തല്ലജം വിടര്‍ന്നപോല്‍ പൊന്നണിഞ്ഞുദിക്കുവാന്‍
മെല്ലെയാകാശത്തെത്തും അര്‍ക്കതാരസാരമേ,
ഇല്ല മറ്റാരും വിണ്ണില്‍ വെളിച്ചം ചൊരിഞ്ഞെന്നും
അല്ലലാമിരുട്ടിനെ അകറ്റിത്തുണയ്ക്കുവാന്‍..
ഉറ്റതോഴിയാം ഭൂമി താരണിഞ്ഞാദിത്യന്റെ
ചുറ്റിലും വലംവെയ്‌ക്കേ ദര്‍ശനം നല്കാനായി,
വറ്റാത്ത സ്‌നേഹത്തോടെ നിത്യവും കിഴക്കൊരു-
കുറ്റവും വരാതേറെ കാന്തിയോടുദിക്ക നീ..
കര്‍മ്മമെന്നറിഞ്ഞോതും വേദമാകെയും മന്നില്‍
നിര്‍മ്മലപ്രകാശമായ് സന്ധ്യയോളമെത്തവേ,
ദുര്‍മ്മൃതി വരാതെല്ലാം മോദമോടുണ്ടാകുവാന്‍
ധര്‍മ്മദാനമായെന്നും ആയുസ്സും തന്നീടേണം..
ചന്തമേറിയാകെയും തുടുത്തര്‍ദ്ധവാസരം
വെന്തകാഞ്ചനംപോലെ വാണെരിഞ്ഞുര്‍വ്വിക്കായി,
ചിന്തിക്കും മഹാപ്രഭോ സര്‍വ്വ ജീവജാലവും
സന്തതം വസിക്കുവാന്‍ നീയുമുണ്ടായീടേണം..
അന്നുമിന്നുമീവിധം വിശ്വരക്ഷകനായി
വന്നവതരിച്ചീടും ദിവ്യമൂര്‍ത്തിയാം നിന്റെ
മുന്നിലെല്ലാരും സമം, ഭാവഭേദമില്ലാതെ
തന്നതിനെല്ലാം നന്ദി ചൊല്ലിടാം നമിച്ചിടാം…
About The Author
No related posts.