ഐസിയുവില്‍ നിന്നും വാര്‍ഡിലേക്ക് എത്തിയ നിമിഷങ്ങളില്‍ ബോധതലങ്ങള്‍ ആദ്യം തിരഞ്ഞത് ആ മുഖമാണ് എവിടെ ?എനിക്ക് കിഡ്‌നി ദാനമായി നല്‍കിയ ആള്‍!… ഭിക്ഷാംദേഹിയെപ്പോലെ കൈക്കുമ്പിള്‍ നീട്ടി നിന്ന എനിക്ക് മുമ്പില്‍ തനിക്ക് ഏറ്റവും വിലപ്പെട്ടത് പോലും പറിച്ചു നല്‍കിയ ആ മനുഷ്യനിന്നെ വിടെയാണ് ?…….
കറുത്ത ഭിത്തിയ്ക്കപ്പുറം നിഴല്‍ പോലെ മറഞ്ഞു നിന്ന മരണമുഖത്തു നിന്ന് എന്നെ അടര്‍ത്തിയെടുത്ത ആ മനുഷ്യസ്‌നേഹി ആരായിരിക്കും?… അത് പുരുഷ വീരസ്യം സടകുടഞ്ഞ ധീരനായ ഒരാണായിരിക്കുമോ?… അതോ സ്ത്രീത്വത്തിന്റെ മഹനീയത വിളിച്ചോതുന്ന ഒരു പെണ്ണോ?…
‘മിസ്സിസ് മീരാ നാരായണന്‍… ഹൗ ഡു യു ഫീല്‍ നൗ? ആര്‍ യു ഓകെ?…’ ഡോക്ടര്‍ തട്ടിവിളിച്ചപ്പോള്‍ ഏതോ അന്യലോകത്തു നിന്നു ഭൂമിയിലേയ്‌ക്കെന്ന പോലെ ഞാന്‍ കണ്മിഴിച്ചു നോക്കി. ബോധ തലങ്ങളുടെ ഒരു നേരിയ മറ അപ്പോഴും എന്നെ ചൂഴ്ന്നു നിന്നു.
”എവിടെ? ആ ആളെവിടെ ഡോക്ടര്‍?… ആ ആളെ എനിക്കു കാണിച്ചു തരൂ ഡോക്ടര്‍!…’ അബോധാവസ്ഥയുടെ ആഴങ്ങളില്‍ നിന്നെന്നപോലെ ഞാന്‍ അസ്പഷ്ടമായി ഉച്ചരിച്ചു കൊണ്ടിരുന്നു.
”പ്രൊഫസര്‍, മീര നിങ്ങള്‍ക്കു കിഡ്‌നി ദാനമായി നല്‍കിയ ആളെയാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്?…. ആ ആളെ നിങ്ങള്‍ക്ക് ഒരിക്കലും കാണാനാവുകയില്ല. കാരണം അയാളൊരിക്കലും നിങ്ങളുടെ മുന്നില്‍ വരാന്‍ ആഗ്രഹിക്കുന്നില്ല…’
‘അങ്ങനെ പറയരുതു ഡോക്ടര്‍… എനിക്കയാളെ കണ്ടേ തീരൂ… എനിക്കീ ജീവിതം ദാനമായി നല്‍കി മറഞ്ഞു നില്‍ക്കുന്ന ആ പുണ്യത്മാവ് ആരാണു ഡോക്ടര്‍?… ഒരു പ്രാവശ്യം… ഒരൊറ്റ പ്രാവശ്യം എനിക്കായാളെ കാണിച്ചു തരൂ ഡോക്ടര്‍…’
ഞാന്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ വാശി പിടിച്ചു കൊണ്ടിരുന്നു.
”സോറി മാഡം. ഞാനയാള്‍ക്കു വാക്കു കൊടുത്തു കഴിഞ്ഞു. ഞാനൊരിക്കലും അയാളെ വെളിപ്പെടുത്തുകയില്ലെന്ന്…’ അതും പറഞ്ഞ് ഡോക്ടര്‍ ഹേമാംബിക നടന്നകന്നപ്പോള്‍ എനിക്ക് ഉറക്കെ കരയാനാണ് തോന്നിയത്. ഈ വലിയ ലോകത്ത് ഞാനിതാ വീണ്ടും ഒറ്റപ്പെട്ടിരിക്കുന്നു. കരുണയുടെ ഒരു പുല്‍നാമ്പു പോലും പൊട്ടിമുളയ്ക്കാത്ത ഈ വരണ്ട ഭൂമിയില്‍ ഞാനേകയായി അലഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട് നാളെത്രയായി.
കഴിഞ്ഞ എട്ടു വര്‍ഷങ്ങള്‍…
നരേട്ടന്‍ എന്നോടു യാത്ര പറഞ്ഞു പോയിട്ട് എട്ടു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.
ഒഴിഞ്ഞ കിളിക്കൂടു പോലെയായിത്തീര്‍ന്ന ഈ ജീവിത വൃക്ഷത്തിന്റെ ശാഖയില്‍ ഒറ്റയ്ക്കു ചിറകടിച്ച് ഇനിയും എത്രനാള്‍?
അകലെക്കാണുന്ന വെള്ളമേഘക്കീറുകള്‍ക്കപ്പുറത്തേയ്ക്ക് പറന്നുയരാന്‍ എന്റെ ആത്മാവ് വെമ്പല്‍ കൊള്ളുന്നു. അവിടെ എന്നെക്കാത്ത് നരേട്ടന്‍ നില്പുണ്ടാവുമോ? അതോ വഞ്ചനയുടെ മുഖം മൂടിയണിഞ്ഞവളെന്നു പറഞ്ഞ് എന്നെ അകലേയ്ക്കു തള്ളി നീക്കുമോ?…
മുപ്പതു വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിനിടയില്‍ എപ്പോഴാണ് ഞാന്‍ വഞ്ചനയുടെ മുഖം മൂടി അഴിച്ചു നീക്കിയിട്ടുള്ളത്?
ഭൂതകാലത്തിന്റെ കറുത്ത ഏടുകളില്‍ ഒളിഞ്ഞും തെളിഞ്ഞും നിന്ന ഏതോ രൂപം എപ്പോഴൊക്കെയോ എന്റെ മനസ്സിനെ കുത്തി നോവിച്ചു കൊണ്ടിരുന്നില്ലെ?… ജീവിതം വഴി മുട്ടിയെന്ന് തോന്നിയ സന്ദര്‍ഭങ്ങളിലെല്ലാം മനസ്സിനുള്ളിലിരുന്ന് ആരോ മന്ത്രിച്ചു.
”ഇല്ല… നിനക്കു ഞാനുണ്ട്!” നിഴല്‍ പോലെ പിന്തുടര്‍ന്ന ആ ശബ്ദം!.
പുതുമഴയില്‍ ഭൂമിയുടെ ഗര്‍ഭഗൃഹത്തില്‍ മുളപൊട്ടിയ ആദ്യാനുരണനം പോലെ കേട്ടു മറന്ന ഏതോ ഗാനം പോലെ ആ ശബ്ദം.
