മരണമേ ! നിന്റെ കാലൊച്ച കേള്‍ക്കുന്നു
അരികിലായെന്റെ കാതില്‍ മുഴങ്ങുന്നു.
ജനലഴിയിലൂടെന്നെ തഴുകീടുമീ
കാറ്റിനുമിന്നു മൃത്യുവിന്‍ ഗന്ധമോ?
തരളിതഭാവങ്ങള്‍ മായുന്നുവെന്നിലെ,
മൃദുലകോശങ്ങളുന്മാദമൊഴിയുന്നു..
ഇനിയൊരുമാത്രകൂടി ജ്വലിച്ചിടൂ,
പ്രിയതേ,നീയെന്നുടെ അന്ധകാരത്തിലായ്..
നാളെ ഞാനില്ലാത്ത ,ലോകത്തില്‍ നീ,
ഏകയായ്ത്തീരുമെന്നാലുമോമനേ
ഇരുളിന്‍ പടര്‍പ്പില്‍ ഞാനലിയുന്ന നേരത്തും.
നിന്‍ ചേതനയായിയീ ഭൂവിലുണ്ടായീടും.
നീ ചൊരിഞ്ഞീടുന്ന മന്ദഹാസത്തിന്റെ,
നിറംമാഞ്ഞ ശോഭയായരികില്‍ ഞാനുണ്ടാകും,
മൗനംവിതച്ചു നീയുഴലുന്ന വഴികളില്‍,
വിളക്കായ്‌ത്തെളിഞ്ഞു ഞാന്‍ നിന്നെ നയിച്ചിടും…











