LIMA WORLD LIBRARY

നിറം തെറ്റിയ മഴവില്ല്-വൃന്ദ പാലാട്ട്‌

നിറങ്ങളുടെ പേറ്റുനോവുമായി
ഒരു മഴവില്‍ മാനത്തുദിക്കുന്നു,
ക്രമം തെറ്റി പിറന്ന
നിറങ്ങള്‍ മാനം വാഴുന്നു.
പച്ചയും മഞ്ഞയും
നീലയും പൂണൂലിട്ടു പിറന്നു.
വെളുപ്പ് എല്ലാ നിറങ്ങളിലും
അഭിരമിച്ചിരുന്നു.
കറുപ്പ് അഴകല്ലാത്തത് കൊണ്ട്
ആകാശത്തിന്റെ തിമിരത്തിലൊളിച്ചു.
കറുപ്പിനെ അവര്‍ കള്ളന്മാര്‍ക്ക് നല്‍കി,
രാത്രീഞ്ചരനാക്കി.
പാതിരികള്‍ക്ക് വെളുപ്പിനെ നല്‍കി
വെളുക്കെ ചിരിക്കുന്നവരാക്കി.
ഞരമ്പുകള്‍ വേരുകളാക്കിയ
രക്തമൊഴുക്ക് ചുടു നീരാക്കിയ
അടിമയുടെ കറുപ്പ് ദൈവനിയോഗമെന്ന്
നക്ഷത്രങ്ങളിലെഴുതി വെച്ചു.
വെളുത്തവന്‍ ഉടമയെന്ന്
വരമൊഴി എഴുതി വെച്ചു.
രാത്രിയുടെയും പകലിന്റെയും
നിറത്തില്‍ അധീശത്വം
ഒളിഞ്ഞിരിക്കുന്നു,
അഹങ്കാരം മറഞ്ഞിരിക്കുന്നു.
അസ്ഥിമാടത്തില്‍ വിരിയുന്ന
വെളുത്ത പൂക്കളെ പോലെ
ചിരിക്കുന്ന നിങ്ങളുടെയുള്ളില്‍
മനസ്സ് മറക്കുന്ന കറുപ്പാണ്.
അവശിഷ്ടങ്ങളില്‍ ഭക്ഷണം തിരയുന്ന
കറുത്ത അഗതികള്‍ക്കിടയില്‍
സ്‌നേഹത്തിന്റെ പകര്‍പ്പവകാശമാണ്.

  • Comment (1)
  • വളരെ നന്നായി എഴുതിയിരിക്കുന്നു , അഭിനന്ദനങ്ങൾ !

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px