ഭൂതകാലത്തിന്റെ പിന്‍വിളിയില്‍ മലര്‍ക്കെതുറന്ന എന്റെ മനസ്സിന്റെ ജാലക വാതിലിനരികിലെത്തി അയാള്‍ നിന്നു. ഫഹദ് മുഹമ്മദ്.
കേരളത്തിലെ ആ പ്രസിദ്ധമായ കലാലയത്തിലെ കെമിസ്ട്രി ലക്ചറര്‍. എന്റെ ഭൂതകാല ജീവിതത്തിലെ ദുരന്ത നായകന്‍.
ഒരിക്കല്‍ വിവാഹത്തിന്റെ പടിവാതില്‍ക്കലോളമെത്തി അകന്നു പോയ രണ്ടു ജന്മങ്ങള്‍. അല്ലെങ്കില്‍ നിയമ സാധുതയില്ലാത്ത കള്ളക്കല്യാണത്തിലൂടെ ചേര്‍ത്തു വയ്ക്കപ്പെട്ട രണ്ടുപേര്‍. മറ്റുള്ളവരാല്‍ പറിച്ചെറിയപ്പെട്ടപ്പോഴും ഒട്ടിച്ചേര്‍ന്ന ഇരു ഹൃദയങ്ങളുമായി അകന്നു പോകാന്‍ വിധിക്കപ്പെട്ടവര്‍. അലംഘനീയമായ വിധിയെ പിന്തുടരുമ്പോഴും ഞങ്ങള്‍ അഞ്ചു വര്‍ഷക്കാലം പ്രേമിച്ചു നടന്ന സുഭാഷ് പാര്‍ക്കിലെ പൂമരത്തണല്‍ എല്ലാറ്റിനും സാക്ഷിയായി നിശബ്ദം തേങ്ങി നിന്നു.
വിവാഹത്തോളമെത്തി രജിസ്റ്റര്‍ ഓഫീസിന്റെ അവധി പ്രമാണിച്ച് മാറ്റിവയ്ക്കപ്പെട്ട ആ രജിസ്‌ട്രേഷന്‍ പിന്നീടൊരിയ്ക്കലും നടന്നില്ല. എങ്കിലും മാറി വന്ന ഋതു സംക്രമണത്തിനനുസരിച്ച് ജീവിതം ഗതിമാറ്റപ്പെട്ടപ്പോഴും മറ്റൊരാളുമായി ജീവിതം പങ്കുവയ്ക്കപ്പെട്ടപ്പോഴും എല്ലാം മറന്ന് ജീവിച്ച എന്റെ മനസ്സിന്റെ കോണില്‍ ആ നാളുകളും അതിലെ ദുരന്തനായകനും നിത്യഹരിതാഭമായി പൂത്തുലഞ്ഞു നിന്നു. ഒരിക്കലും ഒളിമങ്ങാത്ത നാളം പോലെ ആ കെടാവിളക്ക് മനസ്സിന്റെ ഏതോ കോണില്‍ കത്തി നിന്നു.
എന്നാണ് ഫഹദ് സാറിനെ ഞാന്‍ ആദ്യമായി കണ്ടുമുട്ടുന്നത്?… പൂത്തു നില്‍ക്കുന്ന ചുവന്ന വാകമരച്ചുവട്ടില്‍ കളിചിരികള്‍ കോര്‍ത്തു വച്ച് ആര്‍ത്തുല്ലസിക്കുന്ന താനുള്‍പ്പെടെ ഏതാനും വിദ്യാര്‍ത്ഥികള്‍ ഹൃദ്മണ്ഡലത്തില്‍ തെളിഞ്ഞു വന്നു. ലോകത്തിലെ എല്ലാ ആനന്ദവും ആ മരച്ചുവട്ടില്‍ സന്നിവേശിച്ചിരിക്കുകയാണെന്നു തോന്നും ഞങ്ങളുടെ ആനന്ദം കണ്ടാല്‍… നിരര്‍ത്ഥകമായ ഞങ്ങളുടെ കളിചിരികളില്‍ നിഷ്‌ക്കളങ്കമായ കൗമാരത്തിന്റെ കുതൂഹലങ്ങള്‍ നിറഞ്ഞു നിന്നു. അല്ലെങ്കില്‍ ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ കാലഘട്ടം കൗമാരമാണല്ലോ കളങ്കമറ്റ സൗഹൃദത്തിന്റെ നിറചാര്‍ത്തുകള്‍ വാരിയണിഞ്ഞ് ആഹ്ലാദത്തിന്റെ മാലപ്പടക്കങ്ങള്‍ പൊട്ടിച്ചിതറുന്ന കൗമാരം.
മനുഷ്യ ജീവിതത്തിലെ ഏറ്റവും നിറമുള്ള കാലഘട്ടം. അതുകൊണ്ടു തന്നെ ആ കാലഘട്ടം ആഘോഷപൂരിതമാക്കുന്ന ഒരു വിദ്യാര്‍ത്ഥി സമൂഹമാണ് ആ മരച്ചുവട്ടില്‍ സമ്മേളിച്ചിരിക്കുന്നത്. പെട്ടെന്നാണ് മുന്നിലുള്ള വെളുത്ത കോണ്‍ക്രീറ്റ് ബില്‍ഡിംഗിന്റെ പടവുകളിറങ്ങി വരുന്ന സുമുഖനായ ആ ചെറുപ്പക്കാരനെ ഞങ്ങള്‍ കണ്ടത്.
”അല്ലാ നമ്മുടെ പ്രോംനസീറല്ലെ ആ വരുന്നത്…’ ആവശ്യത്തിനും അനാവശ്യത്തിനും തമാശകള്‍ പൊട്ടിക്കുന്ന അരുണ്‍ എന്ന വിദ്യാര്‍ത്ഥിയാണ് അതു പറഞ്ഞത്.
”പ്രേംനസീറോ… ശരിയാണല്ലോ… ഇദ്ദേഹം പ്രേംനസീറിനെക്കാള്‍ സുന്ദരനാണല്ലോ. പക്ഷേ പ്രേംനസീറിന്റെ അതേ ഭാവചലനങ്ങള്‍…’ ഏതോ സ്വപ്ന ലോകത്തിലെന്നപ്പോലെ അതിവിശയം വിടര്‍ന്ന കണ്ണുകളോടെ ഞാന്‍ മെല്ലെ പറഞ്ഞു.
”മീര മാധവ്” എന്ന നീളന്‍ മിഴിയും, നീണ്ടിടതൂര്‍ന്ന മുടിയിഴകളുമുള്ള അതിസുന്ദരിയായ പെണ്‍കുട്ടിയായിരുന്നു ഞാന്‍ അന്ന്. എന്റെ സംസാരത്തിലും ചലനത്തിലുമെല്ലാം ഒരു വല്ലാത്ത വശ്യത തുടിച്ചു നിന്നു. ഞാന്‍ ആ കോളേജില്‍ ഒന്നാം വര്‍ഷം ഡിഗ്രിയ്ക്കാണ് പഠിക്കുന്നത്. കോളേജിലെ ഏറ്റവും സ്മാര്‍ട്ടായ പെണ്‍കുട്ടികളിലൊരുവള്‍.
