എന്നാല്‍ ഹൃദയത്തിനേറ്റ മുറിവുകളാണ് ശരീരത്തിനേറ്റ മുറിവുകളേക്കാള്‍ വലുതെന്ന് അദ്ദേഹമെഴുതി. എന്റെ അഭാവം ആ ഹൃദയത്തെ വല്ലാതെ മുറിപ്പെടുത്തിയെന്നും
അച്ഛന്റെ പണത്തിന്റെ സ്വാധീനവും, ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനുമായുള്ള കൂട്ടുകെട്ടും നീണ്ടനാള്‍ അദ്ദേഹത്തെ കാരാഗൃഹത്തിലാക്കി
ഒരുനാള്‍ അച്ഛന്‍ അമ്മയോടു തര്‍ക്കിച്ച് പറയുന്നതു കേട്ടു. ”ഈ ഫഹദ് സാര്‍ എന്നു പറയുന്നവന്‍ പക്കാ വര്‍ഗ്ഗീയ വാദിയാണു കേട്ടോ. ഇവളെ അവന്‍ കെട്ടി മതം മാറ്റാനാണ് ഉദ്ദേശിച്ചിരുന്നത്. ഞാന്‍ ചെല്ലുമ്പോള്‍ ഇവള്‍ തനി മുസ്ലീം സ്ത്രീയായി വേഷവിധാനം ചെയ്തിരുന്നു. അവള്‍ ശരിയ്ക്കും ഹിന്ദുവാണെന്നറിഞ്ഞാല്‍ എല്ലാ ഹിന്ദുക്കളും അവനെതിരായി തിരിയുകയും ചെയ്യുമായിരുന്നു. അതാണ് ആ നാട്ടില്‍ ഞാന്‍ ചെന്നപ്പോള്‍ ഉണ്ടായ സംഘര്‍ഷത്തില്‍ നിന്നും മനസ്സിലായത്. ഏതായാലും ഭാഗ്യം കൊണ്ടാണ് അതൊരു വലിയ ലഹളയായി പരിണമിയ്ക്കാതിരുന്നത്. ഞാന്‍ പോലീസിനെയും കൊണ്ട് ചെന്നതാണ് ഏറ്റവും വലിയ ഭാഗ്യായത്. അല്ലെങ്കില്‍ ഒരു വലിയ ലഹളയുണ്ടായി ഞങ്ങളും അതില്‍ പെട്ടുപോയേനെ. നിന്റെ മോളെ ഇങ്ങനെ ജീവനോടെ കിട്ടിയത് എന്റെ മിടുക്കു കൊണ്ടാണെന്ന് കരുതിയ്‌ക്കോ. അല്ലെങ്കില്‍ അവളുടെ കത്തിക്കരിഞ്ഞ ശവമേ നിനക്ക് കിട്ടുമായിരുന്നുള്ളൂ.”
എന്നെ വീട്ടുതടങ്കലിലിട്ടതില്‍ മനംനൊന്ത് അച്ഛനോടു തര്‍ക്കിക്കാന്‍ ചെന്ന അമ്മയുടെ നാവടഞ്ഞുപോയി. അച്ഛന്‍ ചെയ്തതു തന്നെയാണ് ശരിയെന്ന് അമ്മയ്ക്കും ബോധ്യമായി. അമ്മയെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തിയ ശേഷം അച്ഛന്‍ എന്നോടു പറഞ്ഞു.
”നിന്നെ വിവാഹം കഴിയ്ക്കുവാന്‍ സുഭദ്രേച്ചിയുടെ മകന്‍ വിഷ്ണു നാരായണന്‍ ഒരുക്കമാണ്. നിന്നെ അത്രയ്ക്കിഷ്ടമാണ് അയാള്‍ക്ക്. ഞാനീ വിവാഹം ഉടനെ നടത്താന്‍ പോവുകയാണ്. അതുവരെ നിന്റെയാ ഫഹദ്‌സാര്‍ ജയിലില്‍ കിടക്കുക തന്നെ ചെയ്യും. ചിലപ്പോള്‍ അവിടെക്കിടന്ന് പോലീസുകാരുടെ തല്ലു കൊണ്ട് അയാള്‍ മരിയ്ക്കും. കാരണം അയാള്‍ ചെയ്ത കുറ്റം അത്രയേറെ ഗൗരവമേറിയതാണ്. വര്‍ഗ്ഗീയ ലഹളയുണ്ടാക്കുക എന്നുവച്ചാല്‍ അതൊരു തരം തീവ്രവാദം തന്നെയാണ്. അയാളുടെ ശിക്ഷ ജീവപര്യന്തമാകാനും മതി.”
അച്ഛന്റെ കണ്ണുകളില്‍ നിറഞ്ഞു നിന്ന നിഗൂഢഭാവം എന്നെ ഭയചകിതയാക്കി. അപകടം മണത്തറിഞ്ഞ ഞാന്‍ ആ കാലുപിടിച്ചപേക്ഷിച്ചു.
”അച്ഛാ… അച്ഛന്‍ എന്റെ വിവാഹം ആരുമായിട്ടു വേണമെങ്കിലും നടത്തിക്കോളൂ… പക്ഷേ എന്റെ ഫഹദ് സാറിനെ വെറുതെ വിടണം. അദ്ദേഹത്തിന്റെ പേരിലുള്ള കള്ളക്കേസുകള്‍ ഉടനെ പിന്‍വലിക്കണം അച്ഛാ…’
എന്നാല്‍ കാരിരുമ്പിന്റെ കരുത്തുള്ള ആ ഹൃദയം എന്റെ അപേക്ഷകള്‍ക്ക് പുല്ലുവില പോലും കല്‍പിച്ചില്ല. എന്റെ ആത്മഹത്യാ ഭീഷണികളും വിലപ്പോയില്ല. ഒടുവില്‍ ഒരു ചിങ്ങമാസപ്പുലരിയില്‍ വിഷ്ണു നാരായണന്‍ എന്റെ കഴുത്തില്‍ താലിചാര്‍ത്തി. വിവാഹ ശേഷം കാലില്‍ തൊട്ടുവന്ദിച്ച് യാത്ര പുറപ്പെടാനൊരുങ്ങിയ എന്നോട് അച്ഛന്‍ പറഞ്ഞു.
”സോറി മോളെ… നിന്നെ എനിക്കല്‍പം വേദനിപ്പിക്കേണ്ടി വന്നു. നിന്റെ നല്ല ഭാവിയായിരുന്നു എനിക്ക് പ്രധാനം. അതിനുവേണ്ടി എനിക്കല്‍പം ക്രൂരനാകേണ്ടി വന്നു. പക്ഷേ ഇതോടെ നിന്റെ ഫഹദ് സാറിനോടുള്ള എന്റെ ശത്രുത തീര്‍ന്നു. പോലീസുകാര്‍ അയാളെ ഉടനെ വിട്ടയയ്ക്കും. ഇതിനു വേണ്ടി നിന്നെ വേദനിപ്പിക്കേണ്ടി വന്നതില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു മോളെ…’
ഫഹദ്‌സാറിനെ വിട്ടയയ്ക്കും എന്ന വാര്‍ത്ത ആശ്വാസ പ്രദമായിരുന്നുവെങ്കിലും, അച്ഛന്റെ മാപ്പപേക്ഷ എന്റെ ഹൃദയത്തെ ചലിപ്പിച്ചില്ല. ഉള്ളിലുറഞ്ഞു കൂടിയ സ്‌നേഹപാശത്താല്‍ അദ്ദേഹം എന്നെ വരിഞ്ഞു മുറുക്കിയപ്പോഴും ഞാനല്പം പോലും ഇളകിയില്ല. എല്ലാം വെറും അഭിനയമാണെന്ന് ഞാന്‍ കരുതി. അച്ഛനു വലുത് സ്വന്തം ദുരഭിമാനവും, കുടുംബ മഹിമയുമാണെന്ന് മനസ്സു പറഞ്ഞു. അല്ലെങ്കില്‍ ഫഹദ് സാര്‍ എന്ന മുസല്‍മാനിലെ പച്ചമനുഷ്യനെ കണ്ടെത്തുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞേനെ.
