LIMA WORLD LIBRARY

അര്‍ദ്ധനാരി-ഗിരിജാവാര്യര്‍

അറവാണിപ്പുതുനാരിയായിടും
ഹൃദയക്കോവിലിനന്തികത്തഹോ!
കടകം, കണ്‍മഷി, മുത്തുമാലകള്‍
ചിതറീ, നീള്‍മിഴിനീരുപോലവേ!

അരികേ ചന്ദനഗന്ധമോലുമാ –
നറുപൂഞ്ചേലയിലിറ്റുവീണിടും
ചുടുനിശ്വാസകണങ്ങളേറ്റുടന്‍
വിളറീ ഭൂവിലെ സസ്യജാലവും!

ഒരുരാത്രിക്കുവിധിച്ചു ധന്യമാ-
മൊളിചിന്നുന്നൊരു കാന്തലബ്ധിയും
പിറകേ, കാളിമയേറ്റിടാന്‍ സദാ
വിധവാദുഃഖവുമെന്തിനേകി നീ?

ഇരുളിന്‍ പാമ്പിനെയാട്ടിമാറ്റിയാ-
മുകിലില്‍ അമ്പിളി പാല്‍ ചുരത്തവേ
നെടുമംഗല്യമതേറ്റുവാങ്ങിടും
വധുവിന്‍മോഹനനിത്യകാമന!

പുലരുംവേള കവര്‍ന്നെടുത്തിടും
ഹൃദയാഹ്ലാദമതൊക്കെയെങ്കിലും
അഴലേശാതെയണിഞ്ഞു സുസ്മിതം
അഴകേ! നീയൊരു പൂര്‍ണ്ണനാരിയായ്!

വധുവിന്‍ ലജ്ജയില്‍പൂത്തമോഹമായ്
ഗഗനേ കണ്ണിമപൂട്ടി താരകം
നിറതിങ്കള്‍ക്കലപോലെ ശോഭിതം
പുതുമംഗല്യമണിഞ്ഞ രാത്രിയും!

മരണത്തിന്‍മണമുണ്ടു മുമ്പിലാ-
യൊഴുകും ശോകസരസ്സില്‍ മുങ്ങവേ
‘ഹിജഡേ ‘യീ വിളി കൂര്‍ത്ത മുള്ളുകള്‍
വിതറുന്നുണ്ടതിഘോരമായുടന്‍!

കരുതേണം, തവ സ്‌നേഹലാളനം
നുകരാന്‍ വെമ്പിവിതുമ്പി നില്‍ക്കുവോള്‍
മനുജാ, നിന്നുടെയര്‍ദ്ധഭാഗമായ്
വിധിപൂര്‍വ്വംവരുമെന്നുമോര്‍ത്തിടൂ!

വരുമോ, ശാരദസന്ധ്യ വീണ്ടുമീ
ഹതഭാഗ്യയ്ക്കു വെളിച്ചമേകുവാന്‍!
നിറയും കാളിമമാറ്റി ദേവ, നീ
കനിവോടൊന്നിനി ചേര്‍ത്തണച്ചിടൂ!

മിഴിവോലും പുതുവേഷഭൂഷകള്‍
മിഴിനീര്‍ത്തെല്ലു കുതിര്‍ന്നു പോയിതോ!
ബലിപീഠത്തിലമര്‍ന്ന നാഥനായ്
ബലിയായ്മാറിയൊരര്‍ദ്ധനാരി ഞാന്‍!

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px