മിഴിവാളുന്ന വിഷുപക്ഷി-ജയരാജ് പുതുമഠം

Facebook
Twitter
WhatsApp
Email

പൂനിലാവേറ്റ് പുഷ്പ്പിച്ച
പൂ മുഖവുമായി
പുലരിയില്‍ പുണര്‍ന്നെന്നെ
ഉണര്‍ത്തുന്ന വിഷുപ്പക്ഷീ,
പാടൂ…
കാലത്തിന്‍ നിയതമാം നാദങ്ങളില്‍
കുളിരണിയട്ടെ കൈരളീമാനസം

നിന്‍ ഗാനശകലങ്ങളേറ്റ്
പൂത്തുലയട്ടെ വിഷുസുമങ്ങള്‍
അലങ്കാരപുഷ്പ്പങ്ങളണിഞ്ഞ് പാടൂ
ഹൃദയവാതായനങ്ങള്‍-
തുറന്നൊരു പ്രണയഗാനം
അഹങ്കാരംവിട്ട് തുറന്നൊഴുകട്ടെ
ആലാപനഗായത്രി തന്‍
സ്‌നേഹവര്‍ണ്ണ വൃഷ്ടികള്‍

മിഴിവാളുകയാണ് പ്രകൃതി മെല്ലെ
എന്‍ അകക്കാമ്പില്‍
കൊളുത്തിവെച്ച നിറദീപംപോല്‍
കാലിടറിയ ഇടങ്ങള്‍
സാന്ത്വനദളങ്ങള്‍ ചിതറി തളിര്‍ക്കട്ടെ
അകത്തളങ്ങളില്‍ പൂക്കാവടികള്‍
വിരാമമില്ലാതെ ആട്ടം തുടരട്ടെ

മായികമാം നിന്‍ ഗാനസൗരഭ്യം
വീണലിയുമെന്‍ പ്രാണവീണയില്‍
ഊര്‍വ്വരമായ രാഗ-ശ്രുതികള്‍ക്ക്
മനസ്സിന്‍ താഴ്വരയില്‍
നിലാവിന്‍ വിസ്മയമണം
വീശിയൊഴുകാനാകട്ടെ
ഈ മേടമാസരാവുകളില്‍.

About The Author

Leave a Reply

Your email address will not be published. Required fields are marked *