”ങാ… പക്ഷേ ഇത് സിനിമാ ആക്ടര്‍ പ്രേംനസീറല്ല. സാക്ഷാല്‍ രസതന്ത്രം എന്ന വിഷംയ കൈകാര്യം ചെയ്യുന്ന ഫഹദ് മുഹമ്മദ് സര്‍. പുതിയ ലക്ചര്‍ ആണ്. ങാ… മീര സുഖമില്ലാതെ രണ്ടു ദിവസം ലീവിലായിരുന്നല്ലോ. അതാണ് കാണാതിരുന്നത്.” ആനന്ദ് എന്ന വിദ്യാര്‍ത്ഥി തുടര്‍ന്നുള്ള വിവരണം നല്‍കി. പെണ്‍കുട്ടികള്‍ അടക്കം എല്ലാവരുടേയും കണ്ണുകള്‍ ആ സുമുഖനായ ചെറുപ്പക്കാരനിലായിരുന്നു. പെട്ടെന്ന് അയാളുടെ തീക്ഷ്ണമായ നോട്ടം ആ മരച്ചുവട്ടിലേയ്ക്ക് പാഞ്ഞു ചെന്നു. വിദ്യാര്‍ത്ഥികള്‍ അറിയാതെ ഒരു ചൂളല്‍ അവരില്‍ പടര്‍ന്നു കയറി.
എന്നാല്‍ തനിക്കു മാത്രം വലിയ കൂസലൊന്നും തോന്നിയില്ല. പകരം ദൂരക്കാഴ്ചയില്‍ ത്തന്നെ ഒരു വല്ലാത്ത അടുപ്പം എനിക്കു ഫീല്‍ ചെയ്തു തുടങ്ങിയിരുന്നു. പ്രേംനസീറിനെപ്പോലെ അതിസുന്ദരനായ ഈ ചെറുപ്പക്കാരനില്‍ പെണ്ണുങ്ങളെ ആകര്‍ഷിക്കുന്ന ഏതോ വ്യക്തിവൈശിഷ്ട്യം നിറഞ്ഞു നില്‍ക്കുന്നതായി എനിക്കു തോന്നി.
അയാള്‍ അടുത്തുവരാനായി ഞാന്‍ കാത്തു നിന്നു. എന്നാല്‍ കൂടെ നിന്ന മിക്കവരുടേയും മുഖം വിവര്‍ണ്ണമായിരുന്നു.
”സാര്‍ കേട്ടുവെന്നു തോന്നുന്നു. ഇങ്ങോട്ടു ശ്രദ്ധിക്കുന്നുണ്ട്.” നിമിഷ എന്ന ബോബ് മുടിക്കാരിയാണ് അത് പറഞ്ഞത്. ഞങ്ങളെല്ലാം നിശബ്ദരായി ഒന്നുമറിയാത്തതുപോലെ നിന്നു. അദ്ദേഹം നടന്നു വന്ന് ഞങ്ങളുടെ അടുത്തെത്തി ചോദിച്ചു.
”എന്താ എല്ലാവരും ഇവിടെ നില്‍ക്കുന്നത്? ക്ലാസ്സില്‍ കയറുന്നില്ലെ?”
”ക്ലാസ്സില്‍ കയറാം സാര്‍… ഇപ്പോള്‍ ക്ലാസ്സിലിരുന്നാല്‍ നല്ല ചൂടാണ് സാര്‍. ക്ലാസ്സില്‍ ഇരുന്നാല്‍ ഉറക്കം വരും. അതുകൊണ്ട് ഞങ്ങളെല്ലാവരും പുറത്തു നിന്ന് അല്‍പം കാറ്റുകൊള്ളാമെന്ന് കരുതി സര്‍…’ ഞാന്‍ എന്റെ സ്മാര്‍ട്ട്‌നെസ്സ് വെളിവാക്കി കൊണ്ട് അല്‍പം പരിഭ്രമത്തില്‍ പറഞ്ഞു നിര്‍ത്തി. അതുകേട്ട് മറ്റു കുട്ടികളില്‍ ചിരി ഉണര്‍ന്നുവെങ്കിലും അവര്‍ അത് കടിച്ചു പിടിച്ചു നിന്നു. അതുകേട്ട് കൃത്രിമമായി വരുത്തിയ ഗൗരവത്തില്‍ എല്ലാവരേയും തറപ്പിച്ചൊന്നു നോക്കി ഫഹദ് മുഹമ്മദ് പറഞ്ഞു.
”ഉം… എല്ലാവരും ക്ലാസ്സിലേയ്ക്കു പൊയ്‌ക്കോളൂ. ഇവിടെ നിന്ന് വെറുതെ സമയം കളയണ്ട.” അദ്ദേഹത്തിന്റെ ആജ്ഞയനുസരിച്ച് ക്ലാസ്സിലേയ്ക്കു പോകുമ്പോള്‍ ഞങ്ങളെല്ലാം മനസ്സിലോര്‍ത്തത് ആ അറുബോറന്‍ ഫിസിക്‌സ് മാഷുടെ ക്ലാസ്സിനെക്കുറിച്ചാണ്.
ആ ക്ലാസ്സില്‍ നിന്നും എങ്ങിനെയാണ് തല ഊരേണ്ടതെന്ന് തലപുകച്ചാണ് ഞങ്ങള്‍ ഓരോരുത്തരും വീട്ടില്‍ നിന്നുമിറങ്ങുന്നതുതന്നെ. അതുപക്ഷെ ഫഹദ് മുഹമ്മദ് സാറിനോട് പറയുമ്പോള്‍ ആവുകയില്ലല്ലോ! ഒടുവില്‍ നിവൃത്തിയില്ലാതെ ഫിസിക്‌സ് ക്ലാസ്സ് അറ്റന്‍ഡു ചെയ്യുമ്പോള്‍ ഞങ്ങള്‍ ഫഹദ് മുഹമ്മദിനെ ശപിക്കുകയായിരുന്നു.
കോളേജ് വിട്ട് അന്ന് അല്‍പം നേരത്തേയിറങ്ങി ബസ് സ്റ്റോപ്പിലേയ്ക്കു നടക്കുകയായിരുന്നു ഞാന്‍. സാധാരണ കോളേജ് വിട്ടാല്‍ മറ്റു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഞാന്‍ തമാശ പറഞ്ഞും, കളിച്ചു ചിരിച്ചും കുറേ സമയം കളയാറുണ്ട്. ചിലപ്പോള്‍ കോളേജ് കോര്‍ട്ടില്‍ ബാഡ്മിന്റന്‍ കളിയ്ക്കാന്‍ മറ്റു കുട്ടികള്‍ക്കൊപ്പം നില്‍ക്കും. എന്നാലിന്ന് അമ്മയോടൊപ്പം ഷോപ്പിംഗിന് പോകേണ്ടതു കൊണ്ട് ഞാന്‍ നേരത്തെയിറങ്ങിയാതാണ്. രാവിലെ കോളേജിലേയ്ക്കു പുറപ്പെടുമ്പോള്‍ അമ്മ ഓര്‍മ്മിപ്പിച്ചിരുന്നതാണ്.