പിന്നീട് എന്നെ യാത്രയാക്കുമ്പോള്‍ പൊട്ടിക്കരഞ്ഞ അമ്മയുടേയും അനുജത്തിമാരുടേയും മുന്നില്‍ ഞാന്‍ സ്വയം നിയന്ത്രിച്ചു നിന്നു. ഒടുവില്‍ മരവിച്ച മനസ്സുമായി നരേട്ടനോടൊപ്പം, അദ്ദേഹത്തിന്റെ സ്‌നേഹ വചസ്സുകള്‍ക്ക് ചെവി കൊടുക്കാതെ, അങ്ങകലെയുള്ള ഏതോ ഗ്രാമത്തിലേയ്ക്ക് കാറില്‍ ഒരു യാത്ര!…
ഇഴഞ്ഞു നീങ്ങിയ മണിക്കൂറുകള്‍ക്കൊടുവില്‍ ചെമ്മണ്ണു വിരിച്ച ഏതോ ഗ്രാമപാതയോരത്ത് ഞങ്ങളുടെ കാറെത്തി. ഇരുവശത്തും നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെല്‍ വയലുകള്‍ക്കിടയിലൂടെ പൊടിപറത്തിക്കൊണ്ട് പാഞ്ഞു പോയ ഞങ്ങളുടെ കാര്‍ കണ്ട് ചിലര്‍ നിന്നു. ഗ്രാമത്തിന്റെ ഹൃദയ നൈര്‍മ്മല്യം കോര്‍ത്തു വച്ച് അവര്‍ പറഞ്ഞു.
”അതാ പനയ്ക്കലെ വിഷ്ണു നാരായണനും ഭാര്യയുമല്ലേ. ഇന്നായിരുന്നു അവരുടെ താലികെട്ട്, പെണ്ണു കാണാന്‍ സുന്ദരി തന്നെ. അല്ലെങ്കിലും മുറപ്പെണ്ണു തന്നെയല്ലെ.” ഒടുവില്‍ നരേട്ടന്റെ തറവാട്ടില്‍ എത്തിച്ചേര്‍ന്ന ഞങ്ങളെ സ്വീകരിക്കാന്‍ അദ്ദേഹത്തിന്റെ ബന്ധുജനങ്ങളോടൊപ്പം അമ്മയും പെങ്ങന്മാരും കാത്തു നിന്നു.
കാറില്‍ നിന്നിറങ്ങി, മൂത്ത പെങ്ങള്‍ നീട്ടിയ നിലവിളക്കുമായി പൂജാമുറിയിലേയ്ക്ക് നടക്കുമ്പോള്‍ അറിയാതെ കാലുകള്‍ വിറകൊണ്ടുവോ…? ഇടറിവീഴാതിരിയ്ക്കാന്‍, പണിപ്പെട്ട് കാലുകള്‍ വലിച്ചു വച്ച് നടന്നടുക്കുമ്പോള്‍ ഹൃദയം മൂകമായി മന്ത്രിച്ചു.
”ഇവിടെ നീ കാലുറപ്പിച്ച് നടന്നടുക്കുന്നത് മരണത്തിലേയ്ക്കാണ്… ഇവിടെ മരണ ദൂതന്‍ നിനക്കായ് മണിയറയൊരുക്കി കാത്തിരിക്കുന്നു.”
ആരുമറിയാതെ ഹൃദയത്തിലൊളിപ്പിച്ച ദുരൂഹ രഹസ്യത്തെ മടിത്തട്ടിലൊതുക്കി ഞാന്‍ മണിയറയില്‍ കടന്നു.
എന്നെ മണിയറയിലെത്തിച്ചത് അദ്ദേഹത്തിന്റെ ഇളയ സഹോദരി ഇന്ദുലേഖയായിരുന്നു. അച്ഛന്റെ വീട്ടില്‍ എല്ലാവരും അവളെ ഇന്ദു എന്നാണ് വിളിച്ചിരുന്നത്. അവള്‍ കൈയ്യിലൊരു പാല്‍ ഗ്ലാസ്സ് തന്നു കൊണ്ട് കളിതമാശയായി പറഞ്ഞു.
”ഉം… ചെല്ല്…. ചെല്ല്… ഏട്ടന്‍ മീരേച്ചിയെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അതുകൊണ്ട് ഇനി മീരേച്ചി അല്‍പനേരം ഏട്ടനെ കാത്തിരുന്നോളൂ…’
അന്ന് ഡിഗ്രിയ്ക്കു പഠിച്ചു കൊണ്ടിരുന്ന അവള്‍ എന്റെ മായയുടെ പ്രായമാണ്. അച്ഛന്റെ തറവാട്ടിലെത്തുമ്പോള്‍ കുട്ടിക്കാലത്ത് പലപ്പോഴും ഞങ്ങളൊന്നിച്ച് കളിക്കാറുണ്ടായിരുന്നു. പക്ഷേ അപ്പോഴെല്ലാം അവരെക്കാള്‍ മൂന്നു നാലു വയസ്സു മുതിര്‍ന്ന ഞാന്‍ അവരെ നിയന്ത്രിച്ചിരുന്നു. ഒരു മൂത്ത ജ്യേഷ്ഠത്തിയെപ്പോലെ… അതിനോടൊപ്പം സ്‌നേഹ വാത്സല്യങ്ങളും നല്‍കിയിരുന്നു. അവരെക്കാളൊക്കെ ഊര്‍ജ്ജസ്വലയായ പെണ്‍കുട്ടിയായിരുന്നു ഞാന്‍. എന്നാലിന്നിപ്പോള്‍ ചത്ത കോഴിയെപ്പോലുള്ള എന്റെ തൂങ്ങിപ്പിടിച്ച നില്പു കണ്ടിട്ടാകാം ഇന്ദു അല്‍പം തമാശ കലര്‍ത്തി പറഞ്ഞു.
”ഉം… മീരേച്ചി നരേട്ടനെ ആകെ ഭയന്നിട്ടാണെന്നു തോന്നുന്നു. ഒന്നും പേടിക്കേണ്ടാട്ടോ… എന്റെ നരേട്ടന്‍ ചെറുപ്പത്തിലേപ്പോലെ തന്നെ ഇപ്പോഴും ഒരു പാവമാണ്. ഒരു മിണ്ടാപ്പൂച്ച… ഒറ്റക്കുഴപ്പമേ ഉള്ളൂ… മീരേച്ചിയോട് കണ്ണും പൂട്ടിയുള്ള പ്രേമമാണ്… അല്ല… അത് ചെറുപ്പത്തിലെ തൊടങ്ങിയതാണല്ലോ… ഇപ്പഴാ അസുഖം അല്‍പം കൂടിയിട്ടുണ്ടെന്നു മാത്രം… ഉം… ചേച്ചി തന്നെ അതുമാറ്റിയെടുത്താന്‍ മതി…’ അവള്‍ എന്റെ ചെവിയില്‍ അല്‍പം ഉറക്കെ കളിതമാശകള്‍ പറഞ്ഞു കൊണ്ട് പൊട്ടിച്ചിരിച്ചു.
