LIMA WORLD LIBRARY

പ്രണയ സാഫല്യം-ജയന്‍ വര്‍ഗീസ്

ആകാശ ഗംഗയിലോളം മുറിച്ചെത്തീ
സൂര്യ കുമാരന്റെ തോണി
തീരത്ത് നാണത്തിന്‍ നീല നിലാവല-
ത്താഴത്ത് ഭൂമിക്കിടാത്തി

തേജസാമാമുഖ ശോഭയില്‍ പെണ്ണിന്റെ
മാറത്തു പ്രേമ വികാരം
നാണിച്ചു ദര്‍ഭ മുന കൊണ്ട ഭാവത്തി-
ലാ രൂപം വീണ്ടും നുകര്‍ന്നു.

മേഘങ്ങള്‍ വണ്ടുകള്‍ മൂളിപ്പറന്നെത്തി
യോമലെ തൊട്ടുരുമ്മുമ്പോള്‍
ഓടിഒപ്പിടഞ്ഞെത്തി യോടിച്ചാ നാണത്തെ
മാറോടു ചേര്‍ത്തു പുണര്‍ന്നു !

തോഴിമാര്‍ പോലുമറിഞ്ഞില്ല കന്യകാ
ബീജാപദാന സുഷുപ്തി.
ജീവന്‍ ! പ്രപഞ്ച മഹാ വന സൗഭാഗ്യ
കാലടി പിച്ച വയ്ക്കുന്നു !

കോരിത്തരിച്ചു പോയ് ഭൂമി –
യിവള്‍ തന്റെ
മാറിലെ ചൂടില്‍ വളര്‍ത്തി
കോടി യുഗങ്ങള്‍ വിരിയിച്ച സ്വപ്നങ്ങള്‍
യാഥാര്‍ഥ്യമായതറിഞ്ഞു !

ഇല്ല മറ്റെങ്ങുമില്ലാ യിതു പോലൊരു
ജന്മ സാഫല്യ പ്രപഞ്ചം !
നിത്യ സുഗന്ധിയാം സുന്ദരി ഭൂമിക്ക്
കിട്ടിയ മുത്താണ് ജീവന്‍ !

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px