”മീരാ, നീ ഇന്ന് നേരത്തെ എത്തണം. നാളെ അച്ഛന്റെ ബര്‍ത്ത് ഡേയാണ്. ഒരു നല്ല ബര്‍ത്ത് ഡേ ഗിഫ്റ്റ് വാങ്ങണം. നീ കൂടി വന്നിട്ടു വേണം ടെക്‌സ്‌റ്റൈല്‍ ഷോപ്പിലൊന്നു പോകാന്‍…’
അച്ഛന്റെ എല്ലാ ജന്മദിനങ്ങള്‍ക്കും എന്തെങ്കിലുമൊരു സര്‍പ്രൈസ് ഗിഫ്റ്റ് അമ്മയുടെ വകയുണ്ടാകും. അതു മിക്കവാറും അച്ഛനിഷ്ടപ്പെട്ട കളറിലുള്ള എന്തെങ്കിലുമാകും. ഇത്തവണ അമ്മ ഷര്‍ട്ടാണ് പ്ലാന്‍ ചെയ്തിരിക്കുന്നതെന്നു തോന്നുന്നു. ഏതായാലും നേരത്തെ എത്തിയില്ലെങ്കില്‍ അമ്മയുടെ വക പരിഭവവും ശകാരവും മുഴുവന്‍ കേള്‍ക്കേണ്ടി വരും. തന്റെ ഇളയവരായ മഞ്ജു പ്രീഡിഗ്രിയിക്കും, മായ പത്തിലുമാണ് പഠിക്കുന്നതെന്നതിനാല്‍ അമ്മയ്ക്കവരെ കൂട്ടി പുറത്തിറങ്ങാന്‍ ആവുമായിരുന്നില്ല. രണ്ടു പേര്‍ക്കും പഠിക്കുവാന്‍ ധാരാളമുണ്ടാകും. മഞ്ജു എന്‍ജിനീയറിങ്ങിനും പോകണമെന്ന നിര്‍ബന്ധത്തിലാണ്. മായയാകട്ടെ മെഡിസിനും. എനിക്കു മാത്രം ഇത്തരം ലക്ഷ്യങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. മാത്രമല്ല എന്‍ജിനീയറിങ്ങും, മെഡിസിനും എന്നു കേള്‍ക്കുന്നതു തന്നെ എനിക്കു വെറുപ്പായിരുന്നു. മറ്റേതെങ്കിലും ഫീല്‍ഡില്‍ കഴിവു തെളിയിക്കാനായിരുന്നു എനിക്കു താല്‍പര്യം. ഞാന്‍ അറിയാതെ വാച്ചിലേയ്ക്കു നോക്കി. സമയം ഇപ്പോള്‍ തന്നെ അഞ്ചു മണി കഴിഞ്ഞിരിക്കുന്നു. ഇനിയും ബസ് കിട്ടി വീട്ടിലെത്തുമ്പോള്‍ അരമണിക്കൂര്‍ കഴിയും. അമ്മയുടെ വക ശകാരമോര്‍ത്തപ്പോള്‍ അവള്‍ കാലുകള്‍ വലിച്ചു വച്ചു നടന്നു.
”അല്ല… ഇന്നു നല്ല സ്പീഡിലാണല്ലോ മീര നടത്തം. അതും ഒറ്റയ്ക്ക്? എന്തുപറ്റി? സാധാരണ ഏതെങ്കിലും ഫ്രണ്ട്‌സിനൊപ്പം കളിച്ചു ചിരിച്ചാണല്ലോ താന്‍ വരാറ്? ഇന്നെന്താ നിമിഷയും ആനന്ദുമൊന്നും തന്റെ കൂടെ വരാത്തത്?
ബോട്ടണി തേര്‍ഡ് ഇയറിലെ നിരഞ്ജന്‍ ആയിരുന്നു അത്. അവന് എന്റെ മേല്‍ ഒരു നോട്ടമുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ അവന്റെ സ്‌നേഹം സ്ഥുരിക്കുന്ന നോട്ടങ്ങളെ ഞാന്‍ അവഗണിക്കുകയായിരുന്നു പതിവ്. ഒപ്പം പഠിക്കുന്നവരുമായിട്ടുള്ള ഒരു പ്രേമബന്ധം എനിക്ക് സങ്കല്പിക്കുവാന്‍ പോലുമാകുമായിരുന്നില്ല. ഭര്‍ത്താവെന്നാല്‍ അഞ്ചു വയസ്സെങ്കിലും മൂത്തതായിരിക്കണം. അതാണ് അന്ന് എന്റെ പക്ഷം. കോളേജില്‍ ഒപ്പം പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ഞാന്‍ സഹോദരങ്ങളെ പോലെയാണ് കണ്ടിരുന്നത്. അതുകൊണ്ടു തന്നെ നിരഞ്ജന്റെ ചോദ്യത്തിന് ഞാന്‍ ഉത്തരം പറയാതെ വെറുതെ പുച്ഛത്തില്‍ ചിരിച്ചു കളഞ്ഞു. അതുകണ്ട് നിരഞ്ജന്‍ വല്ലായ്മയോടെ മുന്നോട്ടു നീങ്ങി. ഞാന്‍ അവനെ അവഗണിക്കുന്നതാണെന്ന് അവന് മനസ്സിലാകുന്നുണ്ടായിരുന്നു. ഞാന്‍ ബസ്സ് സ്റ്റോപ്പിലെത്തിയ ഉടനെ ബസ്സ് വന്നു നിന്നു. ഞാന്‍ അതില്‍ കേറുവാന്‍ തുനിഞ്ഞ ഉടനെ ഒരു കൂട്ടം ആളുകള്‍ എന്നെ പൊതിഞ്ഞു കൊണ്ട് ബസ്സില്‍ക്കേറുവാനായി വന്നെത്തി. ആളുകള്‍ക്കിടയിലൂടെ തിക്കിത്തിരക്കി ഞാന്‍ എങ്ങിനെയെങ്കിലും ബസ്സിനുള്ളില്‍ കയറിപ്പറ്റി. അപ്പോള്‍ എന്റെ നീണ്ട മുടിയിഴകള്‍ ഒരു മദ്ധ്യവയസ്‌കയുടെ കൈയ്യിലുടക്കി. അവര്‍ ആ മുടിയിഴകള്‍ കുടഞ്ഞു കളഞ്ഞു കൊണ്ട് ചോദിച്ചു.