എന്നാലവയൊന്നും ഉള്‍ക്കൊള്ളാനാവാത്ത സ്ഥിതിയില്‍ ഒരു മരപ്പാവയെപ്പോലെയായിരുന്നു ഞാന്‍. ചെറുപ്പം മുതല്‍ നരേട്ടന് എന്നോട് ഇഷ്ടക്കൂടുതലുണ്ടെന്നറിയാമായിരുന്നു. എന്നാല്‍ അതിത്രത്തോളം ഗാഢമാണെന്ന് ഞാനറിഞ്ഞിരുന്നില്ല. ഇന്നിപ്പോള്‍ മറ്റൊരു പുരുഷന്റെ ഭാര്യയായിക്കഴിഞ്ഞ എന്നെ എല്ലാം അറിഞ്ഞു കൊണ്ട് ആയിരിക്കുമോ നരേട്ടന്‍ സ്വീകരിക്കുന്നത്? അച്ഛന്‍ നരേട്ടനോട് എല്ലാം പറഞ്ഞു കാണുമോ? അതോ ഞാന്‍ കന്യകയാണെന്നു കരുതി അദ്ദേഹം എന്നെ സ്വീകരിക്കുന്നതായിരിക്കുമോ? മനസ്സില്‍ ചോദ്യശരങ്ങള്‍ വന്ന് വിര്‍പ്പുമുട്ടിച്ചു കൊണ്ടിരുന്നു. ഒപ്പം കുറ്റബോധവും നിരാശാ ബോധവും മനസ്സിനുള്ളിലേയ്ക്ക് ആര്‍ത്തലച്ച് കടന്നു വന്നു.
പൊട്ടിച്ചിരികളും കളിതമാശകളുമായി മണിയറയിലേയ്ക്ക് എന്നെ തള്ളിവിട്ട് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ നടന്നകന്നു. അപ്പോള്‍ മണിയറയില്‍ ഞാന്‍ തനിച്ചായിരുന്നു. വേപഥുവോടെ ഭര്‍ത്താവിന്റെ വരവിനായി കാത്തിരിയ്‌ക്കേണ്ട നിമിഷങ്ങളില്‍ കുറ്റബോധവും നിരാശാബോധവും എന്നെ വിര്‍പ്പുമുട്ടിച്ചു. ഒടുവില്‍ എല്ലാം തുറന്നു പറഞ്ഞ് ഒരു യാത്രാമൊഴി… ഞാന്‍ തീരുമാനിച്ചുറച്ചു. കയ്യില്‍ കരുതിയിരുന്ന പേനയും കടലാസ്സുമെടുത്ത് ധൃതിയില്‍ വരികള്‍ കുറിച്ച് ഹാന്‍ഡ് ബാഗില്‍ കരുതിയിരുന്ന സ്ലീപ്പിംഗ് പില്‍സ് എടുത്ത് വായിലേയ്ക്കിടുവാന്‍ ഭാവിക്കവേ, രണ്ടു കൈകള്‍ എന്നെ പിടിച്ചു നിര്‍ത്തി. ബലിഷ്ഠമായ ആ കരങ്ങളുടെ മുറുക്കത്തില്‍ ഞാന്‍ ചലനരഹിതയായ്ത്തീര്‍ന്നു.
”അരുത്… മീര… താന്‍ അവിവേകമൊന്നും കാണിക്കരുത്. കഴിഞ്ഞതെല്ലാം താന്‍ മറക്കണം. ഞാന്‍ എല്ലാം അറിഞ്ഞു കൊണ്ടാണ് തന്നെ വിവാഹം ചെയ്തത്. ചെറുപ്പം മുതല്‍ എനിക്ക് തന്നെ അത്രയ്ക്കിഷ്ടമായിരുന്നു. എല്ലാം മറന്ന് നമുക്ക് ഒരു പുതുജീവിതം തുടങ്ങാം…’
ആ വാക്കുകള്‍ എന്റെ ഉള്ളില്‍ കത്തിജ്വലിച്ച അഗ്‌നിയില്‍ ശീതമഴ പെയ്യിച്ചു. എന്നാല്‍ ഉള്ളിലെ നെരിപ്പോട് അപ്പോഴും ഒരിയ്ക്കലും അണയാത്തവിധം എരിഞ്ഞു കൊണ്ടിരുന്നു. പിന്നീട് ഉത്തരേന്ത്യയിലെ ദില്ലിയിലേയ്ക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയില്‍ അദ്ദേഹം എന്നെ അനുനയിപ്പിക്കാന്‍ പല തവണ ശ്രമിച്ചു.
എന്നാല്‍ ഫഹദ് മുഹമ്മദ് എന്ന ചെറുപ്പക്കാരന്‍ മനസ്സിന്റെ അകത്തളങ്ങളില്‍ ഒരു നനുത്ത ബിന്ദുവായി തെളിഞ്ഞു നിന്നപ്പോള്‍ മനസ്സ് നരേട്ടനില്‍ നിന്ന് നിശ്ചിത അകലം പാലിച്ചത് ഞാനറിയാതെയാണ്. എവിടെയോ എപ്പോഴൊക്കെയോ ആ പിന്‍വിളി മുഴങ്ങുന്നത് ഞാന്‍ കാണുകയും കേള്‍ക്കുകയും ചെയ്തു.
മീരാ… ഞാന്‍ വരുന്നു… നീയെന്റെ കൂടെ വരികയില്ലെ… അകലങ്ങളിലെ ആത്മാവിന്റെ തേങ്ങലുകള്‍ ഞാന്‍ കേട്ടു.
”ഞാന്‍ വരുന്നു ഫഹദ്‌സര്‍… നമുക്കൊരുമിച്ച് മുന്തിരിത്തോപ്പുകളില്‍ രാപാര്‍ക്കാം… നമുക്കൊരുമിച്ച് അറിയാത്ത… കേള്‍ക്കാത്ത ഗാനവീഥിയിലൂടെ അലയാം…’ എങ്ങോ കേട്ടു മറന്ന കവിതയിലെ വരികള്‍ അറിയാതെ മനസ്സു മന്ത്രിച്ച നിമിഷങ്ങളില്‍ ഹൃദയം എന്തിനോ വേണ്ടി കലമ്പല്‍ കൂട്ടി. ഇണയെ പിരിഞ്ഞ കിളിയുടെ ആത്മവേദന സ്വയമനുഭവിച്ചറിഞ്ഞ നാളുകളില്‍ ഹൃദയം ആത്മപീഢയാല്‍ വെന്തുരുകി… ഒരു പറവയായ് ആകാശത്തിന്റെ അനന്ത നീലിമയിലേയ്ക്ക് പറന്നുയരാന്‍ തനിക്ക് കഴിഞ്ഞെങ്കില്‍! മനസ് അറിയാതെ കൊതിച്ചു പോയി.
(ഇന്നീ ആശുപത്രിക്കിടക്കയില്‍ വച്ച് ചിന്തിക്കുമ്പോള്‍ എനിക്കു തോന്നുന്നു, അന്ന് അച്ഛനെ എതിര്‍ക്കുവാന്‍ വേണ്ടത്ര ചങ്കൂറ്റമുണ്ടായിരുന്നുവെങ്കില്‍ ഒരു പക്ഷേ എന്റെ ജീവിതം ഒരിയ്ക്കലും മറ്റൊരു രീതിയില്‍ വഴി തിരിയുമായിരുന്നില്ല. മറ്റൊരാളുടെ മുന്നില്‍ സ്വയം നിസ്സഹായയായ ഒരു പെണ്ണിനെ പോലെ താലിക്കെട്ടാന്‍ നിന്നു കൊടുക്കേണ്ടി വരുമായിരുന്നില്ല. ഒരാണിന്റെ തന്റേടമുണ്ടെന്ന് സ്വയം അഹങ്കരിച്ചു നടന്ന താന്‍, കേവലമൊരു പെണ്ണാണെന്ന് തിരിച്ചറിഞ്ഞ നാളുകള്‍! അപകര്‍ഷതാ ബോധത്തിന്റെ ആണിക്കല്ലില്‍ സ്വയം തളച്ചിട്ട ആ നാളകള്‍ എനിക്കൊരിക്കലും മറക്കാനാവുകയില്ല…)
”ചായ്…ചായ്…സാബ്ജീ….”
