കാടകം, ഞാന്‍ പിറന്നു വീണ
വീടകം പൂകുവാനേകനായ്
കാനന ഗേഹമണഞ്ഞു ഞാന്‍,
ഗാനമൊന്നു കാതോര്‍ത്തു.
കാറ്റു കിന്നരം മീട്ടും
കാട്ടുമുളംതണ്ടു മുരളിയൂതും
കാട്ടാറ് പാട്ട് മൂളും, കാണാ- ക്കുയിലുകളേറ്റു പാടും
കാനനരാഗസദസ്സിലെന്‍
ഭാവനാചിത്രമെഴുതി വെച്ചു.
ജീവിത നാടകമാദ്യമായ്
ആടിയ വേദിയിലെന്‍
നിശ്വാസവേഗമടക്കി
ഞാനെന്റെയാത്മാവിന്‍
നിശ്ശബ്ദസംഗീതമാസ്വദിപ്പൂ.
ആരാരും കേള്‍ക്കാത്തൊരാ
അനശ്വരഗാനത്തിലെന്നിലെ
യെന്നെ ഞാന്‍ തേടി,ആയിരം
ചിറകുകള്‍ നേടിയാത്മാവതിന്‍
അതിരുകള്‍ മറന്നു പാറി.
ശരത്കാലമിലകള്‍ പൊഴിച്ചിട്ട
ശയ്യയില്‍ ശലഭക്കുഞ്ഞുറങ്ങും
താരാട്ടില്‍ ശാന്തമായ് വീണുറങ്ങി.
നക്ഷത്രക്കൊലുസ്സിട്ട രാത്രി
യലസം നൃത്തമാടുമരങ്ങില്‍,
മാലിനിയില്‍, വനമല്ലിപ്പൂക്കള്‍
തുളുമ്പും കാനനച്ചോലയില്‍,
തീര്‍ത്ഥജലത്തില്‍ മുങ്ങി
നിവര്‍ന്നു ഞാനമൃതം
നേടിയനശ്വരതയെ പുല്‍കി.
About The Author
No related posts.