മഴയത്ത്,
ഇറവെള്ളമിറ്റുമിറയത്ത്,
മിഴിനട്ട്, മഴയെ തൊട്ടു ഞാന്‍.
കുഴമണ്ണ്
കുത്തിയൊഴുകിയ
മുറ്റത്തെ പുഴയിലൂടെ
ബാല്യമൊരു കേവുവള്ളം
തുഴഞ്ഞു കടന്നു പോയ്!
പുഴയോരത്ത്,
പഴയൊരോര്‍മ്മ തന്‍
ചാരത്ത്, പൂഴിമണ്ണില്‍
പുതഞ്ഞോരു
പിഞ്ചു കാല്പാടുകള്‍
പിന്‍തുടര്‍ന്നെത്തി ഞാന്‍!
നാവില്‍ നീലിച്ചു ലയിച്ച,
ഞാവല്‍ പഴങ്ങള്‍,
പൊഴിഞ്ഞോരോര്‍മ്മ
മരത്തണലില്‍,
പോയ കാലത്തിന്‍
ഊയാല്‍ പടിയില്‍
ഇളവേറ്റു ഞാന്‍.
മധുരനെല്ലിക്കാച്ചുവയും
മാംചുന മണവുമുള്ള
കാറ്റെന്നെ താരാട്ടി.
കുപ്പിവളപ്പൊട്ടിന്‍ നിറം
ചാലിച്ച സ്വപ്നങ്ങള്‍
കണ്ടുറങ്ങി ഞാന്‍.
ബാല്യത്തിന്‍ പളുങ്കു
ഭരണിയില്‍ തിളങ്ങിയ
നാരങ്ങാമിഠായി മധുരം
നുണഞ്ഞോരെന്നെ
പുല്‍കിയുണര്‍ത്തീ,
പുതുമണ്ണിന്‍ മണം.
ഗന്ധര്‍വഗന്ധങ്ങളെന്‍
ചിന്തതന്‍ കടവിലടുപ്പിച്ചു
സന്ധ്യയിലാ കളിയോട,
മെങ്ങു മാഞ്ഞുപോയ്…
About The Author
No related posts.