അമ്മ താരാട്ടു പാടി തൊട്ടിലാട്ടി
കഷ്ടപ്പെട്ടു കിടത്തി ഉറക്കി
എങ്ങാനും വീണാല്‍ കുഞ്ഞിനു
വേദനിക്കാതെയിരിക്കുവാന്‍
താഴെ പഞ്ഞിക്കിടക്ക നിവര്‍ത്തിയിട്ടു
മറ്റു പണികള്‍ തീര്‍ക്കുവാനായ്
അപ്പുറത്തേക്കു മാറിയിട്ടു
വെറുതെ തിരിഞ്ഞൊന്നു നോക്കിയപ്പോള്‍
കുഞ്ഞിപ്പെണ്ണുണ്ടു കള്ളച്ചിരിയുമായ്
”അമ്മയെ പറ്റിച്ചേ ‘ എന്ന ഭാവത്തോടെ
കുഞ്ഞിക്കണ്ണു മിഴിച്ചു നോക്കി
”എന്നെ ഇട്ടേച്ചമ്മ പോകയാണോ ”എന്നു ചോദിക്കും മട്ടില്‍
അമ്മയെ കണ്ണു ചിമ്മാതെ നോക്കുക യാണു..
അമ്മ പാവം പാട്ടു പാടിക്കുഴഞ്ഞതു
വെറുതെയായി …??
എത്ര പാട്ടു പാടിയിട്ടും എത്ര തൊട്ടിലാട്ടിയിട്ടും എന്തു കാര്യം..
അമ്മേടെയീ സൂത്രമൊന്നും കുഞ്ഞിന്റടുത്തു വിലപ്പോകില്ല..
കുഞ്ഞിനുറങ്ങാന്‍ തോന്നുമ്പൊഴേ
എത്ര പാടിയില്ലെങ്കിലും ആടിയില്ലെങ്കിലും കുഞ്ഞുറങ്ങൂ…
അമ്മയ്ക്കാണെങ്കില്‍ ഒരു നൂറു കൂട്ടം പണിയുണ്ടു
കുഞ്ഞുണരും മുമ്പു ചെയ്തു തീര്‍ക്കാന്‍..
കഞ്ഞി വെക്കണം കറി വെക്കണം
അടിക്കണം തുടക്കണം
അലക്കണം കുളിക്കണം പിന്നെ
കുഞ്ഞിപ്പെണ്ണിന്റെ തുണി തിരുമ്പണം..
കുഞ്ഞു കിടന്നുറങ്ങുമ്പൊഴല്ലേ
ഇപ്പണിയൊക്കെ ചെയ്യാന്‍ കഴിയൂ…
ഇതൊക്കെപ്പറഞ്ഞിട്ടിനിയെന്തു കാര്യം..
”എന്നെയെടുത്തോളൂ അമ്മേ ”എന്നു
കൊഞ്ചിക്കിണുങ്ങിപ്പറയുമ്പോലെ
കുഞ്ഞ് അമ്മയെ നോക്കുന്ന നോട്ടം കണ്ടാല്‍
എത്ര തന്നെ തിരക്കുണ്ടെന്നാകിലും
അമ്മ വാരിയെടുത്തൊരു മുത്തം കൊടുക്കില്ലെ…













