LIMA WORLD LIBRARY

അമ്മ-ബാബു താമരക്കുളം

ദുരിത തീയില്‍ ആണ്ടെന്നാലും വെന്തുമരിച്ചില്ലമ്മ….

കദനക്കായലില്‍ വീണെന്നാലും മുങ്ങിമരിച്ചില്ലമ്മ…

കടലിന്‍ തിര പോല്‍ തല്ലും ജീവിത കടലാഴങ്ങള്‍ താണ്ടി…

പ്രതികൂലത്തിന്‍ മല മേല്‍ക്കയറി വെല്ലുവിളിക്കുന്നമ്മ….

അതിവേഗത്തില്‍ പാഞ്ഞരിവാളാല്‍ പുല്ലുകള്‍ ചെത്തി കൂട്ടി…

ശരവേഗത്തില്‍ പാഞ്ഞതു വിറ്റിട്ടരി മേടിച്ചന്റെമ്മ…

മുള്ളുകള്‍ മൂടിയ കൈതക്കാടുകള്‍ വെട്ടിമറിയ്ക്കുന്നമ്മ

മുള്ളുകള്‍ചീന്തി യുണക്കിയടുക്കി പായുകള്‍ നെയ്യുന്നമ്മ….

കാടുകള്‍ തോറും കേറിയിറങ്ങി വള്ളിപറിക്കുന്നമ്മ….

വള്ളി പിളര്‍ന്നത് ചന്തം ചാര്‍ത്തി കുട്ടകള്‍ നെയ്യുന്നമ്മ….

വക്കുപൊളിഞ്ഞൊരുവട്ടി കറക്കി വിത്തുവിതയ്ക്കുന്നമ്മ…

വട്ടി നിറഞ്ഞൊരു വയറുകള്‍ ഞങ്ങളെ സ്വപ്നം കാണുന്നമ്മ….

ഞാറ്റടിയേറ്റ് കലങ്ങിയ പാടം നട്ടു നിറയ്ക്കുന്നമ്മ…

കളകള്‍ കളഞ്ഞതു പാകം വന്നാല്‍
താഴ്ത്തി കൊയ്യുന്നമ്മ….

ചവുട്ടി മെതിച്ചത് തൂറ്റി പാറ്റി പത്തിനരപതമേന്തി,
ചൂട്ടിന്‍ കറ്റ വെളിച്ചത്തിങ്കല്‍ ചേര്‍ന്നു നടക്കുന്നമ്മ….

ദുരിതംപെയ്യും കര്‍ക്കിട രാവില്‍ നീറിയ കാറ്റുകള്‍ വീശും…

ചോരും കൂരയില്‍ കുളിരും ചൂടി ഇരുളില്‍ ഞങ്ങളിരിക്കും…

മാനംമുട്ടിയിടിക്കുംരാവില്‍ മങ്ങിയ വെട്ടമണഞ്ഞാല്‍….

മോനെയെന്നു വിളിക്കും
ഞാനാ മാറോടൊട്ടിയടുക്കും….

‘അമ്മ’ യതോളം നന്മ
നിറഞ്ഞൊരു നാമം മറ്റൊന്നില്ല….

കഷ്ടത പട്ടിണി പങ്കപ്പാടുകളേറും
ജീവിത വഴിയില്‍….

ഇന്നോളംപട വെട്ടി ജയിച്ചവള്‍…
നിന്നോളം വേറാരുള്ളു…

അമ്മേനിന്‍ തിരുമാറി –
ന്നൂറിയ പാലോളം അതി മധുരം…

ഇന്നോളം
വേറൊന്നിനമില്ലേ….
നിത്യം നിന്നെ നമിപ്പൂ….
ഞങ്ങള്‍ നിത്യവുമമ്മേ നമിപ്പൂ….??

(9961221326)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px