”മുടി ഒന്നൊതുക്കി കെട്ടിയിട്ടു വേണ്ടേ മോളെ ബസ്സില്‍ കയറാന്‍. ഇത്ര നീളമുള്ള മുടിയായതു കൊണ്ട് പ്രത്യേകിച്ചും…’
അപ്പോള്‍ ബസ്സിലുള്ള പലരും എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. ഇത്ര സൗന്ദര്യമുള്ള പെണ്‍കുട്ടികള്‍ ഈ നാട്ടിലുണ്ടോ എന്ന അര്‍ത്ഥത്തില്‍. എനിക്കല്‍പം ജാള്യതയും, ഒപ്പം അഭിമാനവും തോന്നി, സ്വന്തം സൗന്ദര്യത്തെക്കുറിച്ചോര്‍ത്ത്. അപ്പോള്‍ അമ്മയുടെ വാക്കുകളോര്‍ത്തു.
”മീരാ, നിയീ മുടിയിങ്ങനെ വെറുതെ അഴിച്ചിട്ടാല്‍ മുഴുവന്‍ കൊഴിഞ്ഞു പോവുകയേ ഉള്ളൂ. നിനക്കത് നല്ലതു പോലെ കെട്ടിവച്ചു നടന്നു കൂടെ കുട്ടീ…’
അപ്പോള്‍ ഞാന്‍ ഓര്‍ക്കാറുണ്ടായിരുന്നത് കോളേജിലെ മറ്റു കുട്ടികളുടെ അസൂയ കലര്‍ന്ന നോട്ടത്തെ എനിക്കപ്പോള്‍ കാണാനാവുകയില്ലല്ലോ എന്നാണ്. ”കോളേജ് ബ്യൂട്ടി” എന്നാണ് ഞാനിപ്പോള്‍ അറിയപ്പെടുന്നത്. ആ സൗന്ദര്യത്തിന് എന്തെങ്കിലും ഭംഗം വരുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ ഞാനന്ന് ഒരുക്കമായിരുന്നില്ല.
ഭൂതകാലത്തിലെ വര്‍ണ്ണക്കുടകള്‍ നീര്‍ത്തിയ പൂരപ്പറമ്പിലൂടെ നടന്നു നീങ്ങിയപ്പോള്‍ അറിയാതെ എന്റെ ചുണ്ടുകളില്‍ ചിരി പടര്‍ന്നു. അന്നത്തെ ആ സൗന്ദര്യ റാണിയുടെ ഇന്നത്തെ അവസ്ഥയോര്‍ക്കുമ്പോള്‍ എങ്ങിനെ ചിരിക്കാതിരിക്കും. മുടി കൊഴിഞ്ഞ്, ജരാനരകള്‍ ബാധിച്ച് ദീനക്കിടക്കയില്‍ കഴിയുന്ന ഞാനിന്ന് ആരുടേയും പരിഹാസ പാത്രമാകുവാന്‍ പോരും വിധം വിരൂപയായിത്തീര്‍ന്നിരിക്കുന്നു. അന്നത്തെ ഓജസ്സു തുടിച്ചു നിന്ന നീണ്ടു മിഴിയിണകള്‍ ഇന്ന് ചൈതന്യം വറ്റിവരണ്ടുണങ്ങിക്കഴിഞ്ഞു.
ഫഹദ് സാറിന്റെ നീണ്ട വിരലുകള്‍ തഴുകിയിരുന്ന മുഖമാകട്ടെ വിളറി വെളുത്ത് രക്തപ്രസാദം നഷ്ടപ്പെട്ടവനായി ത്തീര്‍ന്നിരിക്കുന്നു. എന്നിട്ടു ഒരിക്കല്‍ കൂടി ആ വര്‍ണ്ണ പ്രപഞ്ചത്തിലേയ്ക്ക് ഊളിയിട്ടിറങ്ങുവാന്‍ ഞാനറിയാതെ കൊതിച്ചു പോയി. ഭൂതകാലത്തിലെ വര്‍ണ്ണപ്പൊട്ടുകള്‍ മിന്നിത്തിളങ്ങിയ പഴയകാലം, മെല്ലെ മെല്ലെ മനസ്സിലേയ്ക്കരിച്ചെത്തി.
അന്ന് ഞാന്‍ ചെല്ലുമ്പോള്‍ അമ്മ എന്നെക്കാത്ത സിറ്റൗട്ടില്‍ തന്നെ നില്‍ക്കുകയായിരുന്നു. അമ്മ കുളിച്ചൊരുങ്ങി നല്ല ഡ്രസ്സ് ധരിച്ചിട്ടുണ്ട്. അമ്മയ്ക്കിഷ്ടപ്പെട്ട ആ നീല കളര്‍ സാരിയില്‍ അമ്മയുടെ സൗന്ദര്യം ഇരട്ടിച്ചതായി എനിക്കു തോന്നി. എന്നെക്കണ്ട് ശുണ്ഠിയോടെ മുഖം തിരിച്ച അമ്മയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.
”അമ്മ ഇന്ന് കൂടുതല്‍ സുന്ദരിയായിരിക്കുന്നു. ഈ നീല കളര്‍ സാരിയില്‍ അമ്മയെക്കണ്ടാല്‍ ഒരു ബ്യൂട്ടിക്യൂന്‍ പോലെയുണ്ട്.
എന്റെ വാക്കുകള്‍ അമ്മയില്‍ ഉചിത ഫലം ഉളവാക്കിയെന്നു തോന്നി. അമ്മ അല്‍പം സ്‌നേഹത്തോടെ എന്റെ പുറത്തു തട്ടി പറഞ്ഞു.
”നീ പോയി കുളിച്ച് ഡ്രസ് മാറി വാ… ഞാന്‍ ഡ്രൈവറോട് വണ്ടിയെടുക്കാന്‍ പറയാം.”
അച്ഛന്‍ മാധവമോനോന്‍ പ്രശസ്ത ക്രിമിനല്‍ ലോയറായതു കൊണ്ടു തന്നെ വീട്ടില്‍ അച്ഛന്റെ ആവശ്യത്തിന് ഒരു ബെന്‍സ് കാറുണ്ട്. പിന്നെ ഒരു അംബാസിഡറും അമ്മ ഡ്രൈവിംഗ് പഠിച്ചിരുന്നുവെങ്കിലും വല്ലപ്പോഴും മാത്രമേ വണ്ടിയെടുത്തിരുന്നുള്ളൂ. ഒരിക്കല്‍ ഒരു ആക്‌സിഡന്റ് ഉണ്ടായതാണ് അതിനു കാരണം പതിനെട്ടു വയസ്സു തികഞ്ഞതിനാല്‍ ഞാനും ഡ്രൈവിംഗ് ലൈസന്‍സ് എടുത്തിരുന്നു. പക്ഷേ അമ്മയാകട്ടെ എന്നെ വണ്ടിയെടുക്കാന്‍ അനുവദിച്ചിരുന്നില്ല.
”ഒന്നു രണ്ടു കൊല്ലം കൂടി കഴിഞ്ഞിട്ടു മതി നീ വണ്ടിയോടിക്കല്‍” എന്നാണ് അമ്മ പറയാറുള്ളത്.
