കഥന രീതികൊണ്ടും പ്രമേയപരതകൊണ്ടും സവിശേഷതകള്‍ പലതുള്ള ജോണ്‍സണ്‍ ഇരിങ്ങോളിന്റെ കഴുമരത്തിലേക്കുള്ള വഴി
എന്ന പുതിയ കഥാസമാഹാരത്തെ പ്രസ്തുത കഥകള്‍ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുള്ള ചില ചിന്തകള്‍ പങ്കുവെക്കാനുള്ള ഒരെളിയശ്രമം.
ഒന്നുകൂടി തെളിച്ചു പറഞ്ഞാല്‍, എഴുത്തുകാരന്റെ ധീരമായ സമീപനത്തോടുള്ള ഐക്യപ്പെടല്‍, അങ്ങനെയും ഈ ചെറുവിശകലനത്തെ വിശേഷിപ്പിക്കാം.
എഴുതുക എന്നത് എഴുത്തുകാരന്റെ ധാര്‍മ്മിക ഉത്തരവാദിത്തമാണ്.
എപ്പോഴാണ് വായന വിശാലമായ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നത് എന്ന ചോദ്യത്തിനുത്തരം തേടാനുള്ള ശ്രമം വായനക്കാരന്റെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടിയിരിക്കുന്നു.
കഥയും കഥാപാത്രങ്ങളും വായനക്കാരനുമായി നേരിട്ട് സംവദിക്കുകയും, വായനക്കാരന്‍ കഥയിലേക്ക് ഇറങ്ങി ചെല്ലുകയും ചെയ്യുമ്പോഴാണ് വായന വിശാലമായ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നത് എന്നാണുത്തരം
എഴുത്തുകാരന്റെ അനുഭവലോകവുമായി സംവദിച്ച് എഴുത്ത് എന്ന പ്രക്രിയ നിരന്തരം പുതുക്കപ്പെട്ടു കൊണ്ടിരിക്കുന്നു. താന്‍ ജീവിച്ചിരിക്കുന്ന സമൂഹത്തി ലേക്ക് വൈകാരികതയോടെ തുറന്നു പിടിച്ച കണ്ണുമായി തന്റേതായ രീതിയില്‍ ജീവിതം കാണുകയും വ്യാഖ്യാനിക്കുകയുമാണ് ജോണ്‍സണ്‍ ഇരിങ്ങോള്‍ എന്ന കഥാകാരന്‍.
പുതിയ കാലത്തിന്റെ എഴുത്തുരീതികളെക്കാളുപരി,
സാധാരണക്കാരന്റെ സഹജീവി സ്‌നേഹത്തിന്റെ സാക്ഷ്യപത്രമായി ഈ കഥകള്‍ മാറുന്നുവെന്ന് അവതാരികയില്‍ രവിതഹരിദാസ് നിരീക്ഷിക്കുന്നുണ്ട്.
തലമുറകള്‍ക്കിടയിലെ വ്യത്യസ്തമായ ചിന്താധാരകള്‍ ജീവിതത്തെ നോക്കിക്കാണുന്നതും വ്യത്യസ്ത മായിരിക്കും. മക്കള്‍ക്കായി ഒരായുഷ്‌ക്കാലം മുഴുവന്‍ പണിയെടുത്ത് നേടിയത് സമ്പാദിച്ചു വയ്ക്കുമ്പോഴും, മക്കളുടെ സ്‌നേഹവും സാമീപ്യവും ലഭിക്കാതെ ഒറ്റപ്പെടുന്ന മാതാപിതാക്കള്‍ ഇന്ന് നമുക്കിടയില്‍ ഏറിവരികയാണ്. ആ സത്യത്തെ മാനസാന്തരപ്പെട്ട മകനിലൂടെ കാണിച്ചുതരാന്‍ ‘ഒരു ജാതി വിവാഹം’ എന്ന കഥയ്ക്കു കഴിഞ്ഞിട്ടുണ്ട്
പ്രായപൂര്‍ത്തിയായ ഏതൊരാണിനും പെണ്ണിനും വിവാഹമെന്ന ഉടമ്പടയില്ലാതെ ഒരുമിച്ചു ജീവിക്കാമെന്ന നിയമം പ്രാബല്യത്തില്‍ വന്നതോടെ ബലിയാടാകേണ്ടി വന്ന കുടുംബസ്ഥനായ ഒരുവന്റെ കഥയണ് ‘കഴുമരത്തിലേക്കുള്ള വഴി’ ജയിലിലെ അനുഭവങ്ങളെ കൃത്യമായി വിവരിച്ചുകൊണ്ട് തുടങ്ങുന്ന കഥയില്‍ കുടുംബബന്ധങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന സത്യവിശ്വാസിയായ എഴുത്തുകാരന്റെ ആത്മാംശം തെളിഞ്ഞുകാണാം.
