നിദ്ര നിതാന്തമാം നിദ്ര യതിലൊരു
നിത്യ പ്രകാശ വിലാസം !
ഒന്നുമില്ലായ്മയാം യാദൃശ്ചികങ്ങളില്‍
പൊന്നിന്‍ ചിലമ്പൊലി നാദം !
ഒന്ന് ചേരാതെ പിണങ്ങും കണികയോ –
ടൊന്നുണരാനൊരു മന്ത്രം !
സിങ്കുലാരിറ്റി കവിള്‍ ചോപ്പിലാദ്യമായ്
ഇംഗിത പ്രേമാര്‍ദ്ര മുത്തം !
സത്യ പ്രപഞ്ചമായ് ശില്‍പ്പിതന്‍ കൊത്തുളി
ചുറ്റിക താള ലയാസം !
ബിഗ് ബാംഗിള്‍ സിങ്കുലാരിറ്റി തന്‍ ഹൃത്തടം
പൊട്ടിപ്പിളര്‍ന്നു വികാസം !
നക്ഷത്ര പാറയില്‍ വായു കുമിളയാം
തൊട്ടിലിലെന്നെയുറക്കാന്‍
എത്ര ശതകോടി വര്‍ഷങ്ങള്‍ പിന്നിട്ട
സ്വപ്ന സാക്ഷാല്‍ക്കാര പുണ്യം !
സത്യ പ്രപഞ്ചത്തില്‍ സത്വരം വാഴുന്ന
ശക്തിയാം സത്തയായ് ജീവന്‍
ചിപ്പിയില്‍ വീണ മണല്‍ത്തരി പോലൊരു
മുത്തായി മാറുന്നു നമ്മള്‍ !
ഒന്നായ വിശ്വ മഹാ പ്രപഞ്ചത്തിന്റെ
റിംഗ് മാസ്റ്ററാം ശക്തി സത്ത
എന്നിലും നിന്നിലും പുല്ലിലും പൂവിലും
ഉണ്മയാം ജീവല്‍ത്തുടിപ്പായ്,
മുത്തേ, മനുഷ്യക്കൂരുന്നേ നിനക്കായി
കൃത്യമായ് വച്ചൊരീ കൂട്ടില്‍
സ്വര്‍ഗ്ഗം പണിയുവാന്‍ വേണ്ടി നിന്നാത്മാവില്‍
സത്യം കൊളുത്തി വയ്ക്കുന്നു !
സ്‌നേഹമാണെങ്ങും പ്രപഞ്ച വസ്തുക്കളെ
മാറോടു ചേര്‍ത്തു നില്‍ക്കുമ്പോള്‍,
പോകൂ മരണമേ, ദൂരെ ! യിതു വെറും
രാസമാറ്റത്തിന്റെ താളം !