വേഗം കുളിച്ചൊരുങ്ങി ടെക്‌സ്‌റ്റൈല്‍ ഷോപ്പിലേയ്ക്കു പുറപ്പെടുവാന്‍ തയ്യാറായി നിന്നപ്പോള്‍ മായ ഓടി വന്നറിയിച്ചു. ”എനിക്ക് ഒരു മഞ്ഞ പട്ടു പാവാട വേണമമ്മേ…’ അവള്‍ക്ക് ഓണത്തിന് ഉടുക്കുവാന്‍ വേണ്ടിയാണത്രെ.
”ഏതായാലും എല്ലാവര്‍ക്കും എടുത്തേയ്ക്കാം, ഓണം അടുത്തുവരുകയാണല്ലോ…’ അമ്മ എന്നോടു പറഞ്ഞു. പിന്നീട് അംബാസിഡറില്‍ കയറി പട്ടണത്തിലേയ്ക്കു പുറപ്പെടുമ്പോള്‍ അമ്മ ഡ്രൈവറോടു പറഞ്ഞു. ”വേഗം വണ്ടി വിട്ടോളൂ… സമയം ആറുമണിയായെന്നു തോന്നുന്നു…’
‘അതിനെന്താ മാഡം… നമുക്ക് നല്ല സ്പീഡില്‍ പോകാം. ഒരു അരമണിക്കൂറിനുള്ളില്‍ നമ്മളാ ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെത്തും.” ആവശ്യത്തില്‍ കൂടുതല്‍ സ്പീഡ് എടുത്ത് ശീലമുള്ള ഡ്രൈവര്‍ വണ്ടി പൂര്‍വ്വാധികം സ്പീഡില്‍ വിട്ടു.
ഏകദേശം പത്തു മിനിട്ട് കഴിഞ്ഞില്ല. ഒരു ഓട്ടോറിക്ഷയില്‍ ഉരസി വണ്ടി നിന്നു. ഞാനും അമ്മയും ഭയപ്പെട്ടതു പോലെ ഓട്ടോ ഡ്രൈവര്‍ ഇറങ്ങി വന്നു ചീത്ത വിളിക്കാന്‍ തുടങ്ങി.
”എന്താടോ തനിയ്ക്കു കണ്ണില്ലേ… ഇങ്ങിനെയാണോ വണ്ടി ഓടിക്കുന്നത്. ഞാനിപ്പം വണ്ടിയിടിച്ച് ചാകുമായിരുന്നല്ലോ…’ ഓട്ടോ ഡ്രൈവര്‍ അലറി. ആളുകള്‍ ഓടിക്കൂടുന്നതു കണ്ട് സംഗതി ഗുലുമാലാണെന്ന് മനസ്സിലായി.
”വലിയ ആളുകള്‍ക്ക് എന്തുമാകാമല്ലോ. ഞങ്ങളെപ്പോലുള്ള പാവങ്ങള്‍ക്ക് എന്തുപറ്റിയാലും നിങ്ങള്‍ക്കൊന്നുമില്ലല്ലോ” അതും പറഞ്ഞ് ഓട്ടോ ഡ്രൈവര്‍ ബഹളം വയ്ക്കാന്‍ തുടങ്ങി. കുറേ ആളുകള്‍ ഓട്ടോ ഡ്രൈവറുടെ പക്ഷം ചേര്‍ന്നു.
പെട്ടെന്ന് അതുവഴി കടന്നു പോയ ഫഹദ് മുഹമ്മദ് സാര്‍, കാര്‍ നിര്‍ത്തി ഇറങ്ങി വന്നു. കാറിനുള്ളില്‍ ഭയന്നിരുന്ന എന്നെക്കണ്ട് അദ്ദേഹത്തിന് മനസ്സിലായി.
”കുട്ടി ഞങ്ങളുടെ കോളേജില്‍ ഫസ്റ്റ് ഇയര്‍ ഡിഗ്രിയ്ക്കു പഠിക്കുന്ന കുട്ടിയല്ലേ? എന്താണ് പറ്റിത്?”
ഞാന്‍ സംഭവം വിവരിച്ചപ്പോള്‍ സാര്‍ പറഞ്ഞു.
”ഇത്രേയുള്ളോ… ഇത് ഞാന്‍ ഒത്തു തീര്‍പ്പാക്കാം.”
അദ്ദേഹം ഏതാനും നോട്ടുകള്‍ ഓട്ടോ ഡ്രൈവറുടെ കൈകളിലേയ്ക്ക് നല്‍കി എന്നിട്ട് പറഞ്ഞു.
”ഇനി നിങ്ങള്‍ പ്രശ്‌നം ഒന്നും ഉണ്ടാക്കരുത്. അല്ലെങ്കിലും സ്ത്രീകള്‍ മാത്രമാണ് ഈ വണ്ടിയില്‍ ഉള്ളത്. നിങ്ങള്‍ പ്രശ്‌നം ഒന്നും ഉണ്ടാക്കാതെ ഒഴിഞ്ഞു പോകണം.”
പണം കൈയ്യില്‍ കിട്ടിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍ക്കു സന്തോഷമായി. അയാള്‍ വാക്കു തര്‍ക്കം നിര്‍ത്തിപ്പറഞ്ഞു.
”അല്ലെങ്കിലും എനിക്കും വണ്ടിക്കും ഒന്നും പറ്റാത്തതു കൊണ്ട് പരാതിയില്ല സാറെ…’ അയാള്‍ വണ്ടിയില്‍ കയറി ഓടിച്ചു പോയി. ആളുകള്‍ ഒഴിഞ്ഞു പോയപ്പോള്‍ സാര്‍ എന്നോടായി പറഞ്ഞു.
”പകലത്തെ സ്മാര്‍ട്ട്‌നെസ്സ് കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചത് താനൊരു പുലിയാണെന്നാണ്. പക്ഷേ ഇപ്പോഴല്ലെ മനസ്സിലായത് ആളൊരു ആട്ടിന്‍ കുട്ടിയാണെന്ന്.”
അതുപറഞ്ഞ് അദ്ദേഹം ഉറക്കെചിരിച്ചു. പിന്നീട് കാറിനുള്ളിലുണ്ടായിരുന്ന അമ്മയെ നോക്കി തൊഴുതു. എന്നിട്ട് സ്വയം പരിചയപ്പെടുത്തി.
”ഞാന്‍ ഫഹദ് മുഹമ്മദ് മോള്‍ ഡിഗ്രിയ്ക്കു പഠിക്കുന്ന കോളേജിലെ രസതന്ത്ര അധ്യാപകനാണ്” അമ്മയും അദ്ദേഹത്തെ തൊഴുതു കൊണ്ട് പറഞ്ഞു.
”സാര്‍ ഇപ്പോള്‍ ഇവിടെ വന്നില്ലായിരുന്നെങ്കില്‍ ഞങ്ങളാകെ കുഴപ്പത്തില്‍പ്പെട്ടേനെ. നന്ദിയുണ്ട് സാര്‍…’ അമ്മ കൃതജ്ഞതാപൂര്‍വ്വം അറിയിച്ചു.