ട്രെയിന്‍ പാളങ്ങളില്‍ ഉരഞ്ഞു നില്ക്കുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത്. ട്രെയിന്‍ ഏതോ സ്റ്റേഷനില്‍ എത്തി നില്‍ക്കുന്നു. ചുറ്റിനും നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ച യാത്രക്കാര്‍ തങ്ങളുടെ കംപാര്‍ട്ടുമെന്റുകള്‍ തേടി അലയുന്നു. യാത്രയവസാനിപ്പിച്ച് കംപാര്‍ട്ടുമെന്റുകളില്‍ നിന്നുമിറങ്ങാന്‍ തിരക്കു കൂട്ടുന്നവര്‍… അവര്‍ ആളുകളെ തള്ളിമാറ്റി ഭാരമുള്ള ലഗേജ്ജുമായി പുറത്തിറങ്ങാന്‍ വെമ്പല്‍ കൂട്ടുന്നു.
വില്‍പന സാധനങ്ങളുമായി ഓരോ കംപാര്‍ട്ടുമെന്റിനു മുന്നിലുമെത്തുന്നവര്‍, ആളുകളെക്കൊണ്ട് അതുവാങ്ങിപ്പിക്കുവാന്‍ വ്യഗ്രതയോടെ അലയുന്നവര്‍. ആകെ ബഹളമയമായ ആ അന്തരീക്ഷത്തില്‍ നിന്നും അല്‍പം മാറി നിന്ന നരേട്ടന്‍ എന്റെ അരികിലെത്തി ആരാഞ്ഞു.
”മീരാ… താനിത്രനേരവും ഒന്നും കഴിച്ചില്ലല്ലോ… അതിരാവിലെ വീട്ടില്‍ നിന്നും പുറപ്പെടുമ്പോള്‍ എന്തോ കഴിച്ചതല്ലെ?… ഇപ്പോള്‍ നേരം രാത്രിയായിരിക്കുന്നു. ഉച്ചയ്ക്കും താനൊന്നും കഴിച്ചില്ല. ഇങ്ങനെ പട്ടിണിയിരുന്നാല്‍ വല്ല അസുഖവും പിടിപെടും…’
നരേട്ടന്‍ തന്നെ ഓര്‍മിപ്പിച്ചു. പക്ഷേ വിശപ്പും, ദാഹവും തന്നെ വിട്ടകന്നിട്ട് നാളുകളേറെയായിരിക്കുന്നു എന്ന് ഇദ്ദേഹത്തിനറിയില്ലല്ലോ എന്ന് മീര ഓര്‍ക്കുകയായിരുന്നു. ഫഹദ്‌സാറിനെ വിട്ടു പിരിഞ്ഞ നാളുകളില്‍ തനിക്ക് വിശപ്പ് കെട്ടടങ്ങിയതാണ്. പിന്നെ അച്ഛന്റെ കടുത്ത ശിക്ഷാവിധിയ്ക്കനുസരിച്ച് അല്പാഹാരം കഴിച്ചു തുടങ്ങിയതോടെ വേണമെങ്കില്‍ ആഹാരമില്ലാതെയും ജീവിയ്ക്കാമെന്നായി.
”എനിക്കൊന്നും വേണ്ടാ… വിശപ്പില്ലാ…’ നരേട്ടന്‍ നീട്ടിപിടിച്ച താലീ മീല്‍സ് നിഷേധച്ചു കൊണ്ട് ഞാന്‍ പറഞ്ഞു. ആ മുഖം മങ്ങുന്നതും അവിടെ ദുഃഖം വന്നു നിറയുന്നതും ഞാന്‍ കണ്ടു. എന്റെ സ്‌നേഹത്തെ മനസ്സിലാക്കുവാന്‍ ഇവള്‍ക്കാകുന്നില്ലല്ലോ എന്നായിരിക്കും അപ്പോളദ്ദേഹം ആലോചിച്ചത്. പിന്നീടല്പം കഴിഞ്ഞ് ഒരു ഗ്ലാസ് ചായയുമായദ്ദേഹം വന്നെത്തി.
”ഈ ചായയെങ്കിലും കുടിയ്ക്കു മീരാ… നമ്മള്‍ പോകുന്നത് ബന്ധുമിത്രാദികളൊന്നുമില്ലാത്ത വിദൂരമായ ഒരു സ്ഥലത്തേയ്ക്കാണ്. അവിടെ വച്ച് തനിയ്‌ക്കെന്തെങ്കിലും അസുഖം പിടിപെട്ടാല്‍ ശുശ്രൂഷിയ്ക്കാന്‍ ഞാനല്ലാതെ മറ്റാരും ഉണ്ടാവുകയില്ല. എനിക്കാണെങ്കില്‍ കോളേജില്‍ പോകേണ്ടതുള്ളതു കൊണ്ട് തന്നെ ശുശ്രൂഷിക്കാനും പറ്റുകയില്ല. അതുകൊണ്ട് താന്‍ തന്റെ ആരോഗ്യം ശ്രദ്ധിക്കണം. വേണ്ട പോലെ ആഹാരം കഴിയ്ക്കണം. തന്നെ ഒരു രോഗിയായിക്കാണുവാനല്ല ഞാന്‍ കൂട്ടിക്കൊണ്ടു വന്നത്…’
അദ്ദേഹം പകുതി കാര്യമായും, പകുതി കളിതമാശയായും പറഞ്ഞു നിര്‍ത്തി. തനിയ്ക്കു വേണ്ടി ത്യാഗങ്ങള്‍ സഹിക്കുന്ന ആ മനുഷ്യനെ വേദനിപ്പിക്കണ്ടല്ലോ, എന്നു കരുതി ഞാന്‍ ചായ വാങ്ങിക്കുടിച്ചു അതുകണ്ടപ്പോള്‍ ആശ്വാസത്തോടെ നരേട്ടന്‍ പറഞ്ഞു.