പള്ളി ഇടവകയിലെ കുടുംബങ്ങളും ഇടവക വികാരിയും. കപ്യാരുമടങ്ങുന്ന വിശേഷങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിക്കുകയും, ഇതൊക്കെയാണ് സമൂഹത്തില്‍ നടക്കുന്ന കൊള്ളരുതായ്കകള്‍ എന്ന് വ്യംഗ്യന്തരേണ സൂചിപ്പിക്കുകയും ചെയ്യുന്ന കഥയാണ് ‘അച്ചനും കപ്യാരും.
”നിവേദനം’ എന്ന കഥയില്‍ മദ്യപാനം മൂലം എല്ലാം നഷ്ടപ്പെട്ട മുരളി എന്ന പ്രവാസി കോവിഡ് കാലത്ത് നേരിട്ട പ്രശ്‌നനങ്ങള്‍ തന്റെ ഒറ്റപ്പെടല്‍ മറ്റുള്ളവര്‍ക്കും സംഭവിക്കാതിരിക്കട്ടെ എന്ന തോന്നലില്‍ സര്‍ക്കാരിന് കത്തെഴുതുന്നു. മദ്യവര്‍ജ്ജനവും ബോധവല്‍ക്കരണവുമാണ് മുരളി മന്ത്രിയ്ക്കുള്ള നിവേദനത്തില്‍ ഉദ്ദേശിക്കുന്നതെങ്കിലും, മദ്യപനായ ഒരുവന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ മദ്യം ലഭ്യമാക്കേണ്ടതില്ല എന്ന നിലയിലാണ് കത്ത് മുന്നോട്ടു പോകുന്നത്. മദ്യവര്‍ജ്ജനം നടപ്പാക്കുക എന്നതിലൂടെ എല്ലാവരും നല്ലവരാകട്ടെ (അത് ഒരിക്കലും സാധിക്കില്ല എങ്കിലും) എന്ന വലിയ ലക്ഷ്യവും കഥാകൃത്തിനെ
മുന്നാട്ട് നയിക്കുന്നു.
”ബ്രിജാള’യില്‍ ബ്രിട്ടീഷുകാരില്‍ നിന്നും രാജഭരണത്തില്‍ നിന്നും നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു എങ്കിലും അധികാര വര്‍ഗ്ഗമായ മേലാളന്‍മാരില്‍ നിന്നും നമുക്ക് ഇപ്പോഴും മുക്തി ലഭിച്ചിട്ടില്ല എന്ന് ഓര്‍മ്മിപ്പിക്കുന്നു
”കളിയും, കാര്യവും’ എന്ന കഥയിലാകട്ടെ പലവിധ സൗകര്യങ്ങള്‍ ജവിതം സുഗമമാക്കാന്‍ ലഭ്യമായിട്ടുള്ളതിനാല്‍ ശാരീരികാദ്ധ്വാനമില്ലാതേതതിന് വ്യായാമം ചെയ്യണമെന്നു തീരുമാനിച്ച മത്തായിച്ചന്റെ രസകരമായ ഒരു ദിവസത്തെ കഥയാണ്. ആക്ഷേപഹാസ്യത്തിലൂടെ മത്തായിച്ചന്റെ രാവിലത്തെ നടക്കാനിറങ്ങലും അമളിയും സരസമായി അവതരിപ്പിച്ചിട്ടുണ്ട്.
ഇന്ന് വൃദ്ധസദനങ്ങള്‍ കൂണുകള്‍ പോലെ മുളച്ചു വരികയാണ്. നാട്ടില്‍ പെരുകുന്ന വൃദ്ധസദനങ്ങളുടെ പിന്നിലെ കണ്ണീര്‍ നനവിന്റെ കഥയാണ് ‘നനയുന്ന കട്ടില്‍കഥ പറയുന്നത്. മക്കളുടെ സാമീപ്യം കൊതിച്ച് വീടെന്ന സ്വപ്നം നെഞ്ചിലടുക്കി നിശബ്ദം കണ്ണീരൊഴുക്കുന്ന മാതാപിതാക്കള്‍ ഒരു നൊമ്പരമായി കഥയിലൂടെ വായനക്കാരുടെ ഉള്ളിലും നിറയുന്നു.