അതുവരെ ഒന്നും മിണ്ടാനാരാകെ ആകെ ചമ്മിയിരുന്നു ഞാന്‍. ഒടുവില്‍ പോകാന്‍ നേരം സാര്‍ ഗൗരവത്തില്‍ പറഞ്ഞു.
”ശരി, നാളെ കാണാം. നാളെ ഞാന്‍ ക്ലാസ്സില്‍ പറഞ്ഞോളാം തന്റെ വീരസ്യത്തെപ്പറ്റി.” അതുകേട്ട് ഞാനറിയാതെ ഒന്ന് ഞെട്ടി. കൂട്ടുകാര്‍ക്കിടയില്‍ സ്മാര്‍ട്ട് ഗേള്‍ എന്നറിയപ്പെട്ടിരുന്ന തന്റെ അധഃപതനമാകുമോ നാളെ. ഒരു പക്ഷേ ഇനി കൂട്ടുകാര്‍ക്കിടയില്‍ തലയുയര്‍ത്തി നടക്കാന്‍ എനിക്കാവുകയില്ലെന്നു തോന്നി. മാത്രമല്ല കോളേജ് മുഴുവന്‍ ഞാന്‍ മിടുക്കിയെന്നാണ് അറിയപ്പെട്ടിരുന്നത്.
മ്യൂസിക്കിനും, ഡാന്‍സിനും, പ്രസംഗമത്സരത്തിനും, നാടകത്തിനും എന്നു വേണ്ട കോളേജിലെ എല്ലാ പരിപാടികള്‍ക്കും പ്രീഡിഗ്രി മുതല്‍ ആ കോളേജില്‍ പഠിച്ചിരുന്ന ഞാന്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടാകുമായിരുന്നു. ആ എന്നെ ഇദ്ദേഹം മറ്റു കുട്ടികളുടെ മുമ്പില്‍ വച്ച് നാണം കെടുത്തുമോ? പെട്ടെന്ന് കാറില്‍ നിന്നിറങ്ങിച്ചെന്ന് തൊഴുകൈകളോടെ ഞാന്‍ പറഞ്ഞു. ”ക്ഷമിക്കണം സാര്‍, രാവിലെ ഒരു രസത്തിന് ഞാനങ്ങനെ പറഞ്ഞതാണ്. ഇനി ഒരിക്കലും ഞാനത് ആവര്‍ത്തിക്കുകയില്ല.”
”ശരി… ശരി… ഞാന്‍ തന്നെ ഒന്നു പരീക്ഷിച്ചതല്ലെ. ഞാന്‍ വെറുതെ പറഞ്ഞതാണെടോ. ഞാന്‍ ക്ലാസ്സിലൊന്നും പറയാന്‍ പോകുന്നില്ല. എങ്കിലും തന്നെ എനിക്കിഷ്ടമായി. പ്രത്യേകിച്ച് തന്റെ സ്മാര്‍ട്ട്‌നെസ്സ്…’ അതും പറഞ്ഞ് അദ്ദേഹം എന്നെ നോക്കി കണ്ണിറുക്കി കാറില്‍ യാത്രയായി. അപ്പോള്‍ മാത്രമാണ് എനിക്ക് ശ്വാസം നേരെ വീണത്.
ആ നിമിഷം മുതല്‍ ഞാന്‍ ആവശ്യത്തില്‍ കവിഞ്ഞ പക്വതയുള്ള ഒരു പെണ്‍കുട്ടിയായി മാറി എന്നു പറയാം. ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ നിന്ന് ഡ്രസ്സുകള്‍ വാങ്ങി മടങ്ങുമ്പോള്‍ അന്ന് എന്റെ മനസ്സില്‍ ഏതോ ആഹ്ലാദം തുടി കൊട്ടിയിരുന്നു. ഏതോ ആകാശതീരത്ത് ഒരു പട്ടം പോലെ ഒഴുകി നടക്കുന്ന പ്രതീതി… മനസ്സ് ആ യുവ കോമളന്റെ വാക്കും, നോക്കും കൊണ്ട് നിറഞ്ഞിരുന്നു. ഹൃദയം രോമാഞ്ച സാഗരത്തില്‍ ആറാടുമ്പോള്‍ മനസ്സിലേയ്ക്ക് അദ്ദേഹത്തിന്റെ വാക്കുകള്‍ വീണ്ടും വീണ്ടും ഒഴുകിയെത്തി. എനിക്ക് തന്നെ ഇഷ്ടമായി, പ്രത്യേകിച്ച് തന്റെ സ്മാര്‍ട്ട്‌നെസ്സ്.
പ്രേമ സംഗീതം പൊഴിച്ചു കൊണ്ട് എവിടെ നിന്നോ ഒരു കിളി പാറി വന്നെത്തി മനസ്സിനുള്ളില്‍ കൂടു വച്ചു. ആ കിളിയുടെ സാന്ദ്ര സംഗീതധാരയില്‍ അലിഞ്ഞില്ലാതെയായി ഞാനന്നുറങ്ങി. ഉറക്കത്തില്‍ ഞാനാസ്വപ്നം കണ്ടു. ”ഞാനും ഫഹദ്‌സാറും രണ്ടിണക്കിളികളെപ്പോലെ കൈകോര്‍ത്തു പിടിച്ച് കോളേജങ്കണത്തില്‍ പാറി നടക്കുന്നു. പിറ്റേന്ന് കോളേജിലേയ്ക്ക് നേരത്തെ പുറപ്പെട്ടു. ക്ലാസ്സെടുക്കുമ്പോള്‍ ഫഹദ് സാറിന്റെ കണ്ണുകള്‍ എന്റെ മുഖത്തുതന്നെ തറഞ്ഞു നിന്നു.?അന്ന് കെമിസ്ട്രി ലാബിലും സാറിന്റെ സഹായ ഹസ്തമുണ്ടായിരുന്നു. കൂട്ടുകാര്‍ പലരും സാറിന് എന്നോടുള്ള പ്രത്യേകത മനസ്സിലാക്കിത്തുടങ്ങിയിരുന്നു. ക്ലാസ്സ് കഴിഞ്ഞപ്പോള്‍ അവര്‍ ചുറ്റും കൂടി.
”താനെന്താ മീര വല്ല വശീകരണമന്ത്രവും പ്രയോഗിച്ചോ? ഫഹദ്‌സാറിന്റെ കണ്ണുകള്‍ തന്റെ മുഖത്തു തന്നെയായിരുന്നുവല്ലോ?”
ഞാന്‍ ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ടു നിന്നപ്പോള്‍ അവര്‍ക്കത്ഭുതമായി.
