പത്തിയമര്‍ത്തുന്ന തിരകള്‍-ജയരാജ് പുതുമഠം

Facebook
Twitter
WhatsApp
Email

പാരിന്റെ കന്മഷമൂറ്റാന്‍ ജ്വലിച്ച
മേഘഗര്‍ജ്ജനങ്ങളില്‍
നുരയുന്നതൊക്കെയും
അനീതിയുടെ പാഴ്‌ച്ചെടികള്‍ മാത്രം
വിഹായസ്സിന്‍ നവജ്വാലയില്‍
ചിദാനന്ദനാളം കൊളുത്താന്‍
ഒരുങ്ങിയുണരുന്ന തിരമാലകള്‍
ഭയപ്പാടിന്റെ മാളങ്ങളില്‍ ചുരുണ്ട്
പത്തിയമര്‍ത്തി മുരളുന്നു

കൊഴിഞ്ഞിറങ്ങി തളര്‍ന്ന
തൂവലുകള്‍ പെറുക്കി തലോടാന്‍
കിളിമാനസരില്ലിവിടെയെന്നാലും
അറിവിന്നപ്പുറത്തുണ്ടനവധി
അഖിലാണ്ഡ സ്‌നേഹതീര്‍ത്ഥങ്ങള്‍
കുളിരായ് എന്നറിയുക

അഴുകുന്ന പുല്‍മേടുകളില്‍
കാലികമായി മുളയ്ക്കുന്ന
പ്രതീക്ഷാനാമ്പുകളില്‍
മൗനമായ് നിഴലുകള്‍ നിറച്ച്
പ്രകൃതിമീട്ടുന്ന സ്വരസുധാമഴയില്‍
മധുകണം നുകര്‍ന്ന്
മുന്നിലെ മായാപൊയ്കയില്‍
സായൂജ്യമുണ്ണാന്‍ കൊതിക്കുന്ന
വേഴാമ്പല്‍ കൂട്ടങ്ങളാണിപ്പോഴും നാം

About The Author

Leave a Reply

Your email address will not be published. Required fields are marked *