(വര്‍ഗ്ഗസമര ആശയം ഓര്‍മയിലുണ്ടോ? എങ്കില്‍ ഇത് വായിച്ച് സമയം പാഴാക്കരുത്)
ഏഡിയെം നവീന്‍ബാബു നോവുന്നൊരോര്‍മ്മയായി,
കേരനാടാകെ ശോക മൂകമായി.
ജീവിതസഖിയും പെണ്‍മക്കളും വിതുമ്പി നിന്നൂ,
മന്ത്രിമാരുറ്റവരുടയോരുകള്‍ സഹയോഗികള്‍ നാട്ടുകാര്‍
ഏവരും സാക്ഷിയായി,
ഭൗതികശേഷിപ്പഗ്‌നിജ്വാലയില്‍ ചാമ്പലായി.
പ്രളയദുരന്തത്തില്‍,
മാരക കൊറോണയില്‍
അവിശ്രമരക്ഷകന്‍ കര്‍മ്മയോഗി
തളര്‍ന്നുപോയെന്നോ ഉയിര്‍ വെടിയാന്‍ വിധം
തെളിവേകാതുള്ളൊരഴിമതിയാക്രോശത്തില്‍!
ആകുന്നില്ലതുഗ്രഹിക്കുവാന്‍ ഹാ, എന്തുവിചിത്രമീ
മര്‍ത്യമനസ്സിന്‍ചാഞ്ചാട്ടവുംവൈകൃതചിന്തയും?
സംസ്‌കാരകേരളം മാപ്പുചോദിക്കുന്നൂ സഹ ന്യായാധിപാ,
ജീവനെക്കാള്‍ വിലപ്പെട്ടതാണാത്മാഭിമാനം,
അതറിയുന്നിന്നു കൈരളി!
മൂന്നുപന്തീരാണ്ട് നീളുന്ന സേവനം പൗരസമൂഹത്തില്‍,
കുറ്റമോ ആക്ഷേപമോ തീണ്ടാത്ത സ്തുത്യര്‍ഹ സേവനം!
വിരമിക്കാന്‍വെറുമൊരേഴുമാസം ബാക്കി,
ചോദിച്ചു നേടീ ജന്മനാട്ടിലേക്കൊരു മാറ്റം.
ഒത്തൂകൂടുന്നൂസഹയോഗികള്‍ യാത്രാമൊഴിയുമായ്
ദുഷ്‌കരകര്‍മ്മങ്ങളോര്‍ക്കുവാന്‍,
ഓര്‍ത്തു കോര്‍ത്തഭിരമിക്കുവാന്‍,
നിര്‍വൃതിയിലലിയുവാന്‍,
ആഹ്‌ളാദം തിമര്‍ക്കുവാന്‍, പയ്യാരങ്ങള്‍ പങ്കിടാന്‍,
മധുരം നുണഞ്ഞു പിരിയുവാന്‍,
ഓര്‍മ്മയില്‍ കാത്തുസൂക്ഷിക്കുവാന്‍.
വനിതാനേതാവെത്തി
ക്ഷണമേതുമില്ലാതെയഴിമതിയാരോപണ യാത്രാമോഴിയുമായ്,
കെടുത്തി ആഘോഷത്തിന്‍ ശോഭയും സൗരഭ്യവും.
കര്‍ത്തവ്യം മറന്ന ന്യായാധിപന്‍ മാനിഷാദ വിധിച്ചില്ല,
ഇതികര്‍ത്തവ്യമൂഢനായി, കിട്ടിയില്ലാരക്ഷാകവചം
സ്തപ്തനായിപ്പോയി അഭിമാനിയാമനുചരന്‍!
അഴിമതി നടന്നുവോ? വേണമന്വേഷണംപഴുതകളില്ലാതെ,
കുടിപ്പിക്കണം വെള്ളം ഉപ്പുതിന്നവരെയൊക്കെയും.
ഇന്നേവരെ ഉപ്പുതിന്നാത്തവര്‍ ഇന്നു തിന്നില്ലെന്നതും തെളിയണം.
വിടാം അതെല്ലാം, കാത്തിരിക്കാം, നടക്കട്ടെ നീതിപരിപാലനം ചിട്ടയായ്.
എന്നാല്‍ കാത്തിരിക്കാന്‍ വയ്യാത്തതായിട്ടുണ്ടൊരു വസ്തുത
വഴിപിരിയുന്ന വര്‍ഗ ബോദ്ധ്യം,
വിയര്‍പ്പിന്‍ പാത അന്യമാകുന്നുവോ?
നടന്നിട്ടുണ്ടിവിടെയിടപെടല്‍ വേണ്ടാ സംശയമതിലാര്‍ക്കും,
മൂലധനക്കാര്‍ക്കു വേണ്ടിയാണായിടപെടലൊക്കെയും.
വിഷയം പെട്രോള്‍ പമ്പാണ്, നാലഞ്ചു കോടികള്‍ വേണ്ടിവന്നേക്കാം
ഭൂമീ, സമുച്ചയം പിന്നെ കരുതല്‍ദ്രവ്യത്തിനുമായി,
വിഷയം ജീവനോപാധിയല്ല, കുടിവെള്ളത്തിന്റെ കാര്യമല്ല,
ദുരന്തത്തില്‍ തകര്‍ന്നൊരു പാലമല്ല,
കുടിശികകിട്ടാത്ത പ്രശ്‌നമല്ല.
മൂലധനത്തിന്‍ പരി-രക്ഷ വേണം
സഖാക്കള്‍ക്കും വേണ്ടേയൊരു പെട്രോള്‍ പമ്പ്?
ഇടപെടലില്ലാതെയതെവിടെക്കിട്ടാന്‍?
ആ ഇടപെടല്‍ സാമൂഹ്യ സേവനമോ?
ആവാം, എന്നാലുമുണ്ടതിന്‍
ദിശതെറ്റിപ്പടരുന്ന വര്‍ഗ രാഷ്ട്രീയം!
തിരിച്ചുപിടിക്കണമതിന്‍ദിശ
സംഘടിത വര്‍ഗ്ഗബലത്തിന്റെ കണ്ഠമലറിയലയ്ക്കണം!
About The Author
No related posts.