എന്നെ ആഴത്തില്‍ മുറിവേല്‍പ്പിച്ച പേരാണ് ചെന്താമര. ഉണങ്ങാത്ത ആ മുറിവില്‍ നിന്നും ചോരത്തുള്ളികള്‍ ഇപ്പോഴും ഒഴുകുന്നുണ്ട്. സഹജീവിയുടെ കഴുത്തരിയാന്‍ കൊടുവാള്‍ പണിയുന്ന ചെന്താമരമാര്‍ വാഴുന്ന നാടിന്റെ കല്‍പ്പടവുകളിലിരുന്നാണ് ഞാന്‍ പ്രിജിതസുരേഷിന്റെ ജീവിതപ്പോരാട്ടം തുറക്കുന്നത്. ഈ കാവ്യസമാഹാരവും നമ്മുടെ സമൂഹത്തിന്റെ നീറുന്ന ആകുലതകള്‍ പങ്ക് വയ്കുന്നുണ്ട്.
പ്രിജിത സുരേഷിന്റെ ആദ്യ കവിതാസമാഹാരമാണ് ജീവിതപ്പോരാട്ടം. ഒരെഴുത്തുകാരിയെ രചനാലോകത്ത് സജീവമാക്കി നിര്‍ത്തുന്നത് രണ്ടു ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. തനിക്കു ചുറ്റും സ്പന്ദിക്കുന്ന ജീവിതങ്ങളോടുള്ള പ്രതികരണമാണ് ആദ്യഘടകം. നിരന്തരം സ്വയം നവീകരിക്കുക എന്നതാണ് രണ്ടാമത്തെ ഘടകം.
ജീവിതത്തിന്റെ സ്വകാര്യസ്പന്ദനങ്ങളില്‍ നിന്ന് തുടങ്ങിയ കവിതയുടെ സഞ്ചാരം സാര്‍വ്വജനീനതയിലേക്കും സാര്‍വ്വലൗകികതയിലേക്കും വളരുന്നതിന്റെ അടയാളങ്ങള്‍ പതിഞ്ഞു കിടക്കുന്ന കൃതിയാണ് ജീവിതപ്പോരാട്ടം.
46 കവിതകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സമാഹാരത്തിലെ അമ്മ എന്ന കവിത ഒരു നൊമ്പരമാണ് അമ്മയെ മറക്കുന്ന ഒരു പുതുതലമുറയെക്കുറിച്ച് കവി ആശങ്കപ്പെടുന്നു. പ്രിജിതയുടെ അമ്മ എന്ന കവിത വായിക്കുമ്പോള്‍ ബോബിയച്ചന്‍ പറഞ്ഞ ഒരു കഥ കൂടി പറയാതെ പോകാനാവില്ല.
തന്റെ ഭാര്യയോടൊത്ത് അത്ര സമയം ചെലവഴിക്കുന്നില്ല എന്നു തോന്നിയ ഒരാള്‍ അവരുമായി ഒരു ചെറിയ ഒരു യാത്രയ്ക്ക് പോകാന്‍ തീരുമാനിക്കുകയാണ്. അതവള്‍ വലിയ മതിപ്പോടെ സ്വീകരിക്കുമെന്നും അയാള്‍ക്കറിയാം. എന്നാല്‍ അങ്ങനെയല്ല സംഭവിച്ചത്. അതിനു വിസമ്മതിക്കുകയാണ് അവള്‍.
പകരം പറഞ്ഞ കാര്യം അയാളെ വല്ലാതെ അമ്പരപ്പിച്ചു, ‘നിങ്ങള്‍ക്കു് മറ്റൊരു സ്ത്രീയുമൊത്ത് ആ യാത്ര ചെയ്യാവുന്നതാണ്.’
മറ്റൊരു സ്ത്രീയോ? അതെ നിങ്ങളുടെ അമ്മയാണ് ആ സ്ത്രീ. അപ്പോഴാണ് അമ്മയെ പോയി കണ്ടിട്ടുതന്നെ കുറെയേറെ കാലമായെന്ന് അയാള്‍ക്ക് ഓര്‍മ്മ വന്നത്.
അമ്മ സന്തോഷത്താല്‍ കവിഞ്ഞൊഴുകുകയാണ് അയാളുടെ ക്ഷണത്തില്‍. എത്ര കാലമായി അവര്‍ വീടിനു പുറത്തു കടന്നിട്ട്! പെട്ടെന്ന് അവര്‍ ചെറുപ്പമായതുപോലെ. സിനിമ, റെസ്റ്ററന്റ്, ചെറിയ ഡ്രൈവ്…. അമ്മയോടൊത്തുള്ള ഒന്നോ രണ്ടോ ദിനങ്ങള്‍. എല്ലാം അവര്‍ക്ക് അത്യാഹ്‌ളാദം നല്‍കി. അയാള്‍ വച്ചുനീട്ടിയ ഒന്നും അവര്‍ വേണ്ടെന്നു പറഞ്ഞില്ല. ഏതാനും ദിനങ്ങള്‍ക്കുശേഷം അമ്മയുടെ മരണവാര്‍ത്ത എത്തുന്നു.
