പഹല്‍ഗാം, നിന്‍,കുളിര്‍ച്ചില്ലയില്‍,
പ്രേമത്തിന്‍ കൂടൊന്നൊരുക്കാനായി,
പാടിപ്പറന്നെത്തിയ മിഥുനങ്ങള്‍,
പരസ്പരം പങ്കിട്ട സ്വപ്നങ്ങളെത്ര!?
പറയാന്‍ കരുതിയ വാക്കുകളെത്ര!?
പകല്‍ക്കിനാക്കളില്‍ കോര്‍ത്തെടുത്ത,
പാരിജാതപുഷ്പമാല്യങ്ങളെത്ര! ?
പടക്കുതിരതന്‍ വേഗമോടെ കൈ-
പ്പിടിയിലൊതുക്കാന്‍ മോഹിച്ച കാമനകളെത്ര,!
പുല്‍ക്കൊടിത്തുമ്പിനെ തരളിതമാക്കി,
പൂമ്പാറ്റയെപ്പോലെ വര്‍ണച്ചിറകു വീശി,
പറന്നേറാന്‍ കൊതിച്ച സ്വര്‍ഗനന്ദനങ്ങളെത്ര! ?
പാരിതിലെ നാകഭൂവില്‍ മധുവിധുവാം,
പാലാഴിയില്‍ നീരാടാനണഞ്ഞമരാളമേ,
പതിയിരിക്കും മൃത്യുവിന്‍ കരാളഹസ്തങ്ങളില്‍,
പിടയും പ്രിയനെ ചുടുനെഞ്ചോടു ചേര്‍ത്തു
പുണരുവാനോ ? ദുര്‍വ്വിധിതന്‍ കല്പന.
പകയാം മതജാതി നരാധമവര്‍ഗം,
പറിച്ചെറിഞ്ഞതീ താരുണ്യ സ്വപ്നത്തെ!.
പണ്ടു കുരുക്ഷേത്ര രണാങ്കണത്തില്‍,
പത്തിവിടര്‍ത്തിയാടിയ ദ്രൗണിതന്‍,
പ്രതികാരാഗ്‌നിക്കൊരു കാരണമുണ്ടെന്നിരിക്കെ,
പറയൂ! തോക്കിന്‍ കാഞ്ചി വലിച്ചതെന്തിനീ ,
പ്രണയാങ്കുരത്തിന്‍ മാറിലേക്കായി? മാനിഷാദ
പാടാനിന്ന്,കരുത്തിന്‍ കാവല്‍ക്കരങ്ങളില്ല.!
പ്രകൃതിതന്‍ ചാരുത കണ്ടു കണ്ടു മോദമോടെ,
പയ്യാരം പറഞ്ഞു രസിച്ചവരൊന്നായി,
പലഭാഷ വേഷഭൂഷകളണിഞ്ഞവരെങ്കിലും
പാണികള്‍ കോര്‍ത്തു ശ്യംഖലയായിനിന്നവര്‍ തന്‍ ,
പ്രാണനെടുക്കാന്‍ തോന്നിയതെന്തേ കശ്മലാ ?
പാറപോല്‍ കഠോരമോ നിന്‍ ചിത്തതടം,
പാരം!ശിലയിലും കണ്ടിടാം നീര്‍ച്ചാലുകള്‍.
പാരിടമൊരുവനും സ്വന്തമല്ല, വന്നവഴി,
പോകുമ്പോളൊന്നുമേകൊണ്ടുപോകില്ല!
പരം ശൂന്യമന്ധകാരകന്ദരം ഭയാനകം!
പാര്‍ത്ഥനു തുണയായില്ല ഗാന്ധീവവും ,
പരലോക പ്രപ്തിയില്‍, കര്‍മ്മഫലമല്ലാതെ !
പൊരുതി നേടാനാവില്ല സ്‌നേഹചക്രവാളം,
പാണ്ഡവകൗരവരണത്തിലാരുനേടി !?
പാരത്ഥസാരഥീകുലം കടലെടുത്തു പോയി,
പിന്നെന്തു ചൊല്ലുവാന്‍, സ്‌നേഹിക്ക,
പരസ്പരം ,പലമതസ്തരെങ്കിലുമൊന്നായി,
പാടീടുക , ‘ലോകാ സമസ്താ സുഖിനോ ഭവന്തു ‘
പരം സുഖം സമസ്ത ചരാചരങ്ങളിലും!.
ലോകാ സമസ്താ സുഖിനോ ഭവന്തു:













