കത്രിക വയ്ക്കുന്നതിന് മുന്‍പേ എമ്പുരാന്‍ മൂവി കാണുവാന്‍ കഴിഞ്ഞു. മൊത്തത്തില്‍ പറഞ്ഞാല്‍ ഇത്രയും സാങ്കേതിക മിഴിവോടെയുള്ള ഒരു മലയാള സിനിമ അതിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് പറയാം, സിനിമയുടെ പ്രമേയസംബന്ധമായി അത് ഭൂഖണ്ഡങ്ങള്‍ ചുറ്റി സഞ്ചരിക്കുകയും അവയുമായി ബന്ധപ്പെട്ടും കിടക്കുന്നു. കാരണം എമ്പുരാന്റെ ആദ്യ പതിപ്പായ ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ലോക ബന്ധങ്ങള്‍ തന്നെ,അത് വ്യക്തമാക്കുന്നതാണ് എമ്പുരാന്‍ എന്ന ഈ രണ്ടാം പതിപ്പില്‍. സിനിമയുടെ അവതരണ ഭംഗിക്കും നല്ലൊരു പ്രമേയത്തിനും അണിയറ പ്രവര്‍ത്തകര്‍ക്ക് ആദ്യമേ അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ.
ഗുജറാത്ത് കലാപത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ഒരു മുസ്ലീം ബാലനെ തീവ്രവാദക്യാമ്പില്‍ നിന്നും സ്റ്റീഫന്‍ നെടുമ്പള്ളി രക്ഷപെടുത്തി കൂടെ നിര്‍ത്തുകയും രാജ്യത്തെ നടുക്കിയ ഒരു വര്‍ഗീയ കലാപത്തിന്റെ ക്രൂരതകളെ വ്യക്തമായി പറയുകയും ചെയ്യുമ്പോള്‍ സിനിമയ്ക്കും ഒരു വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്നു പറയാം. എന്നാലത് നന്മയോടും അടിസ്ഥാന ജനവിഭാഗങ്ങളോടും ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ്. ഇതിന്റെ വലിയൊരു തെളിവാണ് തിരക്കഥയിലെ ഈയൊരു ഡയലോഗ് തന്നെ,” മാലാഖമാര്‍ക്ക് കടന്നുചെല്ലാന്‍ പറ്റാത്തിടത്ത് പകരമായി ദൈവം നിയോഗിക്കപ്പെട്ടവരാണ് ഭൂമിയിലെ അമ്മമാര്‍” എന്തൊരു സാഹിത്യമാണത്! ശ്രീ മുരളീ ഗോപി…ഇത്തരം കലാമൂല്യങ്ങള്‍കൊണ്ട് തന്നെയാണ് എമ്പുരാനെ മലയാളവും നിറഞ്ഞ മനസോടെ സ്വീകരിക്കുകയും ചെയ്തതും.
കഥയും പശ്ചാത്തലങ്ങളും ചില ചരിത്രങ്ങളിലൂടെയും സാമൂഹികതകളിലൂടെയും കടന്നുപോകുമ്പോള്‍ സിനിമകളും കലകളും ചില കോണുകളിലെങ്കിലും വിമര്‍ശ്ശിക്കപ്പെടുക സ്വാഭാവികമാണ്.ഇതറിയാവുന്നവരുമാണ് സിനിമയുടെ നിര്‍മാതാക്കളും അതിലെ നായകനടനും പിന്നണി പ്രവര്‍ത്തകരും. എന്നാല്‍ ഈ സിനിമയ്ക്ക് വിമര്‍ശനം ഉണ്ടായ ഉടന്‍തന്നെ എന്തിനാണ് അവര്‍ കത്രികയുമായി സെന്‍സര്‍ ബോര്‍ഡിലേക്ക് ഓടിയത് എന്ന് മനസിലാകുന്നില്ല എന്നു പറഞ്ഞാല്‍ തെറ്റാണ്, എല്ലാവര്‍ക്കും മനസിലായി എന്നു തന്നെ പറയാം. അഥവാ ഭയപ്പെടുത്തലിന്റെ രാഷ്ട്രീയം ഈ കൊച്ചു കേരളത്തിലും ഫലിച്ചുതുടങ്ങി എന്നു തന്നെയാണ് അത് നമ്മോട് പറയുന്നത്, മറ്റൊരു തലത്തില്‍ പറഞ്ഞാല്‍ തോക്ക് ചൂണ്ടുന്ന താലിബാനിസത്തിന്റെ എതിര്‍ ദിശതന്നെയാണ് ഈ കാഴ്ച്ചകളും.
