സ്വര്‍ഗ്ഗസ്ഥനായ പിതാവേ, പ്രപഞ്ചത്തിന്‍
സര്‍ഗ്ഗ ചൈതന്യ പ്രഭാ പൂരമേ ,
വസ്തുവാം സ്ഥൂല പ്രപഞ്ച ഭാവത്തിലെ
മുഗ്ദ ചൈതന്യമാം യാഥാര്‍ഥ്യമേ,
ഞാനായ തന്മാത്രാ ഖണ്ഡത്തിലുള്‍ച്ചേര്‍ന്ന
ജ്ഞാനോദത്തിന്റെ വിശ്വ രൂപം
ചൂടി നില്‍ക്കുന്നു ചലനമായ് സത്യമാം
ബോധം സസൂക്ഷ്മം പ്രപഞ്ചമെങ്ങും !
ഇല്ലായിരുന്നെങ്കിലീ ബോധ സംഗീത
സംഗമ താള സജീവ സത്യം,
ശബ്ദ ചലനങ്ങളൊന്നുമേയില്ലാത്ത
ശപ്ത നിര്‍ജ്ജീവ പദാര്‍ത്ഥ പിണ്ഡം
ആദിയന്തങ്ങള്‍ക്കതീത നിരാമയ
താള പ്രവാഹമായീ പ്രപഞ്ചം
ഭൂമിയാം തൊട്ടിലിലെന്നെ തലോടുന്ന
താരാട്ടു പാട്ടിന്റെ മുന്നൊരുക്കം !
കുഞ്ഞു തന്മാത്രകള്‍ തുന്നിയെടുത്തൊരീ
മഞ്ഞള്‍ പ്രസാദ മനുഷ്യ ജന്മം
തന്നിലെ സ്‌നേഹ പ്രകാശത്തെ യുള്‍ക്കൊണ്ട
കുഞ്ഞൊരു തുള്ളി തുഷാര ബിന്ദു !