കാടിന്റെ മക്കള്‍ എന്ന കഥ വായനക്കാരന്റെയുള്ളിലും ഒരു വേദനയായി നിറയുന്ന ഒന്നാണ്. പ്രസവത്തിനായി ഭാര്യയെ അഡ്മിറ്റു ചെയ്ത സര്‍ക്കാരാശുപത്രിയിലെ കൂട്ടിരിപ്പുകാര്‍ക്കിടയില്‍ വിയര്‍ത്തു നാറിയ, മുഷിഞ്ഞ വസ്ത്രധാരിയായി ആദിവാസി യുവാവിന് നേരിടേണ്ടി വന്ന അവഗണനയുടെ ജാതി വേര്‍തിരിവിന്റെ അനുഭവം മനസ്സ് മരവിപ്പിക്കുന്നതാണ്. വാദിയെ പ്രതിയാക്കുന്ന സമൂഹത്തിനുമുമ്പില്‍ കാടിന്റെ മക്കളായ വിശന്നു മരിച്ച മധുവും, വേഷം കൊണ്ട് കള്ളനാക്കപ്പെട്ട സ്വാമിനാഥനും നീതിയ്ക്കായി പൊരുതുന്നവരായി നിലകൊള്ളുന്നു.
ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്ന ‘ലഹരി പതയും യൗവ്വനം’ കഥ മക്കളുടെ ശാഠ്യങ്ങള്‍ക്കുമുമ്പില്‍ എന്തും സമ്മതിക്കുന്ന മാതാപിതാക്കളുടെ ദുരവസ്ഥ വരച്ചു കാണിക്കുന്നു.
”അരിക്കൊമ്പന്‍’ സമകാലീന സംഭവങ്ങളുടെ വൈകാരികമായ വിവരണത്തിലൂടെ മനസ്സിനെ മഥിക്കുന്ന അരിക്കൊമ്പനെയും ചക്കക്കൊമ്പനെയും കാണാനാകും. ഭാവിയുടെ വാള്‍ദാനങ്ങളായ വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുന്നതില്‍ വ്യാപൃതമായ അദ്ധ്യാപകരിലെ ഭേദഭാവങ്ങ ളെ തുറന്നു കാട്ടുന്ന കഥയാണ് ‘ഭാവി വാഗ്ദാനം.
ഇത്തരത്തില്‍ ചിരിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന കുറച്ചു കഥകളുമായി ജോണ്‍സണ്‍ ഇരിങ്ങോള്‍ നമുക്ക് മുന്നിലെത്തുന്നു.
മാനവജീവിതത്തിന്റെ അസാമാന്യ ഉള്‍ക്കാഴ്ചച്ചയോടെ കഥകളെ സമീപിക്കുന്ന എഴുത്തുകാരുള്ള ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ താന്‍ ജീവിച്ച കാലത്തെ അനുഭവ പരിസരങ്ങളെ പുനര്‍നിര്‍മ്മിക്കാന്‍ കഥാ കാരന്‍ ശ്രമിക്കുകയാണ്. ആ ശ്രമത്തില്‍ തനിയ്ക്ക് പറയാനുള്ളതെല്ലാം കഥാപാത്രങ്ങളിലൂടെ ചേര്‍ത്തുവയ്ക്കുമ്പോള്‍ ജീവിതാവിഷ്‌കാരങ്ങള്‍ വിഭിന്നമായ രൂപത്തില്‍ പുറത്തുവരുന്നു. സാധാരണക്കാരന്റെ നിസ്സഹായതകളില്‍ നിന്ന് പിറവിയെടുത്ത കഥകളെ സാധാരണക്കാരന്റെ ഭാഷയില്‍ അവതരിപ്പിക്കുകയെന്ന ലാളിത്യം ഈ പുസ്തകത്തെ സമ്പന്നമാക്കുന്നുണ്ട്. രവിതാഹരിദാസിന്റെ ശ്രദ്ധേയമായ അവതാരിക ഇതിലെ കഥകശുടെ ഉള്ളാഴങ്ങളെ സ്പര്‍ശിക്കുന്നുണ്ട്.
നമ്മുടെ ചിന്തകളും വിശ്വാസങ്ങളും എല്ലാം മാറ്റിവച്ചാല്‍ നാം മനുഷ്യരെല്ലാം ഒന്നാണെന്ന് പറയുന്ന ജോണ്‍സണ്‍ ഒരുറച്ച നിലപാടുള്ള നീതി പക്ഷക്കാരനാണെന്ന് സാക്ഷ്യം പറയുന്ന 17 കഥകളാണ് ഇതിലുള്ളത്. തന്റെ നിലപാടിലും ആദര്‍ശ ലക്ഷ്യങ്ങളിലും ഊന്നി നിന്നുകൊണ്ട് തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ എഴുത്തിലേക്ക് കൊണ്ടുവരാനും വായനക്കാരെ ആയതിലേക്ക് ആകര്‍ഷിക്കാനും ഈ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്, അത് വിജയം കണ്ടു എന്നതിന്റെ നിദര്‍ശനം തന്നെയാണ് ഈ കഥാസമാഹാരം.
ഇനിയും ജീവസ്സുറ്റ കഥകളാല്‍ സാഹിത്യലോകത്തെ സമ്പുഷ്ടിടമാക്കാന്‍ കഥാകൃത്തിനു സാധിക്കട്ടെ എന്നാശംസിക്കുന്നു.