”മീര, ഞാന്‍ തന്നെ വിവാഹം ചെയ്തത് തന്റെ സന്തോഷം തുടിയ്ക്കുന്ന മുഖം കാണാനാണ്. അല്ലാതെ മൂടിക്കെട്ടിയ ഈ മുഖം കണ്ട് ജീവിതകാലം മുഴുവന്‍ കഴിയാനല്ല…’
പിന്നീട് എന്നെ സന്തോഷിപ്പിക്കുവാനുള്ള ശ്രമങ്ങളായിരുന്നു നരേട്ടന്റെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരുന്നത്. ഏതു രീതിയിലും എന്നെ ജീവിതത്തിലേയ്ക്കു മടക്കിക്കൊണ്ടുവരാന്‍ അദ്ദേഹം ആവുന്നത്ര ശ്രമിച്ചുക്കൊണ്ടിരുന്നു. സത്യത്തില്‍ എനിക്കു വേണ്ടി ഒരു കോമാളി വേഷം കെട്ടുകയായിരുന്നുവല്ലോ, അദ്ദേഹം ജീവിതകാലം മുഴുവന്‍ എന്ന് ഞാനോര്‍ത്തു. ഉള്ളു തുറന്ന് ചിരിയ്ക്കാത്ത രാജകുമാരിയെ ചിരിപ്പിയ്ക്കാനായി വിദൂഷക വേഷം കെട്ടിയാടിയ കോമാളി…
മുറപ്പെണ്ണിനോടുള്ള അഭിനിവേശം മൂത്ത് എന്നെ വിവാഹം കഴിക്കുമ്പോള്‍ അദ്ദേഹത്തിന് സ്വര്‍ഗ്ഗം പിടിച്ചടക്കിയ സന്തോഷമായിരുന്നു. എന്നോടൊത്തുള്ള ജീവിതത്തില്‍ മഴവില്‍ നിറങ്ങള്‍ സ്വപ്നം കണ്ട അദ്ദേഹത്തിന് പൂര്‍ണ്ണ മനസ്സോടെ അതു നല്‍കുവാന്‍ എനിക്കു കഴിഞ്ഞുവോ? ഇന്ന് ഈ ഹോസ്പിറ്റല്‍ ബെഡ്ഡില്‍ വച്ച് എല്ലാം ഓര്‍ക്കുമ്പോള്‍ മനസ്സ് എന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുവോ?
മീരാ നാരായണന്‍ അസ്വസ്ഥതയോടെ മിഴികള്‍ പൂട്ടി സ്വയം ഒരു ആത്മപരിശോധന നടത്തി…
പിന്നീട് ദില്ലിയിലെ ഫ്‌ളാറ്റില്‍ ഒരു പുതിയ ജീവിതത്തിന് അടിത്തറയിടുമ്പോള്‍ നരേട്ടന്‍ ആഹ്ലാദവാനായിരുന്നു. എന്നെ ചേര്‍ത്തു പിടിച്ച് അദ്ദേഹം പറഞ്ഞു.
”കഴിഞ്ഞതെല്ലാം നമുക്കു മറക്കാം മീരാ… ഒരു പുതിയ ജീവിതം നമുക്കിവിടെ ആരംഭിക്കാം. നീയെന്നോടൊപ്പമുണ്ടെങ്കില്‍ ഏതു കല്ലും, മുള്ളും എനിക്കു പൂമെത്തയാകും. എല്ലാം മറന്ന് സംഗീത സാന്ദ്രമായ ഒരു പുതുജീവിതം. അതാണ് ഞാന്‍ സ്വപ്നം കാണുന്നത്.”
പുതിയ ജീവിതത്തിന്റെ സന്തോഷ ലഹരിയില്‍ അദ്ദേഹം പുതിയ ഫര്‍ണീച്ചറുകളും, കരകൗശല വസ്തുക്കളും, ഇലക്ട്രോണിക് സാധാനങ്ങളും വാരിക്കൂട്ടി. പുത്തന്‍ കര്‍ട്ടനുകളാല്‍ വീടു മോടിപിടിപ്പിച്ചു. പെയിന്റിംഗുകളാല്‍ ഭിത്തി അലങ്കരിച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു.
”എല്ലാം നിനക്കു വേണ്ടിയാണ് മീര. നീയൊന്നു ചിരിച്ചു കാണാന്‍ ഞാന്‍ അത്രയേറെ ആഗ്രഹിക്കുന്നു.” പക്ഷേ എന്റെ മുഖത്തു നിന്ന് കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു പോയില്ല. അതെപ്പോഴും മൂടിക്കെട്ടിയ ആകാശം പോലെ മേഘാവൃതമായിരുന്നു. വല്ലപ്പോഴും ഒറ്റയ്ക്കിരിയ്ക്കുമ്പോള്‍പെയ്‌തൊഴിയാന്‍ മാത്രമായ കാര്‍മേഘക്കീറുകള്‍ വീണ്ടും വീണ്ടും എന്റെ മിഴികളില്‍ ഉറഞ്ഞു കൂടി. എന്തൊക്കെ ചെയ്തിട്ടും എന്റെ സ്ഥിതിയില്‍ മാറ്റമില്ലെന്നു കണ്ട് ഒരിയ്ക്കല്‍ അദ്ദേഹം പറഞ്ഞു.
”മീരാ… നീയിങ്ങനെയായാല്‍ എനിക്ക് വേഗം ജീവിതം മടുത്തു പോകും. നീയൊരു കാര്യം ചെയ്യൂ. കഴിഞ്ഞതെല്ലാം മറക്കാന്‍ എന്തിലെങ്കിലും മുഴുകാന്‍ ശ്രമിയ്ക്കൂ. ഒരു പക്ഷേ നിനക്ക് പഠിക്കാനോ, ജോലിയ്ക്കു പോകാനോ ഇഷ്ടമാണെങ്കില്‍ അങ്ങിനെയാവാം.”
ഒടുവില്‍ നരേട്ടന്റെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ പിഎച്ച്ഡി കംപ്ലീറ്റാക്കാമെന്ന് തീരുമാനിച്ചു. അങ്ങിനെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പ്രഗത്ഭനായ ഒരു അദ്ധ്യാപകന്റെ കീഴില്‍ പിഎച്ച്ഡി ഗവേഷണം പുനരാരംഭിച്ച ഞാന്‍ അതില്‍ മുഴുകി സ്വയം മറക്കാന്‍ ശ്രമിച്ചു. ഒപ്പം ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ലക്ചറര്‍ തസ്തികയ്ക്കും ഞാനപേക്ഷിച്ചു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പിഎച്ച്ഡി ലഭിച്ച എനിക്ക് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ലക്ചററായി നിയമനാനുമതിയും ലഭിച്ചു. അങ്ങിനെ വീണ്ടും ചിറകുമുളച്ച ദിനങ്ങള്‍ ആഹ്ലാദത്തോടെ പറന്നുയരാന്‍ തുടങ്ങി.
മനസ്സിനുള്ളില്‍ ഒരു നേരിയ വിങ്ങല്‍ മാത്രമവശേഷിപ്പിച്ച് വേദനകള്‍ അകലേയ്ക്ക് പോയി മാഞ്ഞു തുടങ്ങി. നരേട്ടന്റെ സ്‌നേഹമസൃണമായ പെരുമാറ്റത്തില്‍ ഞാന്‍ നല്ലൊരു ഭാര്യയാകുവാനുള്ള ശ്രമമാരംഭിച്ചു.
ഇതിനിടയില്‍ വീട്ടില്‍ നിന്നും കത്തുകള്‍ വന്നു കൊണ്ടിരുന്നു. ഞങ്ങളുടെ പുതു ജീവിതത്തില്‍ സന്തോഷമറിയിച്ച് അച്ഛന്റേയും അമ്മയുടേയും അനുജത്തിമാരുടേയും കത്തുകള്‍. ഒടുവില്‍ ആ വിശേഷവും വന്നെത്തി. ഞങ്ങളുടെ ആദ്യത്തെ കണ്മണി രാഹുല്‍ മോന്റെ ജനനം. അവന്റെ ജനനം എന്റെ മനസ്സില്‍ ഇടയ്ക്കിടെ വീശിയടിച്ചിരുന്ന ഈറന്‍ കാറ്റിനെ പോലും അകലേയ്ക്കുതുരുത്തി.
