പുത്തനാമൊരു ജുബ്ബ
വാങ്ങുവാന്‍ ഞാനിന്നലെ-
പ്പേരെഴും’തീര്‍ത്ഥാസി’ന്‍റെ
തൃപ്പടി കയറവേ,
ചുണ്ടത്തു ചായംതേച്ച
മൂന്നുകന്യകമാര്‍ വന്നു
സാദരമെതിരേറ്റു
‘കോളിനോസ് ചിരി’യോടെ
“ഷര്‍ട്ടുവേണമോ പുത്തന്‍
പാന്‍റ്സുവേണമോ, മോഡേണ്‍
ജുബ്ബ വേണമോ ചൊല്ലൂ
കൂട്ടിനായ് വരാം ഞങ്ങള്‍”
ഉത്തരംപറഞ്ഞീല-
യെങ്കിലുമവരെന്നെ
‘ലിഫ്റ്റി’ന്‍റെയടുക്കലേ-
ക്കാനയിച്ചാഘോഷമായ്.
“ഖദര്‍ജുബ്ബകളേതു
ഫ്ളോറിലാണറിയാമോ
കാണിച്ചുതന്നാല്‍ വേഗം
പോയി ഞാനെടുത്തോളാം”
പറഞ്ഞുതീരും മുമ്പേ
ലിഫ്റ്റിലെന്നെയും കേറ്റി-
യൊമ്പതാം നിലയില്‍ക്കൊ-
ണ്ടിറിക്കീ കുമാരിമാര്‍
“വേണ്ടതു നോക്കിക്കൊള്ളു
താഴെപ്പോയ ്വരാം ഞങ്ങള്‍”
മന്ദഹാസത്തോടവര്‍
നടന്നു മറഞ്ഞുപോയ്.
എന്തൊരു ശാലീനത;
യെന്തൊരു കുലീനത-
യെത്രമേല്‍ വിനയം വാര്‍-
ന്നൊഴുകും പെരുമാറ്റം!
അവരെ വണങ്ങുവാ-
നെന്മനം കൊതിച്ചുപോ-
യവരാണിവടത്തെ
‘റിസ്പഷന്‍ മാലാഖമാര്‍’!
ഒരു ചാണ്‍ വയറിനായ്
പാവമിപ്പെണ്‍കുട്ടിക-
ളെത്രയോ വേഷംകെട്ടി-
യാടുന്നു ദിനംതോറും.
ഒട്ടുമേ മടിയാതെ,
ഒട്ടുമേ പതറാതെ
സേവനമനുഷ്ഠിപ്പു
രാപകലെന്യേയിവര്‍.
* * * * * * * * * * * *
ജുബ്ബകളൊന്നൊന്നായ് ഞാന്‍
നോക്കിക്കൊണ്ടിരിക്കവേ
കോഫിയും ബിസ്ക്കറ്റുമായ്
വന്നവര്‍ വീണ്ടും മുന്നില്‍.
“ചൂടാറിപ്പോകുംമുമ്പേ-
യൊരുകപ്പെടുക്കൂ സാര്‍”
കയ്യിലെ ‘ട്രേ’ നീട്ടിക്കൊ-
ണ്ടൊരു പെണ്‍കൊടി ചൊല്ലു.
നിറഞ്ഞ മനസ്സോടെ
കോഫിയും കുടിച്ചുഞാന്‍
ജുബ്ബയ്യും വാങ്ങിപ്പയ്യെ-
പ്പോകുവാനൊരുങ്ങവേ,
നന്ദിചൊല്ലുവാനെന്‍റെ-
യന്തികത്തെത്തീയവര്‍
നിറഞ്ഞചിരിയോടും
കൂപ്പുകൈയോടും കൂടി,
“ഇനിയും വരണം സാര്‍,
മേത്തരം ‘ക്വാളിറ്റി’ യാ-
ണിവിടെയെല്ലാറ്റിനും
വിലയും കുറവാണ്!”
നമസ്തേ പറഞ്ഞു ഞാന്‍
പടികളിറങ്ങവേ-
യവരെപ്പറ്റിത്തന്നെ-
യോര്‍ത്തുപോയ് വീണ്ടും വീണ്ടും.
എന്തൊരു ശാലീനത;
യെന്തൊരു കുലീനത-
യെത്രമേല്‍ വിനയം വാര്‍-
ന്നൊഴുകും പെരുമാറ്റം
ഒരുചാണ്‍ വയറിനായ്
പാവമിപ്പെണ്‍കുട്ടിക-
ളെത്രയോ വേഷം കെട്ടി
യാടുന്നു ദിനംതോറും
അച്ചനുമമ്മയ്ക്കുമൊ-
രത്താണിയാകാനല്ലോ
നിസ്വരാമിവര്‍ഷവേഷം
കെട്ടുന്നതിതേമട്ടില്‍!
എപ്പോഴും ‘റെഡീമെയ്ഡു
ചിരികള്‍’ നമുക്കേകു-
മിവര്‍തന്‍ ആത്മാവിലെ
ദുഃഖമാരറിയുന്നു?
ഇവര്‍തന്നകനെഞ്ചി-
ലെരിയും നെരിപ്പോടു
കാണുവാന്‍ പലപ്പോഴും
നമുക്ക് കണ്ണില്ലല്ലോ!
About The Author
No related posts.