മധുമൊഴി തൂകും മലയാളത്തിന്‍
മഞ്ജിമയോലും സ്‌നേഹസ്പര്‍ശം
മാനവസംസ്‌കാരത്തിന്‍ വിജയപതാക
മാനത്തോളമുയര്‍ന്നു പറക്കട്ടെ
മഴവില്ലിന്‍ ചാരുതപൂപ്പടയേന്തും
മാമലനാടെന്‍ കോമള കേരള നാട്
മലനിരകള്‍ മരതക പട്ടു വിരിക്കും
മോഹിത ഹരിത വസന്തോല്ലാസം
മതവൈരമെഴാത്തതാം മാനവ മൈത്രി
മകുടം ചൂടും കേരള മേദിനി
മംഗള ദായിനി മോഹന രൂപിണി
മലയും പുഴയും താഴ്വാരങ്ങളും
മണിവീണകള്‍ മീട്ടും നാടിന്‍ജന്മദിനം
മേദുരമോദ മനോഹര സുദിനം
മത്താടി മതിച്ചു പാടുക നീ മനമേ
മധുകുംഭങ്ങളുടച്ചീ കേരളധരയുടെ
മൂര്‍ദ്ധാവില്‍ അഭിഷേകത്തിന്‍
മാല്യം ചാര്‍ത്തുക…
മലയാളത്തിന്‍ കീര്‍ത്തി സുഗന്ധം
മാമലതാണ്ടി വിശ്വം നിറയട്ടെ…
മംഗളം പൂക്കും കേരള മഹിതേ
മംഗളം മംഗളം കോടി കോടി മംഗളം