നരേട്ടനോടൊപ്പം ജീവിതം ആസ്വദിച്ചു തുടങ്ങിയ നിമിഷങ്ങള്‍. അവന്റെ കളിചിരികളില്‍ കുട്ടിക്കുറുമ്പുകളില്‍ എല്ലാം മറന്നുല്ലസിച്ച നാളുകള്‍! ഇതിനിടയില്‍ ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകള്‍. എന്നിലേയ്ക്കു തിരിഞ്ഞു നോക്കുവാന്‍ ഒരു നിമിഷം പോലും ലഭിക്കാതെയായപ്പോള്‍ വേദനകള്‍ ഒരു ശവപ്പറമ്പിലെന്ന പോലെ കുഴിച്ചു മൂടപ്പെട്ടു.
ഉള്ളില്‍ പണിതുയര്‍ത്തിയ ശവക്കല്ലറയില്‍ കഴിഞ്ഞ കാല യാഥാര്‍ത്ഥ്യങ്ങള്‍ ഒരു പൊട്ടു പോലും അവശേഷിക്കാതെ ജീര്‍ണ്ണിച്ചു കിടന്നു. പിന്നെ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം കൃഷ്ണമോള്‍ ജനിച്ചു. കാലം ഒരു മാന്ത്രികനെപ്പോലെ ഹൃദയത്തില്‍ നിറങ്ങള്‍ ചാലിച്ചു ചേര്‍ത്തപ്പോള്‍ അച്ഛനോടുള്ള വിദ്വേഷവും ക്രമേണ വിട്ടകന്നു. പിന്നീട് വളരെക്കാലത്തിനു ശേഷം ഇടയ്ക്കിടയ്ക്കുള്ള നാട്ടിലേയ്ക്കുള്ള യാത്രകള്‍.
പക്ഷേ ഫഹദ്‌സാറിനെപ്പറ്റി ഒരിയ്ക്കല്‍ പോലും ആരും ഒന്നും പറഞ്ഞു കേട്ടില്ല. പഴയ കൂട്ടുകാര്‍ ആരേയും കണ്ടതുമില്ല. വീട്ടിലാണെങ്കില്‍ എല്ലാവരും എന്നെ ഒന്നും അറിയിക്കാതിരിക്കാന്‍ പാടുപെടുകയായിരുന്നു.അമ്മയും എന്റെ സ്വന്തം അനുജത്തിമാര്‍ പോലും എല്ലാം മറച്ചു വച്ചു. ഒടുവില്‍ എപ്പോഴോ ഞാനറിഞ്ഞു എല്ലാം എന്നില്‍ നിന്നും മറയ്ക്കപ്പെടുകയായിരുന്നുവെന്ന്. എല്ലാവര്‍ക്കും നേരെ അച്ഛന്റെ ഭീഷണികള്‍ നിലനിന്നു.
ഒരിയ്ക്കല്‍ കോളേജില്‍ നിന്നും മടങ്ങിയെത്തുമ്പോഴാണ് ഡോറിനടുത്ത് ആ കത്തു കിടക്കുന്നത് ഞാന്‍ കണ്ടത്. അത് നിമിഷയുടേതായിരുന്നു. യാഥാര്‍ത്ഥ്യങ്ങളും, കുറ്റപ്പെടുത്തലുകളും പരിഭവങ്ങളും നിറഞ്ഞ ആ കത്ത് എന്റെ ഉള്ളുലയ്ക്കുന്നതായിരുന്നു. മനസ്സിനകത്ത് കുഴിച്ചു മൂടിയ കഴിഞ്ഞകാല യാഥാര്‍ത്ഥ്യങ്ങള്‍ ഒരു പ്രേതത്തെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ് വന്ന് എന്നെ ശ്വാസം മുട്ടിച്ചു. ചുറ്റിനും ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ഓര്‍മ്മകള്‍ പൊടി പടലമുയര്‍ത്തി എന്നെ ചൂഴ്ന്നു നിന്നു.
”മീര… നീ ഞങ്ങളെയൊക്കെ മറന്നുവെന്ന് ഞാന്‍ കരുതുന്നു. ഇത്ര കാലമായിട്ടും ഒരു കത്തു പോലും അയയ്ക്കുവാന്‍ നിനക്ക് സമയമില്ലായിരുന്നുവെന്ന് ഞാനറിയുന്നു. ജീവിതത്തിന്റെ ആഘോഷത്തിരക്കുകളില്‍ നീ ഞങ്ങളെയൊക്കെ മറക്കുകയായിരുന്നുവല്ലോ. ഞങ്ങളെ മറന്നതു പോകട്ടെ. നിനക്കുവേണ്ടി ജീവിതം ബലി കഴിച്ച ഫഹദ്‌സാറിനെ നീ മറക്കരുതായിരുന്നു. പക്ഷേ ഞങ്ങള്‍ക്കദ്ദേഹത്തിനെ മറക്കാനാവുകയില്ല. കാരണം പ്രഗത്ഭനായ
ഒരു അദ്ധ്യാപകനായിരുന്നുവല്ലോ അദ്ദേഹം. അദ്ദേഹത്തിന്റെ ശിഷ്യഗണത്തില്‍പ്പെട്ട എനിക്ക് അദ്ദേഹത്തിന്റെ പതനം കണ്ടു നില്‍ക്കാനാവുമായിരുന്നില്ല.
ഞാനിപ്പോള്‍ നിന്റെ അഡ്രസ്സ് നിന്റെ അനുജത്തിമാരില്‍ നിന്നും ശേഖരിച്ചാണ് ഈ കത്തെഴുതുന്നത്. നിനക്കറിയുമോ മീരാ… നിന്റെ വിവാഹശേഷം കുറച്ച് കോളേജ് അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും ശ്രമഫലമായി ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഫഹദ്‌സാര്‍ ഒരു ഭ്രാന്തനെപ്പോലെയായിത്തീര്‍ന്നു. ശരീരത്തിനും മനസ്സിനുമേറ്റ ആഘാതം അദ്ദേഹത്തിന് താങ്ങാനാവുമായിരുന്നില്ല.
അദ്ദേഹം മിക്ക ദിവസവും കോളേജില്‍ എത്തിയിരുന്നില്ല. ഒരു മദ്യപാനിയെപ്പോലെ തെരുവില്‍ അലഞ്ഞു നടന്നു. ഒടുവില്‍ കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട അദ്ദേഹം താല്ക്കാലികമായി ജോലി നഷ്ടപ്പെട്ട് എങ്ങോട്ടോ പോയി. ഇന്നിപ്പോള്‍ അദ്ദേഹത്തെപ്പറ്റി ഒരു വിവരവുമില്ല.
അദ്ദേഹത്തിന്റെ ഉമ്മയാകട്ടെ മകന്റെ അവസ്ഥയില്‍ മനം നൊന്ത് ജീവിതം തള്ളി നീക്കുന്നു. ഞങ്ങള്‍ ഇടയ്ക്ക് അവരെപ്പോയി കാണാറുണ്ട്. പണമായും മറ്റും ഞങ്ങള്‍ക്കാവുന്ന സഹായങ്ങളും ചെയ്തു കൊടുക്കാറുണ്ട്.
നിനക്കു സുഖമാണല്ലോ. നിന്നെ വേദനിപ്പിക്കുവാന്‍ വേണ്ടിയല്ല ഞാനീ കത്തെഴുതിയത്. അദ്ദേഹത്തിന്റെ അവസ്ഥ നിന്നെ അറിയിക്കണമെന്നു തോന്നി. ഒരു പക്ഷേ നീയിപ്പോള്‍ അദ്ദേഹത്തെ മറന്നു കാണുമെന്നെനിക്കറിയാം. നിനക്കു വലുത് നിന്റെ ജീവിതമാണല്ലോ.
അല്പമെങ്കിലും മനഃസാക്ഷിയുണ്ടെങ്കില്‍ മനസ്സു കൊണ്ടെങ്കിലും നീ അദ്ദേഹത്തോടു മാപ്പു ചോദിക്കുക.
