സ്വപ്ന സുന്ദരി-ദീപ ബിബീഷ് നായര്‍

Facebook
Twitter
WhatsApp
Email

ഹന്ത! ചാരുതയാര്‍ന്നു നില്‍ക്കുന്നിതാ
ചന്തമേറുമൊരു പൂവിന്നിതള്‍ പോലെ
മന്ദഹാസിനീ സുന്ദരീ നിന്‍ മലര്‍
ചുണ്ടിലുണ്ടോ മധുവിന്‍ ചഷകവും

കോമളാംഗീ തവ തനുവര്‍ണ്ണമോ
കാണ്മതിന്നൊരു കാഞ്ചന രൂപമായ്
കണ്ടൊരാ കാര്‍കൂന്തലിന്നോളങ്ങള്‍
കണ്ണിനിമ്പമായരയിളക്കം വരെ

നല്ല വീതിക്കസവിന്‍ ഞൊറികളില്‍
തെല്ലുടക്കി നില്‍ക്കുന്നൊരാ നാഭിയും
ചെന്താമരപ്പൂമൊട്ടിന്‍ കലശവും
ചന്തമേറ്റുന്നു നിന്നിലെ യൗവനം

വജ്രമായ് തിളങ്ങുന്നൊരക്ഷികള്‍
കാന്തശക്തിപോലെന്നെ വിളിക്കുന്നു
കാമദേവന്‍ വരം തന്ന നീയൊരു
കാമിനിയാകും ഗാന്ധര്‍വ്വ സുന്ദരീ

മെല്ലെ വന്നു കടന്നു പോം കാറ്റിലും
ഗന്ധമേറുന്നു മുല്ലമൊട്ടെന്ന പോല്‍
അരികിലണയും പദനിസ്വനത്തിലോ
നെഞ്ചിനുള്ളില്‍ പടയണി മേളവും

മാമക ഹൃദയത്തിലിന്നെയ്തു നീ
പ്രേമപൂര്‍വ്വമാ ബാണശകലങ്ങള്‍
നിദ്രാവിഹീനമായ് മാറിയെന്നുള്ളവും
നിന്‍ പ്രോമാഗ്‌നിയിലല്ലോ തപിക്കുന്നു…

About The Author

Leave a Reply

Your email address will not be published. Required fields are marked *