ആലങ്കാരികതയുടെ മനുഷ്യാകാരം-ആര്‍വി പുരം സെബാസ്റ്റ്യന്‍

Facebook
Twitter
WhatsApp
Email

(കവിതാവിഷയം-ചില്ലുകൂട്ടിലെ അലങ്കാരമത്സ്യങ്ങള്‍)

കണ്ണിലുടക്കിയ സൗന്ദര്യത്തെ
വാണിജ്യവത്കരിച്ചവര്‍
അഭിരമിക്കുന്ന ഒരു ലോകം നമുക്കുണ്ട്.
ആലങ്കാരികതയുടെപേരില്‍
കൂട്ടിലടയ്ക്കപ്പെട്ടവരുടെ
ജീവിതം അതില്‍ തുടരുന്നു.

തുടക്കവും ഒടുക്കവും അന്യനുവേണ്ടിമാത്രം
സമര്‍പ്പിച്ച ജീവിതങ്ങള്‍
പലപ്പോഴും ചില്ലുകൂട്ടിലടയ്ക്കപ്പെടുന്നു.
പ്രതീകാത്മകമായ ചില്ലുകൂടുകള്‍
ഉടനീളം പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍
അലങ്കാരമത്സ്യങ്ങളെപ്പോലെ പലരും
ചെറിയൊരു ലോകത്തില്‍ ഒറ്റപ്പെടുന്നു.

കൂട്ടുനില്ക്കുവാന്‍ ഓളങ്ങള്‍മാത്രമുള്ള
വെള്ളക്കെട്ടില്‍ മോഹഭംഗങ്ങള്‍
അലിയാതെയും അലയാതെയും കിടക്കുന്നു.

നിസ്തുലമായ ജീവിതത്തെ
പലതിനോടുമുപമിച്ചുപമിച്ച്
മനുഷ്യന്‍ ജീവിതം അവസാനിപ്പിക്കുന്നു
വെള്ളത്തിലകപ്പെട്ടുപോയ മത്സ്യങ്ങള്‍
പ്രാണവായുതേടി പൊന്തിവരുമ്പോഴും
കാഴ്ചകള്‍ കണ്ട് പരിഭ്രാന്തരാകുന്നു
മുങ്ങിയാല്‍ ഇനിയൊരിക്കലും
പൊങ്ങരുതെന്ന ചിന്തയാലവ
ജലനെഞ്ചിലേക്ക് ഊളിയിട്ടാഴുന്നു
ജീവിതത്തിന്റെ പലഘട്ടങ്ങളിലെയും
നിസ്സഹായരായ ചില മനുഷ്യരെപ്പോലെ!

കരയും വെള്ളവും വേര്‍തിരിച്ചു പറയാനാവാത്ത
ജീവിതതുരുത്തുകളില്‍
മനുഷ്യര്‍ ചിപ്പോഴെങ്കിലും
അലങ്കാരമത്സ്യങ്ങള്‍ക്കുതുല്യമാകുന്നു!
അവനവനുവേണ്ടിമാത്രം അവനവനെ
അലങ്കരിക്കുന്ന ചില ആകാരങ്ങള്‍!

വഴിയോരങ്ങളിലെവിടെയോ
വിപണനസാദ്ധ്യതയ്‌ക്കൊരുങ്ങുന്ന
ചില അലങ്കാരമത്സ്യങ്ങളെപ്പോലെ
അവര്‍ മുങ്ങിയും പൊങ്ങിയും കാലംകഴിക്കുന്നു!

About The Author

Leave a Reply

Your email address will not be published. Required fields are marked *