചിന്തകള്‍ ഒഴിവാക്കിയാല്‍ ജീവിതത്തില്‍ സ്വന്തം വ്യക്തിത്വത്തെ നല്ല രീതിയില്‍ രൂപപ്പെടുത്താനും സന്തോഷിക്കുവാനും സാധിക്കും.

രത്തന്‍ ടാറ്റ തന്റെ യഥാര്‍ത്ഥ സന്തോഷം തിരിച്ചറിഞ്ഞ ഒരു സന്ദര്‍ഭം,അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളത് വളരെ പ്രസിദ്ധമാണ് : ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ രത്തന്‍ ടാറ്റയോട് അവതാരകന്‍ ചോദിച്ചു, ഈ ജീവിതത്തില്‍ താങ്കള്‍ക്ക് ഏറ്റവും സന്തോഷം തോന്നിയ നിമിഷം ഏതാണ്? അപ്പോള്‍ അദ്ദേഹം പറഞ്ഞു, ഞാന്‍ എന്റെ ജീവിതത്തില്‍ വ്യത്യസ്തമായ നാല് ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് :

(1).ധാരാളം പണവും സ്വത്തും സമ്പാദിച്ചു, പക്ഷേ ഞാന്‍ ആഗ്രഹിച്ച സന്തോഷം ലഭിച്ചില്ല.

(2).വിലപിടിപ്പുള്ള വസ്തുക്കള്‍ ശേഖരിച്ചു.അപ്പോള്‍ കിട്ടിയ സന്തോഷം താല്‍ക്കാലികം മാത്രമായിരുന്നു.

(3). പുതിയ വലിയ പ്രോജക്ടുകള്‍ ആരംഭിച്ചു. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ സ്റ്റീല്‍ ഫാക്ടറികളുടെ ഉടമയായി. ഇന്ത്യയിലെയും ആഫ്രിക്കയിലെയും 95% എണ്ണവിതരണത്തിന്റെയും ചുമതല എനിക്കായി. എന്നിട്ടും ഞാന്‍ സ്വപ്നം കണ്ട സന്തോഷം എനിക്ക് ലഭിച്ചില്ല.

(4). 200 ഭിന്ന ശേഷിക്കാര്‍ക്കായുള്ള കുട്ടികള്‍ക്ക് വീല്‍ചെയറുകള്‍ വിവരണം ചെയ്യുന്ന സന്ദര്‍ഭത്തില്‍ ഒരു കുട്ടിയുടെ പെരുമാറ്റം എന്നെ വല്ലാതെ അസ്വസ്ഥനാക്കി. ആ കുട്ടി പറഞ്ഞു,’ ഞാന്‍ താങ്കളുടെ മുഖം നന്നായി ഓര്‍ത്തുവയ്ക്കും.നാളെ സ്വര്‍ഗ്ഗത്തില്‍ വച്ച് നമ്മള്‍ പരസ്പരം കണ്ടുമുട്ടുമ്പോഴും എനിക്ക് താങ്കളോട് നന്ദി പറയണം’.

ആ സന്ദര്‍ഭം രത്തന്‍ ടാറ്റ ഇങ്ങനെ വിശദീകരിച്ചു: ‘സന്തോഷംകൊണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. അധികാരത്തിലോ പണത്തിലോ പ്രശസ്തിയിലോ അല്ല,മറ്റുള്ളവരെ കൂടി നമ്മളോട് ചേര്‍ത്തു പിടിക്കുന്നതില്‍ ആണ് യഥാര്‍ത്ഥ സന്തോഷം എന്ന് ആ കുഞ്ഞില്‍ നിന്നും ഞാന്‍ തിരിച്ചറിഞ്ഞു.അന്ന് യഥാര്‍ത്ഥ സന്തോഷം എന്തെന്ന് ഞാന്‍ അനുഭവിച്ചു’.

മനുഷ്യനന്മയിലുള്ള നമ്മുടെ വിശ്വാസം ജീവിതത്തില്‍ സന്തോഷം ആര്‍ജ്ജിക്കുന്നതിനുള്ള ഒരു സുപ്രധാന ഘടകമാണ്. പ്രാചീന ഗ്രീസിലെ ഈസോപ്പ് അപ്പൂപ്പന്‍ ഒരു ദിവസം ഒരു മരച്ചുവട്ടില്‍ വിശ്രമിക്കുകയായിരുന്നു. അപ്പോള്‍ ‘ആര്‍ഗോസ്’ നഗരത്തില്‍ നിന്നും അവിടെ എത്തിയ ഒരു യാത്രക്കാരന്‍ പറഞ്ഞു, ഞാന്‍ ഏതന്‍സ് നഗരത്തില്‍ താമസമാക്കാന്‍ വന്നതാണ്. ഇവിടുത്തെ ആളുകളൊക്കെ നല്ലവരാണോ ?