ചെറിയ യാത്രകള്‍ അമ്മയും അട്ഛനുമൊക്കെയൊത്ത് അവരുടെ സായന്തനങ്ങളില്‍ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ? കുറച്ചുകൂടി കാറ്റും വെളിച്ചവും മനുഷ്യരുമൊക്കെ അവരുടെ സന്ധ്യകളെ പ്രകാശഭരിതമാക്കിയേനെ. മൃത്യുവരിക്കും വരേയും സ്‌നേഹം നിറയുന്ന വാത്സല്യ നിറകുടം അമ്മ (അമ്മ ) എന്ന പ്രിജിതയുടെ വരികളില്‍ ഈ കഥയുടെ നനവുണ്ട്.
ഈ സമാഹാരം ഒരു ഏക രീതി പിന്തുടരുകയല്ല ചെയ്തിരിക്കുന്നത് എന്ന അവതാരിക എഴുതിയ ഡോ. ശ്രീവിദ്യാരാജീവിന്റെ നിരീക്ഷണം അടിവരയിടേണ്ടതാണ്. ചെറുകവിതകള്‍, നുറുങ്ങു കവിതകള്‍, ദീര്‍ഘ കവിതകള്‍, 125 ഖണ്ഡികകള്‍ ഉള്ള കവിതകള്‍ വരെ ഉള്‍പ്പെടുത്തി ഒരു നാനാത്വത്തെ ചേര്‍ത്തുപിടിക്കുന്നു.
അതോടൊപ്പം ആശയ വ്യത്യസ്തതയും വൈവിദ്ധ്യവും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. കാവ്യാശയങ്ങളെ പ്രധാനമായും സമത്വദര്‍ശനം, സ്ത്രീ ദര്‍ശനം, പ്രണയം, പ്രകൃതി, ദേശസ്‌നേഹം, ഉപദേശങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളായി തരംതിരിച്ചുവായിക്കാവുന്നതാണ്
ആശയങ്ങളെ വാരി വിതറികൊണ്ട് കവി തന്റെ എല്ലാ കവിതകളെയും ഒരേ വിഷയത്തില്‍ ബന്ധിപ്പിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. പല കവിതകളിലും കവി ഒരു പോരാളിയാണ്. വാക്ക് എന്ന ആയുധം ഉപോഗിച്ചുകൊണ്ട്, താന്‍ ജീവിക്കുന്ന സമൂഹത്തിലെ തിന്മകളോട് വിട്ടുവീഴചയില്ലാതെ കവി പോരാടുകയാണ്.
ധനം എന്ന ആദ്യകവിതയില്‍ത്തന്നെ ഇതു വ്യക്തമാണ്
ധനത്തിനായ് മോഹിക്കേണ്ടൊരിക്കലും
ശാശ്വതമല്ലൊരിക്കലും ധനമെല്ലാം
കുട്ടിക്കാലം മുതല്‍ ഹൃദിസ്ഥമാക്കിയ നന്മയുടെ പാഠങ്ങള്‍ ഇവിടെ കവിതകളായി പുനര്‍ജ്ജനിക്കുന്നു
കരള്‍ പിളരുന്ന കാഴ്ചകളാണ് കവി തനിക്ക് ചുറ്റും കാണുന്നത്. വഴിതെറ്റുന്ന തലമുറ കവിയുടെ മനസ്സിനെ മഥിക്കുന്നുണ്ട് .എത്ര ഉപദേശിച്ചാലും നേര്‍വഴി നടക്കാത്ത പുതുതലമുറയെ കവി പഴിക്കുന്നുമുണ്ട്. മാതാപിതാക്കളുടെ വാക്ക് അനുസരിക്കാത്ത പുതുതലമുറയെ കുറിച്ചാണ് ‘പ്രയാണം’ എന്ന കവിത പറയുന്നത്.
പണ്ടു നാളിലെ പൈതങ്ങളിങ്ങനെ പണിയെടുത്തും പഠിച്ചും വളര്‍ന്നു ഇന്നത്തെ കുട്ടികള്‍ ; ഇട്ടതെല്ലാം കഴുകില്ല കുളിക്കില്ല പഠിക്കില്ല ( ബാലികയായി പിറന്നിടും ഭൂവില്‍ സ്ത്രീ അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകളും ദുരിതങ്ങളുമാണ് കവിതകളിലെ മറ്റൊരു വലിയ വിഷയം.
