കവടികൊണ്ട് വല നെയ്ത്
കാത്തിരിക്കുന്ന ജ്യോല്‍സ്യന്‍.
മുന്നിലേക്ക് കൈകള്‍ കൂപ്പി,
ഈശ്വരനെ കണ്ടെത്തി എന്നമട്ടില്‍ രണ്ടാള്‍.
വാതിലിനരുകില്‍ വായ തുറന്ന് നില്‍ക്കുന്ന
കോണ്‍ക്രീറ്റ് പുലിയുടെ
പല്ലെണ്ണുന്ന ആണ്‍കുഞ്ഞ്.
പരിഹാരം വേണമെന്ന കൈക്രിയയില്‍
നിലത്തെ തടുക്കിലേക്ക് കൈകുത്തിയിരുന്ന്,
ദക്ഷിണ ആരാഞ്ഞ്
ചമ്രം പണഞ്ഞിരുന്നൊരുത്തി.
ഏതെടുത്താലും അഞ്ഞൂറ് എന്ന മട്ടില്‍
സംഖ്യ പറഞ്ഞയാള്‍, നില്‍ക്കുന്നവനെ നോക്കി.
മുന്‍പ് വന്നിട്ടുണ്ട്,
സ്വത്ത് കിട്ടാന്‍, വീട് വെയ്ക്കാന്‍,
കല്യാണം നടക്കാന്‍, പിന്നെ കൊച്ചുണ്ടാകാനും.
ഇതിനെല്ലാം കാരണം അങ്ങാണന്നയാള്‍
തോളുതാഴ്ത്തി വിധേയപ്പെട്ടു പറഞ്ഞു.
ജ്യോല്‍സ്യന്‍ ആണ്‍കുഞ്ഞിലേക്ക്
മിഴിയനക്കി ഊറിച്ചിരിച്ചു.
ഏറ്റവും ഒടുവില്‍ ഒരുലക്ഷം മുടക്കി
സര്‍പ്പങ്ങളെ തോല്‍പ്പിച്ചതും
എന്ന് ഇരിക്കുന്നവര്‍ കൂട്ടിച്ചേര്‍ത്തു.
സര്‍പ്പപ്പൂജക്ക് പതിനായിരമേയുള്ളല്ലോ
എന്ന് ചോദിച്ചു തീരും മുന്‍പ്
കൊല്ലാന്‍ കഴിയുമോയെന്ന്,
ചോദ്യം കേള്‍ക്കാത്ത മട്ടില്‍ അവന്‍.
കൊല്ലണമെന്നുതന്നെ ഉറപ്പിക്കുന്ന പോലെ,
എനിക്ക് ജീവിക്കണം ജോത്സ്യരേ
എന്ന് നേരിയതിന്റെ കോന്തലയില്‍
താടി അമര്‍ത്തി അവരും കേണു.
പൂജ വീണ്ടും വേണം,
നേരിട്ടുള്ള കൊല ഞങ്ങള്‍ക്ക് പറ്റില്ല.
വാതിലില്‍ നിന്ന ആണ്‍കുഞ്ഞ് അപ്പൂപ്പാ
എന്ന് വിളിച്ച് ജ്യോല്‍സ്യനെത്തട്ടി കുറുകെച്ചാടി.
ചാവേണ്ടവന്റെ രൂപം ഉണ്ടാക്കി
നിറമുള്ള വെള്ളത്തില്‍ മുക്കി.
അഗ്‌നിയൊരുക്കി കളം വരച്ചു,
ഓട്ടുവിളക്ക് പുതിയതൊന്നും വാങ്ങി.
അമ്പതിനായിരത്തിന്റെ ചീട്ടു നല്‍കി,
രണ്ടായിരത്തിന്റെ പൂജാദ്രവ്യങ്ങളിലേക്ക്
ഒപ്പമുണ്ടായിരുന്നവന്‍ വിരല്‍ ചൂണ്ടി.
മന്ത്രങ്ങള്‍ ഉയര്‍ന്നു,
പ്രാര്‍ത്ഥനകള്‍ അണപൊട്ടി,
കൊല ചെയ്യപ്പെടേണ്ടവരുടെ
ആള്‍രൂപങ്ങള്‍ ഉടയാന്‍ തുടങ്ങവേ,
ആണ്‍കുഞ്ഞ് കൈരണ്ടും ചേര്‍ത്ത്കൂപ്പി
ഉറക്കെ കരഞ്ഞു
‘ദൈവമേ എന്റെ അച്ഛന്‍ ചത്തുപോകണമേ…
എന്നേ പേടിപ്പിക്കുന്ന, എന്റമ്മയെ തല്ലുന്ന
എനിക്കിഷ്ടമല്ലാത്ത,എന്റെയച്ഛനങ്ങ്
ചത്തുപോകണമേ…
About The Author
No related posts.