ഇനി എത്ര വെട്ടി കളഞ്ഞളാലും സിനിമയുടെ ആകെ പ്രമേയം തീവ്രഹിന്ദുത്വ വര്‍ഗീയ തീവ്രവാദികള്‍ ഗുജറാത്തില്‍ കലാപം അഴിച്ചുവിട്ടു അതിലൂടെ അധികാരത്തില്‍ കയറി എന്നു തന്നെയാണ്, അതിന്റെ ജീവിക്കുന്ന ദുരന്തസാക്ഷികളായി കമര്‍ബാനുവും ബില്‍ക്കിബാനുവും ഇന്നും ഇവിടെ നിലകൊള്ളുന്നു.അത്തരമൊരു പ്രമേയവും കഥയും വ്യക്തമായി മനസിലാക്കതെയാണ് മോഹന്‍ലാല്‍ അതില്‍ അഭിനയിച്ചിട്ടുള്ളത് എന്ന് ചിലര്‍ പറയുന്നത് പമ്പര വിഡ്ഢിത്തമാണ്, കാരണം സാമുദായിക മൗലികവാദങ്ങളെ എന്നും ചെറുത്തു പോന്നിട്ടുള്ളത് അതേ സമുദായത്തിലുള്ള നല്ല മനസുകളാണ് എന്നത് കൂടി ഈ സിനിമയുടെ പിന്നണി പറഞ്ഞുവെയ്ക്കുന്നു..എന്നാല്‍,അദ്ദേഹത്തെയും ഒരു വര്‍ഗീയവാദിയാക്കി കൂടെ നിര്‍ത്താനുള്ള വര്‍ഗീയ വിഷങ്ങളുടെ മോഹങ്ങളാണ് മോഹന്‍ലാല്‍ കൂളായി തകര്‍ത്തു കളഞ്ഞത്.എല്ലാവരെയും ചേര്‍ത്തു നിര്‍ത്തുന്ന ഒരു മനുഷ്യസ്‌നേഹിയായ അദ്ദേഹത്തിന്റെ ഒരു ഖേദപ്രകടനം ഉണ്ടായി എന്നാല്‍ പോലും സിനിമ വര്‍ഗീയവാദികള്‍ക്കെതിരെ ശക്തമായി തന്നെ നിലനില്‍ക്കുന്നു, അതുകൊണ്ട് തന്നെയാണ് സംവിധായകന്‍ പൃഥ്വിരാജിന് നേരെ സൈബര്‍ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുന്നതും.
സിനിമകളെയും കലകളെയും ആ ഒരു കാഴ്ച്ചപ്പാടുകളോടെ എടുത്താല്‍ എമ്പുരാനിലും വിമര്‍ശ്ശിക്കുവാന്‍ തക്ക യാതൊന്നുമില്ല എന്നു പറയാം,രാജ്യം കടന്നുപോകുന്ന ചില അവസ്ഥകളെ തന്നെയാണ് സിനിമയും ചൂണ്ടിക്കാണിക്കുന്നത്. ഇനി വിമര്‍ശ്ശിക്കേണ്ടതായ എന്തെങ്കിലും സിനിമയില്‍ ഉണ്ടെങ്കില്‍ തന്നെയും ഒരു ജനാതിപത്യ രാജ്യത്തെ ഒരു സിനിമയും കഥയും ആ ടീമിന്റെ അഭിപ്രായമായി കണ്ടാല്‍ എല്ലാം അവിടെ തീര്‍ന്നു. എന്നാല്‍ ഇതൊക്കെ മറന്നു കൊണ്ട് ചിത്രത്തിനെതിരെ ആക്ഷേപങ്ങളും അധിക്ഷേപങ്ങളും (Defame) തുടരുന്നത് മതവും രാഷ്ട്രീയവും സങ്കലനം ചെയ്യുന്നതിന്റെ അപകടമാണ് നമ്മള്‍ കാണുന്നത്. ഈ അപകടം മലയാളികള്‍ നേരത്തെ മനസിലാക്കിയത് കൊണ്ടാണ് മതരാഷ്ട്രീയത്തെയും വര്‍ഗീയ വാദങ്ങളെയും എന്നും മലയാളം അകറ്റി നിര്‍ത്തുന്നതും എന്നിരുന്നാലും മോഹന്‍ലാലിന്റേയും പൃഥ്വിരാജ്‌ന്റെയും അഭിനയമികവും ശക്തമായ അവതരണ ഭംഗിയുംകൊണ്ട് ലോകസിനിമകളുടെ കൂടെ നിര്‍ത്തേണ്ട ഒരു മലയാള ചിത്രത്തെ വെട്ടി നശിപ്പിക്കുവാന്‍ മുറവിളി കൂട്ടുന്നവര്‍ നമ്മുടെ ചുറ്റിലും നിന്ന് തന്നെയാകുമ്പോള്‍ ഒരു സത്യം തിരിച്ചറിയേണ്ടിയിരിക്കുന്നു.അവര്‍ ഇവിടെയും നിരന്നു കഴിഞ്ഞിരിക്കുന്നു!











