സാഗരം വെടിഞ്ഞെത്തും സൂര്യനന്തിയോളവും
സാരസം വിടര്‍ന്നപോല്‍ ശോഭയോടെരിയുമ്പോള്‍,
സാദ്ധ്വിയാം ധരിത്രിയില്‍ പൊന്നൊളി പരക്കുന്നു
സാതമോടുണര്‍ന്നെല്ലാം ജീവിതം നയിക്കുവാന്‍..
സാമഗാനമോതി നീ പ്രാണനെ പോറ്റാനെന്നും
സാമ്യമില്ലാതെയൂര്‍ജ്ജം തന്നനുഗ്രഹിക്കാനായ്,
സാദരം വണങ്ങിടാം പൊന്നണിഞ്ഞുദിക്കുവാന്‍
സാദമില്ലാതെ വിണ്ണില്‍ തേരിലാഗമിക്കണം..
സിദ്ധനര്‍ക്കനന്യര്‍ക്കായ് സ്വയമഗ്‌നിയും ചൂടി
സിന്ധുവിന്നാഴംതേടി പോകുവോളവും നിന്റെ,
സുഗന്ധം നിറഞ്ഞേറും കാരുണ്യാമൃതം തൂകി
സുഖമോടെന്നും ഭൂമി വാഴുവാന്‍ തുണയ്ക്കണം..
സുപ്തിയില്ലാതെ താനേ വിളക്കായെരിഞ്ഞോരോ
സുദിനം നല്കാനായി തുടുത്താകാശംതന്നില്‍,
സുചിരം വേണം നിന്നെ കണ്ടുകണ്ടാനാരതം
സുസ്മിതം പൊഴിച്ചൂഴി സാമോദം വലംവെക്കാന്‍..
സുരസിന്ധുവില്‍ നീന്തും പുണ്യതാരമേ നിത്യം
സുന്ദരാനനം തെളിഞ്ഞൊളി തൂകുവാനായി,
സൂനമായ് വിടര്‍ന്നാളി തൂമയോടെന്നും കാണാന്‍
സൂക്തമോതിടാം ഞങ്ങള്‍ പാദവും നമിച്ചിടാം…
About The Author
No related posts.