വീണ്ടും വരുന്നിതാ കുംഭമാസച്ചൂടിന്‍
വേണ്ടുവോളമോര്‍മ്മ തലോടിടുവാനായ്
മഴയും കഴിഞ്ഞു മഞ്ഞും കഴിഞ്ഞല്ലോ
മിഴികള്‍ ചിമ്മുന്ന വേനലും വന്നല്ലോ
വൃക്ഷലതാദികള്‍ പൊഴിയുന്ന കാലം
പക്ഷിമൃഗാദികള്‍ വിശക്കുന്ന കാലം
ദുഷ്ടത മൂത്തിങ്ങു വന്നെന്നു തോന്നുന്നു
കഷ്ടത തീര്‍ക്കുവാനാരുണ്ടു ഭൂമിയില്‍ ?
അപ്പോളകലെയായ് ശംഖൊലി കേള്‍ക്കുന്നു
നെല്‍പ്പാടമൊന്നാകെ തുള്ളിക്കളിക്കുന്നു.
ഭദ്രകാളി പാട്ടും കേട്ടു തുടങ്ങാറായ്
രൗദ്രഭാവത്തിന്റെ മൂര്‍ത്തിയാം ദേവത
നാട്ടില്‍ കുളിരേകാന്‍ ചുറ്റിടാന്‍ കാലമായ്
നാട്ടാരുമേഴുനാള്‍ കാപ്പു കെട്ടുന്നിതാ
ചെണ്ടയുമുടുക്കും മുറുക്കീ ടുകയായ്
തട്ടുവിളക്കുകള്‍ ദീപപ്രഭയായി.
ദീനരെ കാക്കുവാനമ്മ വരുന്നിതാ
ദീനരോ നാടാകെ തൊഴുകൈയ്യാല്‍ നില്‍പ്പായ്
ചുടുകാറ്റു വീശുന്നു ദിക്കുകള്‍ തോറും
ധൂമവും ഭസ്മവുമൊന്നായ് ലയിക്കുമ്പോള്‍
പണ്ടു ഞാന്‍ കൂട്ടത്തിലേകനായ് നില്‍ക്കവേ
കണ്ടൊരു രൗദ്രഭാവത്തില്‍ പേടിയായി
ഒറ്റച്ചിലമ്പിട്ട വാത്തി മുടിയേറ്റി
കഷ്ടതവെട്ടിയകറ്റുന്നു വാള്‍ വീശി.
തുറിക്കും കണ്ണുകള്‍ ചുവക്കും നാക്കുമായ്
ചുറ്റിപ്പിണഞ്ഞൊരാ സര്‍പ്പത്തിന്‍ നടുവില്‍
കവലയില്‍ നിന്നും കറങ്ങിയാടുമ്പോള്‍
ക്ഷീരപഥങ്ങള്‍ കറങ്ങുന്നു കണ്ടു ഞാന്‍ .
ഇന്നെന്റെ ബോധത്തില്‍ വന്നു നീ നില്‍ക്കുന്നു
. ഭാവഭേദങ്ങളില്ലാത്തൊരു സത്യമായ്
കനിവിന്റെയുള്ളില്‍ കനിവാണെന്റെമ്മ
ഉണ്ടുവെട്ടിയിലായ് കുടികൊള്ളും അമ്മ.
ഇരട്ട മുടികള്‍ ചുവടുകള്‍ വയ്ക്കുമ്പോള്‍
ചുറ്റിലുമരയാല്‍ കുടചൂടി നില്‍ക്കും
സൂര്യപ്രഭപോല്‍ നിന്‍ ദര്‍ശന സായൂജ്യം
ആയിരമാനന്ദ ഹര്‍ഷ പുളകങ്ങള്‍
കൊടിയിറക്കം നടത്തുന്ന നാളുകള്‍
ആത്മാവില്‍ നിന്നും കൊഴിഞ്ഞു വീഴും ജന്മ
സുകൃതത്തിനായുസ്സില്‍ ഒരു പുഷ്പദളം !
ആരോര്‍ക്കുന്നീ കര്‍മ്മ മണ്ഡല കര്‍ത്തവ്യം. ?
കാലമേ പ്രകൃതിയെ നീ യൊരത്ഭുതം !
നീയൊരുക്കുന്നൊരുത്സവ വേദിയില്‍ നമ്മള്‍
കഥയറിഞ്ഞുമറിയാതെയു മാടി
സ്മൃതിയില്‍ ലയിക്കും അര്‍ച്ചനാ പുഷ്പങ്ങള്‍ !
കാലമേ നീ കരുതിവെച്ചൊ രാചാരം
മാലോകരെല്ലാര്‍ക്കു മാനന്ദമേകട്ടേ!
സത്യം സമത്വമീ മണ്ണില്‍ വളരട്ടേ!
നിത്യം നമിക്കുവാന്‍ ദേവി ഉണര്‍ത്തട്ടേ!