താലി ചരടിനായി ധനമോഹികള്‍ക്കു മുന്‍പില്‍ തലതാഴ്ത്തരുതെന്നും ഒരു ‘സ്ത്രീധന വിമോചന സ്ത്രീ തത്വം’ പിടിച്ചെടുക്കണം എന്നും കവി ആഹ്വാനം ചെയ്യുന്നു പ്രകൃതിസ്‌നേഹത്തിന്റെ പച്ചപ്പുകള്‍ കവിതയില്‍ തളിര്‍ദലങ്ങളാവുന്നുണ്ട്. നാം കൈമെയ് മറന്നു പരിശ്രമിച്ചാല്‍ ഭൂമിയെ ഹരിതാഭമാക്കാം എന്ന് പ്രത്യാശയും ആഹ്വാനവുമാണ് കവിക്ക് ഇവിടെ പങ്കുവയ്ക്കാനുള്ളത് .
കുടുംബം നന്നായിരിക്കണമെന്ന അടിസ്ഥാന സന്ദേശം പല കവിതകളിലൂടെയും പങ്കുവയ്ക്കുന്നു. കുടുംബത്തില്‍ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍ മുന്‍ജന്മ ശാപം ആണെന്ന് കവി കരുതുന്നുണ്ട് .
സ്‌നേഹമുള്ള ഒരു ഗൃഹനാഥന്‍
വീടൊരു ഒരു സ്വര്‍ഗ്ഗമാക്കിടും സ്‌നേഹമില്ലാ നാഥന്‍ അവിടൊരു കലഹകാഹളം മുഴക്കിടും
(മുന്‍ജന്മ ശാപം )
ജീവിത പ്രശ്‌നങ്ങള്‍ പലതിനും പരിഹാരമാകാവുന്ന ഉപദേശങ്ങള്‍ കവിതകളില്‍ ഉടനീളം ചിതറി കിടക്കുന്നുണ്ട് .ഒപ്പം തന്നെ ചെന്താമര, മിഴികള്‍, നിശാഗന്ധികള്‍ പൂക്കുമ്പോള്‍, ഓണനിലാവിന്‍ ഓളങ്ങളില്‍ , അത്തമൊരുക്കും ഓണം, മാമ്പഴക്കാലം തുടങ്ങിയ കവിതകള്‍ ചേതോഹരമായ വര്‍ണ്ണനകളാല്‍ സമ്പന്നമാണ്.
മഹാകവിത എന്ന അടിവരയോടു കൂടിയ ജീവിതം എന്ന ദീര്‍ഘമായ കവിതയും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ആഡംബരങ്ങളൊന്നുമില്ലാത്ത ലളിതമായ കാവ്യഭാഷ എടുത്തു പറയേണ്ട സവിശേഷതയാണ്.
വ്യഥകളും ദുരിതങ്ങളും നിറഞ്ഞുനില്‍ക്കുന്ന ഭൂമിയിലെ ജീവിതങ്ങളെ മാറ്റിമറിക്കാന്‍ പ്രപഞ്ചശക്തിയായ അമ്മ വീണ്ടും ഒരു ലോകത്തെ സൃഷ്ടിച്ചെടുക്കുമോ എന്ന ചോദ്യത്തില്‍ അവസാനിപ്പിക്കുന്നുണ്ട് കവി.
ഭൂലോക ശാപം തീരാനമ്മേ
ഇനിപുതിയൊരു ലോകം വീണ്ടും വരുമോ?.
‘ ജീവിത പോരാട്ടം ‘എന്ന ഈ കാവ്യസമാഹാരത്തിന് എല്ലാവിധ ആശംസകളും നേരുന്നു. നിരവധി കാവ്യ ഗ്രന്ഥങ്ങള്‍ ആ തൂലികയില്‍ നിന്നുതിര്‍ന്നു വരട്ടെ എന്ന് ആശംസിക്കുന്നു..
(പ്രസാധകര്‍: മലയാളം സാഹിത്യ അക്കാദമി & റിസര്‍ച്ച് സെന്റര്‍ വില: 190.00 രൂപ)
One thought on “ഭീതിയുടെ ചെന്താമരകള്‍, വിടരുന്ന കാലത്തെ കവിതകള്‍-മോഹന്‍ദാസ് മുട്ടമ്പലം”
ഈ സമാഹാരത്തിലെകവിതകളെ നന്നായി ഉൾക്കൊണ്ടു കൊണ്ടുള്ള അവതരണം മനോഹരമായിട്ടുണ്ട് ദാസ് . അമ്മ എന്ന കവിത കണ്ണു നനയിച്ചു. അഭിനന്ദനങ്ങൾ