എന്ന്
ഇന്നിപ്പോള്‍ നിന്നെ വെറുക്കുന്ന
നിന്റെ പഴയ കൂട്ടുകാരി
ആ കത്ത് എന്നിലുളവാക്കിയ കൊടുങ്കാറ്റ് ആഞ്ഞടിച്ച് പലതും കടപുഴകി വീണു. മറവിയുടെ കരിങ്കല്‍ ഭിത്തി കൊണ്ട് ഞാന്‍ കെട്ടിപ്പൊക്കിയ കുടുംബ ബന്ധങ്ങളില്‍ വിള്ളലുകള്‍ വീണു. അശാന്തിയുടെ തീരങ്ങളില്‍ ഗതികിട്ടാതെ അലഞ്ഞു നടന്ന മനസ്സ് ആരോടൊക്കെയോ പക തീര്‍ക്കാനുള്ള വ്യഗ്രതയില്‍ ഉഴറി നടന്നു. സ്വന്തം മക്കളോടു പോലും നീതികാണിക്കാനാവാതെ ഹൃദയം കലുഷിതമായി. ഏറെക്കാലത്തിനു ശേഷമുള്ള എന്റെ ഭാവമാറ്റം കണ്ട് നരേട്ടനും, മക്കളും അമ്പരന്നു നിന്നു.
”എന്താ മീര ഇത്… നീ വീണ്ടും പഴയതു പോലെയായോ? ഇത്രകാലത്തിനു ശേഷവും നിനക്കൊന്നും മറക്കാറായില്ലെ. നീയൊന്നോര്‍ക്കണം. നീയിന്നിപ്പോള്‍ പഴയ മീരയല്ല. നീയിന്നൊരു ഭാര്യയാണ് അതിലുപരി ഒരമ്മയും…’ നരേട്ടന്‍ എന്നെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു. എന്നാല്‍ അതിനുത്തരം ഒരു പൊട്ടിത്തെറിയായിരുന്നു.
”അതെ നരേട്ടാ… ആദ്യം ഫഹദ്‌സാറിന്റെ ഭാര്യയായിട്ടാണ് ഞാന്‍ നിങ്ങളുടെ ഭാര്യയായത്. പക്ഷേ നിങ്ങള്‍ അതറിഞ്ഞു കൊണ്ടു തന്നെ എന്നെ വിവാഹം കഴിക്കുകയായിരുന്നു. എന്റെ നിസ്സഹായതയെ മുതലെടുത്ത എന്റെ അച്ഛനും, ഒരു ത്യാഗിയെപ്പോലെ എന്നെ വിവാഹം ചെയ്ത നിങ്ങളുമെല്ലാം ഒരു തരത്തില്‍ എന്നോടും, ഫഹദ്‌സാറിനോടും ചെയ്തത് അനീതി തന്നെയാണ്. അല്ലെന്ന് നിങ്ങള്‍ക്ക് പറയാനാകുമോ?”
എന്റെ ചോദ്യത്തിനു മുന്നില്‍ ഉത്തരങ്ങളില്ലാതെ നരേട്ടന്‍ കുഴങ്ങി നിന്നു. ഞാന്‍ വീണ്ടും പൊട്ടിത്തെറിച്ചു.
”അതെ… നിങ്ങളെ വിവാഹം ചെയ്തതിലൂടെ ഞാന്‍ ഫഹദ്‌സാറിനോട് ചെയ്തത് ഏറ്റവും വലിയ ക്രൂരതയാണ്. നിമിഷയും മറ്റും കുറ്റപ്പെടുത്തുന്നതു പോലെ എനിക്കു വലുത് എന്റെ ജീവിതമായിരുന്നു. ഞാന്‍ നിങ്ങളോടൊപ്പം എല്ലാം മറന്നു ജീവിച്ചു. എന്റെ ഫഹദ്‌സാറിനെ… ആദ്യ ഭര്‍ത്താവിനെ ഞാന്‍ മറന്നു. ആ മനുഷ്യന് ഞാന്‍ ക്രൂരമായി മാനസിക- ശാരീരിക പീഡനങ്ങള്‍ നല്‍കി ജീവിതത്തില്‍ നിന്നുമകറ്റി. ഞാന്‍… ഞാന്‍… മനസ്സാക്ഷിയില്ലാത്തവളാണ് നരേട്ടാ… എനിക്കദ്ദേഹത്തോട് മാപ്പു ചോദിക്കണം.”
അനിയന്ത്രിതമായ വികാരവിക്ഷുബ്ധതയാല്‍ നിലതെറ്റിയവളെപ്പോലെ ഉറക്കെ പൊട്ടിക്കരഞ്ഞു തുടങ്ങിയ എന്നെ ആശ്വസിപ്പിക്കേണ്ടതെങ്ങിനെയെന്നറിയാതെ നരേട്ടന്‍ ചലനരഹിതനായി നിലകൊണ്ടു. മിഴികളില്‍ നിറഞ്ഞ അമ്പരപ്പോടെനാലുകുഞ്ഞിക്കണ്ണുകള്‍ അപ്പോഴും ഞങ്ങളെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.
ആര്‍ത്തലച്ചു പെയ്ത മഴയ്ക്കു ശേഷമെന്ന പോലെ അലയടങ്ങി മനസ്സൊന്നു ശാന്തമായപ്പോള്‍ ഒരിയ്ക്കല്‍, കോണാട്ട് പ്ലേസിലെ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായിരുന്നു ഞാനും, നരേട്ടനും, മക്കളും. ഏതോ കൗതുകവസ്തുവിനായി വാശിപിടിച്ചു നിന്ന രാഹുല്‍ മോനേയും, കൃഷ്ണയേയും അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ച് ഞാന്‍ നിന്നു. പെട്ടെന്നാണ് ആള്‍ക്കൂട്ടത്തിനിടയില്‍ ഞാനാരൂപം കണ്ടത്. താടി വളര്‍ത്തി ഒരു ഫക്കീറിനെ പോലെ അലയുന്ന ഒരു ഭ്രാന്തന്റെ രൂപം…
തീക്ഷ്ണമായ ആ കണ്ണുകള്‍. അതിലെ പ്രകാശം ഭൂതകാലത്തിന്റെ ഇനിയും നിറം മങ്ങാത്ത ഓര്‍മ്മകളിലേയ്ക്കു എന്നെ കൂട്ടിക്കൊണ്ടു പോയി. ഒരിക്കല്‍ എന്നെ കുളിരണിയിച്ചിരുന്ന ആ കണ്ണുകളിലെ തിളക്കം… അത് ഫഹദ്‌സാറിന്റേതാണെന്ന് തിരിച്ചറിയാന്‍ എനിക്ക് അധികം താമസമുണ്ടായില്ല. കുട്ടികളുടെ കൈവിട്ട് തിങ്ങി നിറഞ്ഞ ആള്‍ക്കൂട്ടത്തിനിടയിലൂടെ പായുമ്പോള്‍ എനിക്ക് സ്വബോധം നഷ്ടപ്പെട്ടിരുന്നു. പുറകിലൂടെ പാഞ്ഞെത്തിയ നരേട്ടന്റെ കൈകള്‍ എന്നെ പിടിച്ചു നിര്‍ത്തി.
”നീയെന്താ മീരാ ഇക്കാണിക്കുന്നത്? ഇതൊരു മാര്‍ക്കറ്റാണെന്ന് നിനക്കറിയില്ലെ?…. ആളുകള്‍ നിന്നെ ശ്രദ്ധിക്കുന്നുണ്ട്.”
