മയൂഖജ്വാലയാളും പീലിയെഴും
മായീകമാം മയൂരനര്‍ത്തനം.
മനോജ്ഞമാ ദിവ്യദര്‍ശനം
രാധാമാധവം,രാസലീലാദൃശ്യം,
അര്‍ദ്ധനാരീശ്വരയുഗ്മസദൃശം.
വിണ്ണിന്നിരുള്‍ പിളര്‍ന്നിതാ
മുന്നിലിരു മിന്നല്‍പിണരുക
ളിണപിണയുന്ന കണക്കിരു
പ്രണയത്തീജ്ജ്വാലകളോ,
പുണരുന്നതു പോലുടലുയി
രൊന്നായിതാ നടനമാടുന്നു.
കണ്ണിന്നു സായൂജ്യമായ്
കണ്ണന്റെ മായാവിലാസം.
അഭൗമമാമൊരനുഭൂതിയില്‍
ശലഭമായ് പറന്നുയര്‍ന്നേന്‍
സ്ഫടിക സൂനങ്ങളിലിന്ദ്ര
ധനുസ്സിന്‍ വര്‍ണ്ണരാജികള്‍
വിടരുമേതോ പ്രമദവനിയില്‍
മധു മുകര്‍ന്നുല്ലസിച്ചു ഞാന്‍.
ആനന്ദപ്രമത്ത നൃത്തമാടിയാടി
ആ നന്ദബാലകനും രാധികയും
ഗോലോക വൃന്ദാവനം പൂകി
ആ ലോകത്തിലടിയന്നഭയം.
ആലംബ ഹീനര്‍ക്കാശ്രയം.
ഹേമ സിംഹാസന സ്ഥിതം.
നാമരൂപാതീതം സമ്പൂര്‍ണ്ണം
ശ്യാമവര്‍ണ്ണം ഗോപീരമണം.
ധര്‍മ്മ പരിപാലനാവതാരം.
കരതലേ നീല കല്‍ഹാരം.
കണ്ഠത്തില്‍ തുളസീഹാരം.
യദുകുല പ്രിയനേ ദേവാ
താവക ദേവാംഗണത്തിലെ
പൂങ്കാവനത്തിലെന്‍ ജീവനെ
പാരിജാതമായ് വിടര്‍ത്തേണം
തവ ചരണമതില്‍ മമശരണം.
***
മൂല കവിത (കടപ്പാട്)
വിഷ്ണു പി.ആര്‍
About The Author
No related posts.