മണ്ണിലെച്ചെറുമിന്നാമിന്നിയെക്കാമിച്ചല്ലോ
വിണ്ണിലെ ജ്വലിക്കുന്ന താരകത്തെളിവെട്ടം
രണ്ടു പാതയിലുള്ളോര്‍, രണ്ടു വേദിയിലുള്ളോര്‍
രണ്ടിനുമൊന്നായീടാന്‍ വിധിയില്ലറിഞ്ഞിട്ടും
ആരോരുമറിയാതെയാരെയും കാണിക്കാതെ
ആത്മാവിലൊളിപ്പിച്ചൊരാര്‍ദ്രമാം തിരിവെട്ടം
കാഴ്ചയായ് നൈവേദ്യമായ് ദേവന്റെ പദംതന്നില്‍-
ച്ചാര്‍ത്തുവാന്‍ മോഹിച്ചതുമെത്രയും പരിഹാസ്യം!
വിണ്ടലമേലാപ്പിന്റെ സ്വര്‍ണ്ണജാലകത്തട്ടില്‍
ചിന്തിച്ചു മുഖംചേര്‍ത്തു നിസ്സഹായനായ് താരം
”എന്തു ചൊല്ലീടേണ്ടൂ, നിന്നോടുവിശേഷങ്ങളി-
ന്ദുഗോപമേ! നിന്നെ ചാരത്തു വരുത്തുവാന്‍?”
അന്ധകാരത്തെപ്പുല്‍കും സന്ധ്യതന്‍ മുഖാംബുജം
ബന്ധുരമായിത്തീര്‍ന്നു,താരകശോകാഗ്‌നിയില്‍
കാട്ടിലെപ്പുല്‍ത്തലപ്പിന്‍ശയ്യയിലിരുന്നവള്‍
മേട്ടിലെ നക്ഷത്രത്തോടോതിയാ വിസ്മയങ്ങള്‍!
പൂനിലാമഴച്ചാര്‍ത്തില്‍ മുങ്ങുന്ന പുഴയോരം
പാലൊളി പ്രഭതൂകിയുണരും പുലരികള്‍
ചന്ദനമണം ചൂടിയെത്തീടുമിന്ദീവര-
ച്ചന്തത്തില്‍ വിടരുന്ന കാട്ടുപൊയ്കതന്‍ നാണം
തെളിനീരതില്‍പൂക്കും താരകമുഖം നോക്കി
തരളമാം സ്വപ്നങ്ങള്‍ക്കു മിഴിവേകിയ രാവും
അന്യമാകുന്നതെങ്കില്‍ കാരണമെ ന്തു ചൊല്ലൂ
വന്യമാകുന്നീ മണ്ണില്‍,കനലിന്‍
നിഴല്‍ക്കൂത്തോ?
നക്ഷത്രകുമാരനോ, ശൂന്യത തളംകെട്ടി-
യപ്പൂപ്പന്‍താടിപോലെ പരന്ന മേഘക്കൊമ്പില്‍
ഞെട്ടറ്റു താഴെവീണു വിളറി,നിറംകെട്ട
പട്ടംപോല്‍ നിശ്ചേതനന്‍, കേണു തന്‍ പ്രിയയ്ക്കായി
സഖി! നിന്‍ വിരല്‍തുമ്പിന്‍സ്പര്‍ശനംമാത്രം മതി
സകലാകാശങ്ങളും താണ്ടുവാനെന്നോമലേ!
കാതങ്ങളകലെയാണെങ്കിലും മനസ്സിന്റെ
ജാലകവാതില്‍ക്കല്‍ നീ തെളിയാറുണ്ടെന്നെന്നും
കതിരോന്റെ കനലിന്‍ചൂടില്‍ വേവുന്ന ഗോളങ്ങളും
കതിരിട്ടു മിന്നുന്ന നിശീഥദിനങ്ങളും
ധൂളിയായ്പ്പറക്കുന്ന മുകിലിന്‍ കൂട്ടങ്ങളു-
മാരവമൊഴിഞ്ഞ പാഴ്മരുഭൂമികള്‍മാത്രം!
ഓമലേ! കൊതിയുണ്ടേ,യിന്ദു ഗോപമായിത്തീരാ-
നീ ജന്മം തമസ്സിന്റെ ഗര്‍ത്തത്തില്‍ ബലിയാകാം…
About The Author
No related posts.