ആരുമാരും കൊതിയ്ക്കുന്ന പൂമൊട്ടിന്‍
താരള്യം ചേര്‍ത്തു മാറോടണച്ചതും,
ഓരോ ദളങ്ങള്‍ വിരിയുന്നതും നോക്കി
കണ്ണിമയ്ക്കാതെ കൂട്ടായിരുന്നു ഞാന്‍.
ഇതളുകളെല്ലാം വിരിഞ്ഞ കലികതന്‍
പരിമളമാകെ ചുറ്റും നിറഞ്ഞതും,
ഏതോ ഭ്രമരം മധുതേടി വന്നണ-
ഞ്ഞേറെ സ്വകാര്യമായ് കൂടുകൂട്ടിയും
ഒരുനാള്‍ പുഴുക്കുത്തിലേറെ നിറംമങ്ങി
തേജസ്സ് നശിച്ചയെന്‍ പൂവിന്‍ തളിര്‍ മേനി
തണ്ടുലഞ്ഞിതാ വീണു കിടക്കുന്നു
ഹന്ത! മനോഹരി! തേങ്ങുന്നതീ മനം.
‘ദൂരെ ദൂരെയൊരഗ്‌നി സ്ഫുലിംഗമായ്
നേരിതാ നേരെ മുന്നില്‍ത്തെളിയുന്നു
താരിളംപൂവ് കാട്ടുതീയേറ്റപോല്‍
വാടിവീഴും യുവത്വം ലഹരിയാല്‍…’













