അഴല്‍ പടര്‍ന്നുടലാകെ തളരുന്നു, അധരം വിറപൂണ്ടു
അഴിഞ്ഞുലഞ്ഞ വാര്‍മുടി ചുറ്റി വലിക്കുന്നു
നെഞ്ചില്‍ പെരുമ്പറ തുടിതാളം, അക്ഷരങ്ങള്‍, ചിഹ്നങ്ങള്‍
നിരന്നു പദങ്ങള്‍, വരിയായ് ആഞ്ഞു തൊഴിക്കുന്നു
വിയര്‍പ്പ് വൃഷ്ടിച്ചാലുകള്‍ തീര്‍ക്കുന്നു
വെമ്പുന്നുവംഗുലി, മിഴികള്‍ കലങ്ങി, ശോണിമയാര്‍ന്നു
ശാന്തമാം മയക്കം വന്നെന്നെ പൊതിയവെ
ശിശിരമരിച്ചെത്തി നെറുകയില്‍ തലോടവെ
ഗര്‍ഭഗൃഹത്തിന്റെ വാതില്‍പ്പടിയിലുന്തുന്നു തള്ളുന്നു
ഗര്‍ഭസ്ഥശിശുക്കള്‍ ഞാനാദ്യമെന്നു മത്സരിച്ചെത്തുന്നു
അഭംഗുരമാ താളില്‍ പിടഞ്ഞു വീഴുന്നു, പിന്നെ മെല്ലെ ചലിക്കുന്നു
അനര്‍ഗളനിര്‍ഗളമെഴുതാനെന്റെ തൂലിക
പാഞ്ഞൊഴുകുന്നൊരു പുഴപോലാകടലാസിലൂടെ
പല കാലങ്ങളായി ഞാന്‍ ഗര്‍ഭം ധരിച്ചിട്ടും
ജന്മം കൊടുക്കാതെ നീട്ടിവച്ചു, ഭാരങ്ങള്‍ –
ജീവിത പ്രാരാബ്ധമേറിത്തളര്‍ന്നുപോയി
ആയുസ്സിന്റെ ഭാണ്ഡവും ഏറെക്കുറേയൊഴിഞ്ഞു
ആവതില്ല, കനത്ത കാത്തിരിപ്പിനിവയ്യ തന്നെ.
ഓരോ പിറവി കഴിയുമ്പോഴും മാതൃസ്‌നേഹത്താലുളളം
ഒരു പാലാഴിയായി അലതല്ലി ചുരന്നൊഴുകി
മോഹങ്ങള്‍ മാസ്മര മായികരാഗങ്ങള്‍ തീര്‍ത്തു
മഞ്ജുമനോജ്ഞമാം മറ്റൊരു പൈതലെ നല്‍കുവാനായ്…











