Facebook
Twitter
WhatsApp
Email

ആദ്യമായെഴുതിയ പ്രിയമാം വരികളില്‍
കാവ്യമാനം നിറം ചാര്‍ത്തിയില്ല,
ബിംബങ്ങളില്ലാത്ത ചിതറിയ വരികളോ
ചൊല്‍ത്താള വൃത്തത്തിലായതില്ല.

പിച്ചവച്ചാകൊച്ചു വരികളിന്‍ പൂന്തോപ്പില്‍
തല്പമൊരുക്കി ഞാന്‍ കാത്തിരുന്നു,
ഋതുക്കളിലുദ്യാനം തളിര്‍ത്തുപൂവിട്ടിട്ടും
കാവ്യഭാവം മാത്രം വന്നതില്ല.

എന്നിട്ടും നിങ്ങളെന്‍ ചിതറിയ വരികളെ
കോര്‍ത്തിണക്കി മുത്തുമാലയാക്കി,
എങ്ങനെ നന്ദി പറയണമെന്നാശിച്ചു
സ്പന്ദമുണര്‍ന്നു തുടിച്ചല്ലോ ഹൃദ്യമായ്.

വായിച്ച പുസ്തകത്താളുകളഗ്‌നിയായ്
ഒരുവേളയുള്ളില്‍ ജ്വലിച്ചുയര്‍ന്നു
എത്രയോ കാലമായ് പറയുവാനാശിച്ച
കാവ്യബിംബങ്ങള്‍ പിറന്നുവീണു.

ഹര്‍ഷബാഷ്പങ്ങളൊഴുകിയെന്‍ ഗണ്ഡത്തില്‍
മുത്തുപോല്‍ ചിന്നിച്ചിതറിടുന്നു,
വര്‍ണ്ണജാലകത്തിരശ്ശീലകള്‍ നീക്കി
സുന്ദരദൃശ്യങ്ങളാസ്വദിച്ചു.

വന്ദ്യനാം ഗുരുവിന്റെ ദീപ്തമാം വാക്കുകള്‍
ഉള്ളിലാവാഹിച്ചു പ്രണമിക്കുന്നു!
പ്രിയരാം ഗുരുക്കള്‍ തന്‍ ശ്രേഷ്ഠമുഖങ്ങളും
മുന്നില്‍ത്തെളിയുന്നു! കുമ്പിടുന്നു!

About The Author

2 thoughts on “പ്രണതി-പ്രമീളാദേവി”
  1. ആശയഭംഗിയും ഭാവനയും ഒത്തിണങ്ങിയ മനോഹര വരികൾ…. അഭിനന്ദനങ്ങൾ…… 👌👌👍👍🌹🌹🌹

Leave a Reply

Your email address will not be published. Required fields are marked *