”എന്താ മീര, താനെപ്പോള്‍ മുതലാണ് മിണ്ടാപ്പൂച്ചയായത്? ഫഹദ് സാര്‍ വല്ല മാന്ത്രിക വിദ്യയും പ്രയോഗിച്ചോ?…’
അങ്ങിനെ നൂറുനൂറു ചോദ്യങ്ങള്‍ എനിക്കു ചുറ്റും ഒഴുകി നടന്നു. എന്നാല്‍ ഒന്നിനും മറുപടി നല്‍കാതെ ഞാന്‍ മിണ്ടാതിരുന്നു. പതുക്കെപതുക്കെ എന്നിലും എന്തോ മാറ്റങ്ങള്‍ ഉണ്ടാകുന്നതായി എനിക്കു തോന്നിത്തുടങ്ങിയിരുന്നു. ഊണിലും ഉറക്കത്തിലും ഫഹദ് സാര്‍ മാത്രം. ഫഹദ് സാറിന്റെ വാക്കുകള്‍ ഫഹദ് സാറിന്റെ ചലനങ്ങള്‍ എല്ലാം എന്നെ സ്വാധീനിച്ചു കൊണ്ടിരുന്നു. അതേത്തുടര്‍ന്ന് ഏതോ സ്വപ്നലോകത്തിലെന്നതു പോലെയായിത്തീര്‍ന്നു എന്റെ ചലനങ്ങള്‍. എന്നാല്‍ കൂട്ടുകാര്‍ മാത്രം എന്നിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനാവാതെ നിന്നു. അവര്‍ക്ക് എന്നിലെ ചുണക്കുട്ടിയെയായിരുന്നു ഇഷ്ടം. എപ്പോഴും ഓടിച്ചാടി നടന്ന് കളിതമാശകള്‍ പറയുന്ന, കോളേജിലെ എല്ലാ ആഘോഷങ്ങള്‍ക്കും മുന്‍പന്തിയില്‍ നിന്നിരുന്ന മീരയെ… ഒരിക്കല്‍ അവര്‍ കളിയാക്കുകയും ചെയ്തു.
”താനെന്താ സിനിമയിലെ ശാലീന സുന്ദരിയായ നായിക ശാരദയെപ്പോലെയാവുകയാണോ?” അടുത്ത സുഹൃത്ത് ആനന്ദ് കളിയാക്കി.
എന്നാല്‍ അല്‍പം കൂടി കഴിഞ്ഞപ്പോള്‍ അവര്‍ ആ ഉപമ മാറ്റി മറ്റൊന്നാക്കി.
”ഫഹദ്‌സാര്‍ നസീറും, താന്‍ അദ്ദേഹത്തിന്റെ കാമുകി ഷീലുമായി മാറിയെന്നു തോന്നുന്നു.” അന്നൊരിക്കല്‍ മറ്റൊരു സുഹൃത്ത് അഭിലാഷ് പറഞ്ഞു. അതുപക്ഷേ സിനിമയിലല്ല, ജീവിതത്തിലാണെന്നു മാത്രം…’ എന്റെ ആത്മസുഹൃത്ത് നിമിഷയുടെ വകയായിരുന്നു ആ കളിയാക്കല്‍.
അതെ! അവര്‍ നിരന്തരം കളിതമാശകള്‍ തൊടുത്തു വിട്ടപ്പോള്‍ ജീവിതത്തിന്റെ വെള്ളിത്തിരയില്‍ അന്നത്തെ പ്രമുഖ നടീനടന്മാരെ പോലെ ഞങ്ങള്‍ കാമുകീകാമുകന്മാരായി ജീവിച്ചു തുടങ്ങിയിരുന്നു. ദിവസങ്ങള്‍ മാസങ്ങള്‍ക്കും, മാസങ്ങള്‍ വര്‍ഷങ്ങള്‍ക്കും വഴിമാറിക്കൊടുത്തപ്പോള്‍ ഞങ്ങളുടെ പ്രേമബന്ധവും തളിരണിഞ്ഞ് നിറയെ പൂത്തുലഞ്ഞു നിന്നു.
ഫഹദ് സാറിന്റെ ജീവിതത്തില്‍ ഞാന്‍ ഒഴിച്ചു കൂടാനാവാത്ത ഒരു വ്യക്തിയായിത്തീര്‍ന്നു. സുഭാഷ് പാര്‍ക്ക് ഞങ്ങളുടെ സ്‌നേഹ സംഗമത്തിന്റെ നിരന്തര വേദിയായി. ഒരിക്കല്‍ സുഭാഷ് പാര്‍ക്കിലെ പൂമരത്തണലിലെ നര്‍മ്മ സല്ലാപങ്ങള്‍ക്കിടയിലായിരുന്നു അദ്ദേഹമത് പറഞ്ഞത്.
”ഉമ്മയ്ക്ക് മീരയെ ഒന്നു കാണണമെന്ന്.”
”ഫഹദ്‌സാറിന്റെ ഉമ്മ എന്നെ അംഗീകരിക്കുമോ? നമുക്കിടയിലുള്ള മതത്തിന്റെ വേലിക്കെട്ടുകള്‍ തന്നെ പ്രധാന കാരണം…’ ഞാന്‍ ആശങ്കയോടെ ചോദിച്ചു.
”ഉമ്മയ്ക്ക് ജാതിയും മതവുമൊന്നുമില്ല. എന്റെ ഇഷ്ടമാണ് ഉമ്മയുടെയും ഇഷ്ടം.” ഫഹദ് സാര്‍ അല്‍പം ആവേശപൂര്‍വ്വം പറഞ്ഞു നിര്‍ത്തി. ആത്മവിശ്വാസത്തിന്റെ ഒരു നറുംതിരിവെട്ടം അപ്പോള്‍ ആമുഖത്തുണ്ടായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള പ്രേമബന്ധം അപ്പോഴേയ്ക്കും കോളേജില്‍ പാട്ടായിക്കഴിഞ്ഞിരുന്നു. ഗുരു-ശിഷ്യ ബന്ധത്തിനപ്പുറം ഞങ്ങളുടെ ബന്ധം അതിരുകള്‍ ഭേദിച്ച് വളര്‍ന്നു കഴിഞ്ഞുവെന്ന് എല്ലാവര്‍ക്കും മനസ്സിലായി.
നിരവധി പ്രേമങ്ങള്‍ക്കും പ്രേമ ഭംഗങ്ങള്‍ക്കും കുട പിടിച്ച മഹാരാജാസ് കോളേജിലെ പൂമരത്തണല്‍ ഞങ്ങള്‍ക്കും തണലേകി. ഒരു ഒഴിവുദിനം കോളേജില്‍ സ്‌പെഷ്യല്‍ ക്ലാസ്സുണ്ടെന്ന് പറഞ്ഞ് ഞാന്‍ നേരത്തെ വീട്ടില്‍ നിന്നുമിറങ്ങി. അത് എംഎസ്എസി ഫൈനല്‍ ഇയര്‍ തീരാന്‍ ഏതാനും നാളുകളുള്ളപ്പോഴായിരുന്നു. അന്നായിരുന്നു ഫഹദ്‌സാറിന്റെ വീട്ടിലേയ്ക്കു പോകാന്‍ തീരുമാനിച്ചിരുന്നത്.
(തുടരും)