സ്വബോധം നഷ്ടപ്പെട്ടവളെപ്പോലെ ഞാന്‍ പിറുപിറുത്തു.
അത്… അത് ഫഹദ്‌സാറാണ്. നരേട്ടാ… ഞാന്‍… ഞാന്‍ അദ്ദേഹത്തെ കണ്ടു.” ഞാന്‍ മൂലം ഒരു ഭ്രാന്തനായി അലഞ്ഞു തിരിയുകയാണ് അദ്ദേഹമിപ്പോള്‍. എനിക്കദ്ദേഹത്തെ കണ്ടെത്തി രക്ഷിക്കണം നരേട്ടാ.”
ഞാന്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ തേങ്ങിക്കരഞ്ഞു കൊണ്ട് നരേട്ടന്റെ തോളില്‍ തലചായ്ച്ചു. എന്നാല്‍ എന്നെ ശാസിച്ചു കൊണ്ട് നരേട്ടന്‍ പറഞ്ഞു.
”എല്ലാം നിന്റെ തോന്നലാണ് മീരാ… നിന്റെ ഫഹദ്‌സാര്‍ ഇവിടെ എങ്ങിനെ വരാനാണ്. നീ അദ്ദേഹത്തെത്തന്നെ ഓര്‍ത്തിരിക്കുന്നതു കൊണ്ട് തോന്നുന്നതാണെല്ലാം.”
അന്ന് ഷോപ്പിംഗ് മതിയാക്കി കാറില്‍ മടങ്ങുമ്പോഴും ആള്‍ക്കൂട്ടത്തിനിടയില്‍ ഞാനാ ഭ്രാന്തനെ തിരഞ്ഞു. എന്നാല്‍ എങ്ങും കാണാതെ നിരാശയാകുമ്പോഴും മനസ്സു പറഞ്ഞു കൊണ്ടിരുന്നു. ഉണ്ട് അദ്ദേഹം എന്റെ സമീപത്തുതന്നെ എവിടെയോ ഉണ്ട്. ഒരിയ്ക്കല്‍ എന്നെങ്കിലുമൊരിയ്ക്കല്‍ എനിക്കദ്ദേഹത്തിനെ കണ്ടെത്താന്‍ കഴിഞ്ഞേക്കും.
എന്റെ ഊഹം ശരിയായിരുന്നുവെന്ന് വീണ്ടും ഒരിയ്ക്കല്‍ക്കൂടി കണ്മുന്നില്‍ തെളിഞ്ഞു.
അപ്പോഴേയ്ക്കും ഫ്‌ളാറ്റുപേക്ഷിച്ച് ഞങ്ങള്‍ നഗരമദ്ധ്യത്തില്‍ സ്വന്തം വീടു പണിതു താമസമാക്കിയിരുന്നു. ഒരു ദിവസം വൈകുന്നേരം മാളിക മുകളിലെ വിശാലമായ ടെറസ്സില്‍ നിന്ന് ഞാനാകാഴ്ച കണ്ടു. മീരാ കെ പ്രഭു എന്നു തുടങ്ങുന്ന ഹിന്ദി ഭക്തിഗാനം പാടി അലയുന്ന ആ ഫക്കീറിനെ. ആ കണ്ണുകള്‍ എന്റെ വീടിനു ചുറ്റും അലഞ്ഞു നടന്നു. നഷ്ടപ്പെട്ടതെന്തോ തിരയുന്ന ഒരു അന്വേഷകന്റെ ഭാവമായിരുന്നു ആ മുഖത്തപ്പോള്‍. പ്രാകൃതമായ ആ രൂപം ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാവാതെ ഞാന്‍ നിന്നു. എന്നാല്‍ തൊട്ടടുത്ത നിമിഷം ആ പുരുഷ ശബ്ദം ഞാന്‍ തിരിച്ചറിഞ്ഞു. കേരളത്തിലെ പ്രസിദ്ധമായ കോളേജങ്കണത്തില്‍ മൃദുവചനങ്ങളാല്‍ എന്നെ അഭിഷേകം ചെയ്ത ആ പുരുഷ ശബ്ദം തിരിച്ചറിയാന്‍ എനിക്കധികം സമയം വേണ്ടി വന്നില്ല. തിരിച്ചറിഞ്ഞ നിമിഷം ഞാനെല്ലാം മറന്ന് ഓടുകയായിരുന്നല്ലോ?…
പക്ഷേ പൂട്ടിയിട്ട ഇരുമ്പു ഗേറ്റിനപ്പുറം വരെയെത്തി നില്‍ക്കാനെ എനിക്കു കഴിഞ്ഞുള്ളൂ. അവിടെ കാവല്‍ നിന്ന സെക്യൂരിറ്റി അപ്പോള്‍ എവിടെയോ പോയി മറഞ്ഞിരുന്നു. നിശ്ചലമായ പാദം വലിച്ചു വച്ച് തിരിഞ്ഞു നടക്കുമ്പോള്‍ ആ ശബ്ദം അകന്നു പോകുന്നത് ഞാന്‍ കേട്ടു.
ഒരു വിരഹ ഗാനത്തിന്റെ മാറ്റൊലി അന്തരീക്ഷത്തില്‍ അപ്പോഴും അലഞ്ഞു നടന്നു. ആത്മാവില്ലാത്ത പ്രേതം പോലെ. ഗാനത്തിന്റെ ആത്മാവാകട്ടെ എന്നെ അന്വേഷിച്ച് വിദൂരതയിലെങ്ങോ അലഞ്ഞു തിരിഞ്ഞു. വീണ്ടും ഒന്നു രണ്ടു പ്രാവശ്യം ഞാന്‍ അകലെ നിന്ന് അദ്ദേഹത്തെക്കണ്ടു.
ഒരിയ്ക്കല്‍ ഒരു വളച്ചെട്ടിയായും പിന്നൊരിയ്ക്കല്‍ ഐസ്‌ക്രീം കച്ചവടക്കാരനായും തെരുവില്‍ അലയുന്ന
ഫഹദ്‌സാറിനെ. ഞാന്‍ അരികില്‍ ഓടി എത്തുമ്പോഴേയ്ക്കും അദ്ദേഹം ആള്‍ക്കൂട്ടത്തില്‍ മറഞ്ഞു കഴിയും. ഒരു പക്ഷേ അതു മനഃപൂര്‍വ്വമായിരുന്നോ എന്ന് എനിക്കറിയില്ല. ഒരു പക്ഷേ സ്വബോധം നഷ്ടപ്പെട്ട് ഭ്രാന്തനെപ്പോലെയായി തീര്‍ന്ന അദ്ദേഹം എന്നെ തിരിച്ചറിയാതെ പോയതാവാം.
എന്നാലും ആഴമളക്കാനാവാത്ത ഒരു സ്‌നേഹ സമുദ്രം ഉള്ളിലൊളിപ്പിച്ച് അദ്ദേഹം സ്വയമറിയാതെ എന്നെ പിന്തുടരുന്നതായി തോന്നിയിരുന്നു. ഉറക്കം നഷ്ടപ്പെട്ട ദിനരാത്രങ്ങളില്‍ ഞാനാ രൂപം തേടിയലഞ്ഞു. എന്നാല്‍ കാലത്തിന്റെ ഇരുള്‍ മറയ്ക്കുള്ളില്‍ എങ്ങോ പോയ്മറഞ്ഞ ആ രൂപവും, ശബ്ദവും പിന്നീടൊരിക്കലും എനിക്ക് വീണ്ടെടുക്കാനായില്ല. എന്നാല്‍ ഞാന്‍ പ്രതീക്ഷ കൈവിട്ടില്ല.
(തുടരും)







