കാലിടറാത്ത കുട്ടിയെപ്പോലെ
കാലം നടന്നു പോകുമ്പോള്‍ .
ഞൊണ്ടിക്കാലുകളില്‍
ഞൊണ്ടിപ്പിടഞ്ഞ്
കൂടെയെത്താന്‍
പാട് പെട്ട് നമ്മള്‍ !
കുതിപ്പിന്റെ സ്വപ്നങ്ങള്‍
കുതിരകളായി
കൂടെ വന്നപ്പോള്‍
നീതി ശാസ്ത്രങ്ങളുടെ
ചാട്ടവാറുകളില്‍
നിന്റെ ചര്‍മ്മം
നിലവിളിച്ചിരുന്നു.
വഴിയോരങ്ങള്‍ വീണ്ടെടുത്ത
വിയര്‍പ്പു മണികള്‍
ഉപേക്ഷിച്ച്
വീഴ്ചയുടെ വിഹ്വലതകളില്‍
വികലാംഗരായി
വിലാപ യാത്ര !
ഇന്നലെകളെ ചവിട്ടി മെതിച്ച
ഇന്നിന്റെ വിരിമാരിലൂടെ
ഇല്ലാത്ത നാളെയിലേക്കുള്ള
ഈ യാത്രയില്‍
പല്ല് കൊഴിഞ്ഞ
സിംഹങ്ങളെപ്പോലെ
പട്ടിണിക്കോലങ്ങള്‍
വീണു പോകുന്നു !
എത്തിച്ചേരാന്‍ എളുപ്പമല്ലാത്ത
ചക്രവാളങ്ങള്‍
ദൂരെ നില്‍ക്കുമ്പോള്‍
മിഥ്യകളുടെ വിലാപ യാത്രികര്‍
ലക്ഷ്യം കാണാതെ
തിരിച്ചു പോകുന്നു !
മണ്ണിലേക്ക്, മനസ്സിലേക്ക്
അദ്വൈത സത്തയായി
അപഗ്രഥിച്ച്
ഇവയെ ചേര്‍ത്ത് വച്ച
ആദി ശങ്കര ചിന്തയിലെ
പ്രപഞ്ചത്തിലേക്ക് !