അപ്പോള്‍ ഈസോപ്പ് ചോദിച്ചു, ആദ്യം ആര്‍ഗോസി ലുള്ളവര്‍എങ്ങനെയാണെ ന്ന് പറയൂ. ഹോ അവിടെയുള്ളവര്‍ എല്ലാം മഹാ ദുഷ്ടന്മാരും വഞ്ചകന്മാരുംആണെന്നേ അതുകൊണ്ടല്ലേ ഞാനിവിടേക്ക് താമസം മാറ്റുന്നത്.ഇതുകേട്ട് ഈസോപ്പ് അപ്പൂപ്പന്‍ വളരെ ദുഃഖത്തോടെ പറഞ്ഞു,ഏതന്‍സുകാരും ഒട്ടും മെച്ചമല്ല.അവരും ദുഷ്ടന്മാരാണ് ചങ്ങാതി. ഇത് കേട്ട് അയാള്‍ അവിടെ നിന്നും പോയി. അല്പം കഴിഞ്ഞപ്പോള്‍ മറ്റൊരു യാത്രക്കാരന്‍ ആര്‍ഗോസ് നഗരത്തില്‍ നിന്നു തന്നെ ഏതന്‍സില്‍ താമസമാക്കാന്‍ എത്തി. ഈസോപ്പിന്റെ പഴയ മറു ചോദ്യത്തിന് യാത്രക്കാരന്റെ മറുപടി ഇപ്രകാരമായിരുന്നു : അവിടെയുള്ളവര്‍ നല്ലവര്‍. പിരിയാന്‍ എന്ത് ബുദ്ധിമുട്ടായിരുന്നെന്നൊ.

അതുകേട്ട് ഈസോപ്പ് പുഞ്ചിരിയോടെ പറഞ്ഞു, വിഷമിക്കേണ്ട ചങ്ങാതി. ഏതന്‍സില്‍ ഉള്ളവരും നല്ലവരാണ്.താങ്കള്‍ക്ക് ഇവിടെ ഒരു വിഷമവും ഉണ്ടാവില്ല. ഇതെല്ലാം കേട്ടുകൊണ്ടിരുന്ന വഴിപോക്കന്‍

ഈസോപ്പിനോട് ചോദിച്ചു. രണ്ടുപേരോടും വിപരീത അഭിപ്രായം എന്തെ പറഞ്ഞത് ? അതിന് ഈസോപ്പിന്റെ മറുപടി ഇതായിരുന്നു :

‘നാം മറ്റുള്ളവരെ എങ്ങനെ കാണുന്നുവോ അങ്ങനെയാണ് മറ്റുള്ളവര്‍ നമ്മളെയും കാണുന്നത്. മനുഷ്യന്റെ നന്മയില്‍ വിശ്വസിക്കുന്നവരാകട്ടെ എവിടെ ചെന്നാലും ചുറ്റും നന്മയേ ദര്‍ശിക്കൂ. എല്ലാവരും ദുഷ്ടന്മാരാണെന്നു വിശ്വസിച്ച് നടക്കുന്നവര്‍ എവിടെ ചെന്നാലും ദുഷ്ടന്മാരെ മാത്രമേ കാണൂ. അവര്‍ക്ക് ജീവിതത്തില്‍ സന്തോഷം ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടേണ്ടിവരും.
ഐക്യരാഷ്ട്രസഭയുടെ 2016ലെ ‘ദി വേള്‍ഡ് ഹാപ്പിനെസ്സ് റിപ്പോര്‍ട്ട്’ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ സമാധാനത്തോടെയും സന്തോഷത്തോടെയും മനുഷ്യര്‍ ജീവിക്കുന്ന ആദ്യത്തെ പത്ത് രാജ്യങ്ങളിവയാണ് :

ഡെന്മാര്‍ക്ക്, സ്വസര്‍ലാന്‍ഡ്, ഐസ് ലാന്‍ഡ്, നോര്‍വേ, ഫിന്‍ലാന്‍ഡ്, കാനഡ, നെതര്‍ലാന്‍ഡ്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, സ്വീഡന്‍. മാനവികതയില്‍ നിന്നാണ് സന്തോഷവും സമാധാനവും ഉണ്ടാവുക എന്ന് ഈ രാജ്യങ്ങളിലെ ജനങ്ങള്‍ മനസ്സിലാക്കുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *